ജീവനക്കാര്‍ ആരുമുണ്ടായില്ല ; ആശുപത്രി അടച്ചുപൂട്ടണമെന്ന് നാട്ടുകാര്‍
02.03.2009
പെരുമ്പാവൂറ്‍:രണ്ടുവര്‍ഷം മുമ്പ് ആരോഗ്യ വകുപ്പുമന്ത്രി മാതൃക ആശുപത്രിയായി പ്രഖ്യാപിച്ച വെങ്ങോല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ ബാലികയ്ക്ക് ജീവനക്കാര്‍ ആരുമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങി. പ്രകോപിതരായി തടിച്ചുകൂടിയ നാട്ടുകാര്‍ ആശുപത്രി അടച്ചുപൂട്ടാനൊരുങ്ങി.
ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. ഓണംകുളം പിങ്കിമലയില്‍ അനിലിണ്റ്റെ മകള്‍ അമ്മു (8) വിനാണ് ചികിത്സ ലഭിയ്ക്കാത്തത്. പനിയും ശ്വാസം മുട്ടലുമുള്ള അമ്മുവിനെ ഈ ആശുപത്രിയിലെ ഡോ.രാധാകൃഷ്ണനാണ് ചികിത്സിച്ചിരുന്നത്. താലൂക്ക് ആശുപത്രിയില്‍ കൂടി ചുമതലയുള്ള ഡോക്ടറെ അമ്മുവിണ്റ്റെ രക്ഷിതാക്കള്‍ പെരുമ്പാവൂരിലുള്ള വീട്ടില്‍ കൊണ്ടുചെന്നാണ് കാണിച്ചത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ആവികൊള്ളിയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ ഒരു വാച്ചര്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്. തൊട്ടടുത്ത് താമസിയ്ക്കുന്ന നഴ്സിനെ വീട്ടില്‍ ചെന്ന് വിളിച്ചെങ്കിലും ഡ്യൂട്ടികഴിഞ്ഞതിനാല്‍ എത്താനാവില്ലെന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ഇവിടെ തടിച്ചുകൂടിയത്. ആശുപത്രി ബലമായി മറ്റൊരു താഴുപയോഗിച്ച് പൂട്ടാന്‍ തീരുമാനിച്ചെങ്കിലും അകത്ത് രോഗികള്‍ ഉള്ളതിനാല്‍ അത് ചെയ്തില്ല. മെഡിയ്ക്കല്‍ ഓഫീസര്‍ ഡോ.സുഹിത എത്തി കുട്ടിയക്ക് ചികിത്സ നല്‍കിയ ശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞത്. പെരുമ്പാവൂറ്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.
ആറു ഡോക്ടര്‍മാരുടെ തസ്തികയുള്ള ഈ ആതുരാലയത്തില്‍ ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും നാലു നഴ്സുമാരുമാണുള്ളത്. അതില്‍ ഒരു നഴ്സ് ട്രെയിനിങ്ങിന് പോയതും മറ്റൊരാള്‍ സ്ഥലം മാറിപ്പോയതുമാണ് പ്രശ്നമായതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. അടുത്തിടെ ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ഈ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ എന്‍.എച്ച്.ആര്‍.എം ഫണ്ടില്‍ നിന്ന് ഇവിടേയ്ക്ക് ഒരു കോടി രൂപ ധനസഹായമായി അനുവദിച്ചു. ഇതില്‍ ഇരുപതു ലക്ഷം ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇത് കാര്യക്ഷമമായല്ല ഉപയോഗിച്ചതെന്ന് മുന്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം ശിവന്‍ കദളി ചൂണ്ടിക്കാട്ടി.
നിരവധി രോഗികളെ കിടത്തി ചികിത്സിയ്ക്കാന്‍ സൌകര്യമുള്ള ആശുപത്രിയിലാണ് ജീവനക്കാര്‍ ആരുമില്ലാത്തതിനാല്‍ ചികിത്സ മുടങ്ങിയത്. സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ മുമ്പ് ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത് പനി മരണം സംഭവിച്ചത് വാര്‍ത്തയായിരുന്നു. ആശുപത്രിയുടെ ദയനീയാവസ്ഥയെ പറ്റി നിരന്തരം പത്രവാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് മുമ്പ് അമൃത ആശുപത്രിയില്‍ നിന്നും മറ്റും താത്കാലികമായി രണ്ടു ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഇവിടെയുണ്ടായിരുന്ന ആംബുലന്‍സ് ആഴ്ചകളായി ആലുവ താലൂക്ക് ആശുപത്രിയിലേയക്ക് മാറ്റിയതും വിവാദമായിരുന്നു.
No comments:
Post a Comment