Tuesday, June 30, 2009

ജനജീവിതം ദുസ്സഹമാക്കിയ പകലോമറ്റത്തെ ക്രഷറുകള്‍ക്ക്‌ നിരോധനം




28.02.2009

പെരുമ്പാവൂറ്‍: ജനജീവിതം ദുസ്സഹമാക്കി കീഴ്മാട്‌ ഗ്രാമപഞ്ചായത്തിലെ പകലോമറ്റത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന മെറ്റല്‍ ക്രഷറുകള്‍ക്ക്‌ നിരോധനം.

ആലുവ-പെരുമ്പാവൂറ്‍ കെ.എസ്‌.ആര്‍.ടി.സി റോഡില്‍ നിന്ന്‌ പൊന്നാട്ട്‌ കവലയിലേയ്ക്കുള്ള വീതി കുറഞ്ഞ എസ്റ്റേറ്റ്‌ റോഡിനിരുവശത്തുമായി പ്രവര്‍ത്തിയക്കുന്ന രണ്ടു മെറ്റല്‍ ക്രഷറുകളുടെ പ്രവര്‍ത്തനമാണ്‌ ജില്ലാകളക്ടര്‍ തടഞ്ഞത്‌. കെ.എം പക്കുവിണ്റ്റെ ഉടമസ്ഥതയിലുള്ള കടവില്‍ എണ്റ്റര്‍പ്രൈസസ്‌, ടി.കെ അഹമ്മദ്‌ ഷെറിഫിണ്റ്റെ ഉടമസ്ഥതയിലുള്ള പുത്തന്‍പുര ഗ്രാനൈറ്റ്‌ എന്നി സ്ഥാപനങ്ങളാണ്‌ ഇവ. രണ്ടുസ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടര്‍ക്ക്‌ വേണ്ടി ഡപ്യൂട്ടി കളക്ടര്‍ എസ്‌.ഷാനവാസാണ്‌ കീഴ്മാട്‌ ഗ്രാമപഞ്ചായത്തിനോട്‌ രേഖാ മൂലം ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌.

മലിനീകരണ നിയന്ത്രണ ബോര്‍ഡിണ്റ്റെ നിബന്ധനകള്‍ കാറ്റില്‍പറത്തി പാറപൊട്ടിയ്ക്കുന്ന ക്രഷറും സിമണ്റ്റ്‌ ഹോളോബ്രിക്സ്‌ യൂണിറ്റും രാപ്പകല്‍ പ്രവര്‍ത്തിയ്ക്കുന്നതു മൂലം പൊടിശല്യവും ശബ്ദമലിനീകരണവും ഇവിടെ രൂക്ഷമായിരുന്നു. മുന്നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മോസ്കോ കോളനിയില്‍ ക്രഷറില്‍ നിന്നുള്ള പാറപ്പൊടി കൊണ്ടുവന്ന്‌ തള്ളുന്നതും പതിവായിരുന്നു. പരിസരവാസികള്‍ക്ക്‌ അലര്‍ജി, ആസ്ത്മ, ചെവി അടയ്ക്കല്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു. ശബ്ദശല്യം മൂലം വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിയ്ക്കാനോ, പരിസരവാസികള്‍ക്ക്‌ രാത്രി സ്വസ്ഥമായി കിടന്ന്‌ ഉറങ്ങാനോ കഴിയുമായിരുന്നില്ല. ചെറിയ മോട്ടോറില്‍ പ്രവര്‍ത്തിയ്ക്കുന്നതായി അധികാരികളെ തെറ്റിദ്ധരിപ്പിച്ച്‌ വന്‍കുതിരശക്തിയുള്ള മോട്ടോറുകളാണ്‌ ഇവിടെ പ്രവര്‍ത്തിപ്പിയ്ക്കുന്നതെന്നും പരാതിയുണ്ടായിരുന്നു.

ചാലയ്ക്കല്‍ തെക്കും ഭാഗം നിവാസികള്‍ പകലോമറ്റം ബസ്സ്്റ്റോപ്പിലേയ്ക്കും പെരിയാറില്‍ ഗ്രാമപഞ്ചായത്ത്‌ നിര്‍മ്മിച്ച കുളിക്കടവുകളിലേയ്ക്കും പോകുന്ന എസ്റ്റേറ്റ്‌ റോഡിലൂടെ വ്യവസായങ്ങള്‍ക്കുള്ള വലിയ വണ്ടികള്‍ ഓടിയതും പ്രശ്നമായി. രാവും പകലുമുള്ള ടിപ്പര്‍ ലോറികളുടെ മത്സര ഓട്ടം മൂലം പരിസരവാസികള്‍ക്ക്‌ മാത്രം ഉപയോഗിയ്ക്കാനായി നിര്‍മ്മിച്ച ഈ റോഡ്‌ പൂര്‍ണമായി തകര്‍ന്നു. ഈ വഴിയ്ക്ക്‌ ഓട്ടോകള്‍ പോലും വരാത്ത സ്ഥിതിയായി. മൂന്നു മീറ്ററില്‍ താഴെ മാത്രം വീതിയുള്ള ഈ റോഡിലൂടെ ടിപ്പറുകള്‍ മരണപാച്ചില്‍ നടത്തുന്നതിനാല്‍ കാല്‍നട യാത്രപോലും ദുഷ്കരമായി. ഇതിനു പുറമെ ടിപ്പര്‍ കയറിയിറങ്ങി കോലോത്തുചിറയുടെ സംരക്ഷണ ഭിത്തിയും കലുങ്കും മാത്രമല്ല, വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ്‌ ലൈനുകളും പൊട്ടിപ്പോകുന്നതും പതിവായി.

ഇക്കാര്യങ്ങള്‍ മംഗളം മുമ്പ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നിയമങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിയക്കുന്ന ക്രഷറുകളുടെ പ്രവര്‍ത്തനം നിരോധിയ്ക്കണം എന്ന ആവശ്യവുമായി നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ നല്‍കിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ്‌ നടപടി.

No comments: