Monday, March 29, 2010

പെരുമ്പാവൂരില്‍ മൂന്നാമൂഴം; മിനിജോഷി നഗരസഭ ചെയര്‍പേഴ്സണ്‍


മംഗളം 23.02.2010

പെരുമ്പാവൂറ്‍: നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണായി പതിനേഴാം വാര്‍ഡ്‌ കൌണ്‍സിലര്‍ ആയ കോണ്‍ഗ്രസ്‌ (ഐ)യുടെ മിനി ജോഷി തെരെഞ്ഞെടുക്കപ്പെട്ടു. ഈ ഭരണസമിതിയുടെ കാലയളവില്‍ അവസാന ഊഴമായാണ്‌ മിനിക്ക്‌ അദ്ധ്യക്ഷ പദവി ലഭിച്ചത്‌.

ഇന്നലെ രാവിലെ പതിനൊന്നിന്‌ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ്ജിണ്റ്റെ മേല്‍നോട്ടത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ യു.ഡി.ഫ്‌ പ്രതിനിധിയായ മിനി ജോഷി പന്ത്രണ്ട്‌ വോട്ടുകളും എല്‍.ഡി.എഫിണ്റ്റെ സാവിത്രി നമ്പ്യാര്‍ എട്ടു വോട്ടുകളും നേടി. നഗരസഭ ഭരണസമിതിയില്‍ ആകെ ഇരുപത്തിനാലു സീറ്റുകളാണ്‌ ഉള്ളത്‌. എല്‍.ഡി.എഫിന്‌ ഇതില്‍ 10 സീറ്റുകള്‍ ഉണ്ടെങ്കിലും പ്രധാന ഘടകകക്ഷിയായ സി.പി.ഐ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നതിനാല്‍ മിനിജോഷിയുടെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. സി.പി.ഐ അംഗങ്ങളായ ജയ അരുണ്‍ കുമാറിനും മഞ്ജുകൃഷ്ണനും പുറമെ പി.ഡി.പിയുടെ പി.ഇ നസീറും സ്വതന്ത്രനായ ഇ.എസ്‌ സുഗുണനും വോട്ടടെടുപ്പില്‍ നിന്ന്‌ വിട്ടു നിന്നു.

സി.പി.എം - സി.പി.ഐ ചേരിപ്പോരാണ്‌ എല്‍.ഡി.എഫില്‍ വിളളല്‍ വീഴ്ത്തിയത്‌. സി.പി.എം ഏകകക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും തങ്ങള്‍ക്ക്‌ നല്‍കേണ്ട ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നുവെന്നുമാണ്‌ സി.പി.ഐയുടെ ആക്ഷേപം. അതേസമയം കേവലം രണ്ട്‌ അംഗങ്ങള്‍ മാത്രമുള്ള സി പി ഐയ്ക്ക്‌ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാന്‍ കഴിയില്ലെന്നും, അതിണ്റ്റെ പേരില്‍ സി പി ഐ യു ഡി എഫിനെ സഹായിച്ചത്‌ അംഗീകരിയ്ക്കാനാവില്ലെന്നും സി പി എം കൌണ്‍സിലര്‍മാര്‍ പറയുന്നു. അവിശ്വാസത്തിലൂടെ പുറത്തുപോയ വൈസ്‌ ചെയര്‍മാന്‍ ഇ.എസ്‌ സുഗുണന്‍ ഇരുപക്ഷത്തോടും അകലം പാലിച്ചു വരികയാണ്‌. പി.ഡി.പിയുടെ നസീര്‍ ഭരണത്തിണ്റ്റെ തുടക്കത്തില്‍ യു.ഡി.എഫ്‌ ചേരിയില്‍ ആയിരുന്നെങ്കിലും പിന്നീട്‌ ചാഞ്ചാട്ടത്തിലാണ്‌. എല്‍.ഡി.എഫിലേക്ക്‌ കളം മാറി ചവിട്ടിയ പി.ഡി.പി നാളുകള്‍ക്ക്‌ മുമ്പ്‌ നടന്ന വൈസ്‌ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫിനൊപ്പം ചേര്‍ന്നിരുന്നു. ഇക്കുറി വോട്ടെടുപ്പില്‍ നിന്ന്‌ മാറിനില്‍ക്കുകയും ചെയ്തു.

പെരുമ്പാവൂരില്‍ ഈ ഭരണ സമിതി അധികാരമേല്‍ക്കുമ്പോള്‍ ഡോ.ഫാത്തിമാ ബീവിയായിരുന്നു ചെയര്‍പേഴ്സണ്‍. അവസാനത്തെ പതിനഞ്ചു മാസങ്ങള്‍ വീതം യു.ഡി.എഫ്‌ കൌണ്‍സിലര്‍മാരായ വി.കെ ഐഷക്കും മിനിജോഷിക്കും ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കുമെന്നായിരുന്നു ധാരണ. എന്നാല്‍ മൂന്നാമൂഴക്കാരിയായ മിനിജോഷിക്ക്‌ യഥാസമയം ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാന്‍ യു.ഡി.എഫ്‌ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന്‌ എസ്‌.എന്‍.ഡി.പിയും പാര്‍ട്ടി മേല്‍ഘടകങ്ങളും ഇടപെട്ടിരുന്നു. ഒടുവില്‍ മിനിജോഷിക്ക്‌ അവസരം കിട്ടിയെങ്കിലും ഏഴുമാസങ്ങള്‍ മാത്രം അധികാരത്തിലിരിക്കാനെ ഇവര്‍ക്ക്‌ കഴിയൂ.

പ്രശസ്ത കഥാകൃത്തായിരുന്ന പരേതനായ കെ.എം ജോഷിയുടെ ഭാര്യയാണ്‌ മിനി. മക്കള്‍: റോഹന്‍ കെ ജോഷി, ശ്രീലക്ഷ്മി പടം ഉണ്ട്‌ അടിക്കുറിപ്പ്‌ മിനി ജോഷി

തലപുഞ്ച ക്ഷേത്രം സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേവസ്വം ബോര്‍ഡിന്‌ നിവേദനം

മംഗളം 22.02.2010
അനധികൃത പാറമടകള്‍
പെരുമ്പാവൂറ്‍: അനധികൃത പാറമടകളില്‍ നിന്ന്‌ തലപുഞ്ച മഹാദേവ ക്ഷേത്രത്തെ സംരക്ഷിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡിന്‌ നിവേദനം നല്‍കി.
ക്ഷേത്രത്തിണ്റ്റെ കിഴക്കുവശത്തുള്ള രണ്ടു പാറമടകള്‍ ഭക്തജനങ്ങള്‍ക്ക്‌ ഭീഷണിയാണെന്നു കാട്ടി കൊച്ചി ദേവസ്വം ബോര്‍ഡിനാണ്‌ നിവേദനം നല്‍കിയിട്ടുള്ളത്‌. അമ്പലകമ്മിറ്റിയുടെ നിലവിലുള്ള ഭാരവാഹികളും മുന്‍ ഭാരവാഹികളും ഉള്‍പ്പെടെ അറുപതോളം ഭക്തജനങ്ങള്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്‌. പാറമടയില്‍ നിന്ന്‌ ക്ഷേത്രവളപ്പിലേക്ക്‌ പാറക്കല്ലുകള്‍ തെറിച്ചുവീഴുന്നതായാണ്‌ പരാതി. ഇതു മൂലം ക്ഷേത്രത്തിനും ക്ഷേത്രവളപ്പില്‍ നട്ടുപിടിപ്പിച്ചിട്ടുള്ള തേക്കുമരം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ക്കും നാശം സംഭവിക്കുന്നു. തൊഴാനെത്തുന്ന ഭക്തജനങ്ങളുടെ ജീവനും പാറമട ഭീഷണിയാണ്‌. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന്‌ പാറമടകളുടെ പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്‌.2006ല്‍ ഇതേപോലെ നിര്‍ത്തിവെച്ച പാറമടയുടെ പ്രവര്‍ത്തനം നാട്ടുകാരുടെ ശ്രദ്ധ തെറ്റിയപ്പോള്‍ പുനരാംഭിക്കുകയായിരുന്നു. പാറമടയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ഇടപെടണമെന്നാണ്‌ ഭക്തജനങ്ങളുടെ ആവശ്യം.

പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

മംഗളം 22.02.2010
സി.പി. ഐ വിട്ടുനില്‍ക്കും
പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. എല്‍.ഡി.എഫിണ്റ്റെ പ്രധാന ഘടകകക്ഷിയായ സി പി ഐ തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.
ഇന്ന്‌ രാവിലെ പതിനൊന്നിന്‌ യു.ഡി.എഫിണ്റ്റെ മിനി ജോഷിയും എല്‍.ഡി.എഫിണ്റ്റെ സാവിത്രി നമ്പ്യാരും തമ്മിലാണ്‌ മത്സരം. നഗരസഭയിലുള്ള ആകെയുള്ള ഇരുപത്തിനാലു സീറ്റുകളില്‍ യു ഡി എഫിന്‌ പന്ത്രണ്ടും എല്‍.ഡി.എഫിന്‌ പത്തു സീറ്റുകളുമാണ്‌ ഉള്ളത്‌. ഇതിനു പുറമെ ഒരു സ്വതന്ത്രനും ഒരു പി ഡി പി അംഗവുമുണ്ട്‌. ഇതില്‍ പി ഡി പി അംഗമായ പി ഇ നസീര്‍ യു ഡി എഫിന്‌ പിന്തുണ കൊടുക്കുമെന്നറിയുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ഇ എസ്‌ സുഗുണന്‍ ഇരുപക്ഷത്തേയും പിന്തുണയ്ക്കാനിടയില്ല. ഇതിനു പുറമെ സി പി ഐ വിട്ടു നില്‍ക്കുക കൂടി ചെയ്യുന്നതോടെ മിനി ജോഷി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയേക്കും.
സി പി എമ്മിണ്റ്റെ ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള പ്രതിഷേധമെന്ന നിലയിലാണ്‌ സി പി ഐ, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‌ മാറി നില്‍ക്കുന്നതെന്ന്‌ ടൌണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍ അനില്‍ കുമാര്‍ അറിയിച്ചു. മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും സി പി എം തീരുമാനങ്ങള്‍ സി പി ഐയ്ക്ക്‌ മേല്‍ അടിച്ചേല്‍പ്പിച്ചതിനാലാണ്‌ മുന്നണി ബന്ധം തകരാറായത്‌. മുമ്പ്‌ വൈസ്‌ ചെയര്‍മാനെതിരെയുള്ള അവിശ്വാസപ്രമേയം വോട്ടിനിട്ടപ്പോഴും, പിന്നീട്‌ തെരഞ്ഞെടുപ്പ്‌ നടന്നപ്പോഴും സി പി എമ്മും സി പി ഐയും രണ്ടു തട്ടിലായിരുന്നു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം അവസാനത്തെ പതിനഞ്ചു മാസം മിനി ജോഷിയ്ക്ക്‌ നല്‍കുമെന്നായിരുന്നു യു ഡി എഫ്്‌ ധാരണ. എന്നാല്‍, അധികാരത്തിലുണ്ടായിരുന്ന വി കെ ഐഷ മുന്‍ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞഞ്ഞ്‌ ഏഴുമാസത്തിനു ശേഷമാണ്‌ രാജിവച്ചത്‌. അതുകൊണ്ടു തന്നെ മിനി ജോഷിയ്ക്ക്‌ ചുരുങ്ങിയ കാലയളവു മാത്രമായിരിയ്ക്കും ലഭിയ്ക്കുക. രാവിലെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അനില ജോര്‍ജ്‌ വരണാധികാരിയായിരിയ്ക്കും.

ജയകേരളം ഗിരിഹരിജന്‍ കോളനി നടപ്പാതയുടെ നിര്‍മ്മാണം തുടങ്ങി

മംഗളം 22.02.2010
പെരുമ്പാവൂറ്‍: പുല്ലുവഴി ജയകേരളം ഗിരിഹരിജന്‍ കോളനി നടപ്പാതയുടെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ രാജപ്പന്‍.എസ.്തെയ്യാരത്ത്‌ നിര്‍വ്വഹിച്ചു. രായമംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ്പ്രസിഡണ്റ്റ്‌ ജോയി പൂണേലി അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.പി.പത്മകുമാര്‍, മെമ്പര്‍ ദേവസി ജോസഫ്‌, ജയകേരളം റെസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡണ്റ്റ്‌ ജി.കൃഷ്ണകുമാര്‍, ആര്‍.ശ്രീധരന്‍ കര്‍ത്ത തുടങ്ങിയവര്‍ പങ്കെടുത്തു. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്തുഫണ്ട്‌ നാലുലക്ഷത്തി എണ്‍പതിനായിരം രൂപ ഉപയോഗിച്ചാണ്‌ പാതയുടെ നിര്‍മ്മാണം. മുമ്പ്‌ ഒരുലക്ഷത്തി നാല്‍പതിനായിരം രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തിയാക്കിയിരുന്നു. 2010-11സാമ്പത്തിക വര്‍ഷം രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപ പാതയുടെ പൂര്‍ത്തീകരണത്തിനായി വകകൊള്ളിച്ചിട്ടുണ്ട്‌.

ആക്ഷന്‍കൌണ്‍സില്‍ രൂപീകരിച്ചു

മംഗളം 22.02.2010
പെരുമ്പാവൂറ്‍: മേതല-മുട്ടത്തുമുകള്‍ പ്രദേശത്ത്‌ ആരംഭിക്കാന്‍ പോകുന്ന പ്ളൈവുഡ്‌ ഫാക്ടറിക്കെതിരെ നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചു.
മണ്ണും വെള്ളവും പരിസ്ഥിതിയും വിഷമയമാക്കുന്ന നിര്‍ദ്ദിഷ്ടഫാക്ടറി ജനനിബിഡമായ പ്രദേശത്ത്‌ ആരംഭിക്കുന്നത്‌ എന്തു വിലകൊടുത്തും തടയുമെന്ന്‌ കെ.പി.ഗോപിനാഥമാരാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഭാരവാഹികളായി കെ.പി ഗോപിനാഥമാരാര്‍ കെ.ഐ തമ്പി, പി.പദ്മനാഭന്‍ (രക്ഷാധികാരികള്‍), കെ.രാകേഷ്‌ (പ്രസിഡണ്റ്റ്‌), എം.വി രാജേഷ്‌ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

കയ്യുത്ത്യാല്‍ സ്കൂളിനോടു ചേര്‍ന്ന്‌ പന്നി ഫാം; നാട്ടുകാര്‍ക്ക്‌ പ്രതിഷേധം

മംഗളം 20.02.2010
പെരുമ്പാവൂറ്‍: കയ്യുത്ത്യാല്‍ മേരിമാതാ എല്‍ പി സ്കൂളിന്‌ സമീപത്ത്‌ അനധികൃതമായി പ്രവര്‍ത്തിയ്ക്കുന്ന പന്നിഫാമിനെതിരെ നാട്ടുകാര്‍ക്ക്‌ പ്രതിഷേധം.
സ്കൂളില്‍ നിന്ന്‌ അമ്പതു മീറ്റര്‍ ദൂരം പോലും ഇല്ലാതെയാണ്‌ പന്നിഫാം പ്രവര്‍ത്തിയ്ക്കുന്നതെന്ന്‌ സംയുക്തസമരസമിതി ബന്ധപ്പെട്ടവര്‍ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. പന്നികള്‍ ഹോട്ടല്‍ മാലിന്യങ്ങളും മത്സ്യ മാംസ മാര്‍ക്കറ്റുകളിലെ അവശിഷ്ടങ്ങളുമാണ്‌ തീറ്റയായി കൊടുക്കുന്നത്‌. തീറ്റ കൊടുക്കുമ്പോഴുള്ള ദുര്‍ഗന്ധം മൂലം പലപ്പോഴും സ്കൂളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ ഛര്‍ദ്ദിയും തലകറക്കവും പതിവാണ്‌.
തൊട്ടടുത്തുള്ള പ്രേഷിത താരം കോണ്‍വെണ്റ്റിലെ കന്യാസ്ത്രീകള്‍ പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം മൂലം വാതിലും ജനാലയും തുറക്കാനാവാത്ത അവസ്ഥയിലാണ്‌. സുരക്ഷിതമായ കൂടില്ലാതെയാണ്‌ ഇവിടെ ഇരുപതോളം പന്നികളെ വളര്‍ത്തുന്നത്‌. പന്നിഫാമിലെ അവശിഷ്ടങ്ങള്‍ പക്ഷി മൃഗാദികള്‍ പരിസരവാസികളുടെ കിണറുകളിലും വീടിണ്റ്റെ ചുറ്റുപാടുകളിലും കൊത്തിവലിച്ചു കൊണ്ടുവന്നിടുന്നതും പതിവാണ്‌. ഐമുറി തിരുഹൃദയ ദേവാലയത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും മറ്റു വഴിയാത്രക്കാര്‍ക്കും പന്നിഫാമില്‍ നിന്നുള്ള ദുര്‍ഗന്ധം ബുദ്ധിമുട്ടുണ്ടാക്കുന്നു. പന്നിഫാമിണ്റ്റെ പ്രവര്‍ത്തനം മൂലം പകര്‍ച്ചവ്യാധികള്‍ക്ക്‌ സാദ്ധ്യതയുള്ളതായും നാട്ടുകാര്‍ പറയുന്നു. പന്നികളുടെ വിസര്‍ജ്ജ്യവും മറ്റും പഉരമ്പോക്കില്‍ ഒരു കൈത്തോടിനടുത്താണ്‌ നിക്ഷേപിയ്ക്കുന്നത്‌. ഈ തോട്‌ ഒഴുകിയെത്തുന്ന പാടശേഖരത്തിനടുത്ത്‌ പ്രവര്‍ത്തിയ്ക്കുന്ന വാട്ടര്‍ ബോട്ടിലിങ്ങ്‌ യൂണിറ്റ്‌ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും പരാതിയിലുണ്ട്‌.
ഗ്രാമപഞ്ചായത്തിണ്റ്റെ അനുമതിയില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന പന്നിഫാമിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്ന്‌ സമരസമിതി ഭാരവാഹികളായ ബാബു കെ വി, ജോജോ മാടന്തറ, ലിജോ കെ ഡി തുടങ്ങിയവര്‍ അറിയിച്ചു.

കൂവപ്പടി സ്വാശ്രയകാര്‍ഷിക സമിതി മന്ദിരത്തിണ്റ്റെ ഉദ്ഘാടനവും കാര്‍ഷിക സെമിനാറും

മംഗളം 19.02.10
പെരുമ്പാവൂറ്‍: കൂവപ്പടി സ്വാശ്രയകാര്‍ഷിക സമിതി മന്ദിരത്തിണ്റ്റെ ഉദ്ഘാടനവും കാര്‍ഷിക സെമിനാറും നാളെ നടക്കും. മന്ദിരത്തിണ്റ്റെ ഉദ്ഘാടനം കൃഷി വകുപ്പ്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ നിര്‍വ്വഹിക്കും. സാജു പോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
കാര്‍ഷികോപകരണങ്ങളുടെ വിതരണോദ്ഘാടനം കെ.പി.ധനപാലന്‍ എം പി നിര്‍വഹിക്കും. സമിതി മുന്‍പ്രസിഡണ്റ്റുമാരെ മുന്‍ കൃഷി വകുപ്പ്‌ മന്ത്രി പി.പി.തങ്കച്ചന്‍ ആദരിക്കും. വി.എഫ്‌.പി.സി.കെ സി.ഇ.ഒ എന്‍.വിജയന്‍ പദ്ധതി വിശദീകരണം നടത്തും .ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പി.എസ്‌ ഷൈല, കൂവപ്പടി ബ്ളോക്ക്‌ പഞ്ചയത്ത്‌ പ്രസിഡണ്റ്റ്‌ റ്റി.വി അനിത, കേരള ഫീഡ്സ്‌ ചെയര്‍മാന്‍ എസ്സ്‌.ശിവശങ്കരപ്പിള്ള, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിജി ശശി, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ബിനി ഡേവിഡ്‌, കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ രാജപ്പന്‍.എസ്‌.തെയ്യാരത്ത്‌, കൂവപ്പടി ബ്ളോക്ക്‌ പഞ്ചയത്ത്‌ മെമ്പര്‍മാരായ ബാബു ജോസഫ്‌, അഡ്വ. വര്‍ഗ്ഗീസ്‌ മൂലന്‍, കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാരായ വി.വൈ പൌലോസ്‌, ജാന്‍സി ജോര്‍ജ്‌, വി.എം ഷാജി, വിപിന്‍ കോട്ടക്കുടി, വി.എ ശിവരാജന്‍, കെ.പി ഭാസി, വി.എഫ്‌.പി.സി.കെ, പി.പി ഐ ഡയറക്ടര്‍ എ.കെ ശിവാനന്ദന്‍, അഗ്രികള്‍ച്ചര്‍ ജോയിണ്റ്റ്‌ ഡയറക്ടര്‍ എ.സി ഫിലിപ്പ്‌ , റിവോള്‍വിംഗ്‌ ട്രസ്റ്റ്‌ മെമ്പര്‍ ഷിജു പോള്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റണ്റ്റ്‌ ഡയറക്ടര്‍ എബി.കെ.വര്‍ഗ്ഗീസ്‌, കൂവപ്പടി കൃഷി ഓഫീസര്‍ റ്റി.എന്‍ ചെല്ലമ്മ, കൂവപ്പടി യു.ബി.ഐ മാനേജര്‍ ഗോപിനാഥകുറുപ്പ്‌, പി.എ.എ ഹാഷിം, മാനേജര്‍ ബിമല്‍ റോയി എസ്‌ , എസ്സ്‌ മഞ്ജുഷ എന്നിവര്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറിണ്റ്റെ ഉദ്ഘാടനം കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിജി ശശി നിര്‍വ്വഹിക്കും. സ്വാശ്രയ കര്‍ഷക സമിതി പ്രസിഡണ്റ്റ്‌ പി.വി സക്കറിയ അദ്ധ്യക്ഷത വഹിക്കും.
എ.കെ ശിവാന്ദന്‍ സെമിനാര്‍ മോഡറേറ്റര്‍ നിര്‍വ്വഹിക്കും. സംയോജിത രോഗ കീട നിയന്ത്രണം പഴം പച്ചക്കറികളില്‍ എന്ന വിഷയത്തെ കുറിച്ച്‌ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ജിം തോമസ്സ്‌, വി.എഫ്‌.പി.സി.കെ ജില്ലാ മാനേജര്‍ എസ്സ്‌. മഞ്ജുഷ, ട്രെയിനിംഗ്‌ അസിസ്റ്റണ്റ്റ്‌ മാനേജര്‍ ആര്‍.രാഖി എന്നിവര്‍ ക്ളസ്സെടുക്കും. സ്വാശ്രയ കര്‍ഷക സമിതി വൈസ്‌ പ്രസിഡണ്റ്റ്‌ കെ.ദിവാകരന്‍, വി.എഫ്‌.പി.സി.കെ അസിസ്റ്റണ്റ്റ്‌ മാനേജര്‍ ബിമല്‍ റോയ്‌ എന്നിവര്‍ പങ്കെടുക്കും.

വല്ലം പുത്തന്‍പാലത്തിനടുത്ത്‌ രാസമാലിന്യം തള്ളിയത്‌ നാട്ടുകാര്‍ തടഞ്ഞു

മംഗളം 18.02.10
പെരുമ്പാവൂറ്‍: വല്ലം പുത്തന്‍പാലത്തിന്‌ സമീപം രാസമാലിന്യം തള്ളിയത്‌ നാട്ടുകാര്‍ തടഞ്ഞു. പുത്തന്‍പാലത്തിനടുത്ത്‌ സ്വകാര്യവ്യക്തിയുടെ ഭൂമിയിലും തൊട്ടുചേര്‍ന്ന പുറമ്പോക്കിലുമാണ്‌ ഇന്നലെ രാസമാലിന്യം തള്ളിയത്‌.
ആലുവ എടയാറിലുള്ള ഒരു കമ്പനിയില്‍ നിന്ന്‌ കൊണ്ടുവന്ന മാലിന്യം തള്ളാന്‍ അനുമതി നല്‍കിയതിന്‌ പ്രതിഫലമായി ലോഡ്‌ ഒന്നിന്‌ മുന്നൂറു രൂപ വീതം സ്വകാര്യവ്യക്തി കൈപ്പറ്റിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുവഴി തൊട്ടുചേര്‍ന്ന പുറമ്പോക്ക്‌ നികത്തി തണ്റ്റെ ഭൂമിയോടു കൂട്ടിച്ചേര്‍ക്കുകയാണ്‌ ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു. വല്ലം പൌരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ്‌ രാസമാലിന്യം തള്ളുന്നത്‌ തടഞ്ഞത്‌. അതിനു മുമ്പ്‌ തന്നെ നിരവധി ലോഡുകള്‍ ഇവിടെ തള്ളിയിരുന്നു. തോടിനു സമീപം വിഷമാലിന്യം തള്ളിയതിനാല്‍ ദൂരെ പ്രദേശങ്ങളിലേയ്ക്ക്‌ പോലും ഇതിണ്റ്റെ ബുദ്ധിമുട്ടുണ്ടാവാനിടയുണ്ട്‌. പരിസര പ്രദേശങ്ങളിലെ കിണറുകളിലേയും കുളങ്ങളിലേയും വെള്ളത്തില്‍ വിഷാംശം കലര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു.
തള്ളിയ വിഷമാലിന്യം തിരിച്ചെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്ന്‌ പൌരസമിതി ഭാരവാഹികളായ കെ എം മീരാന്‍കുഞ്ഞ്‌, റസാക്ക്‌ ജാക്കി, ഷഫീഖ്‌ വല്ലം, അസീസ്‌, ഷാജഹാന്‍ സി പി എന്നിവര്‍ മുന്നറിയിപ്പ്‌ നല്‍കി. വില്ലേജ്‌ ഓഫീസര്‍, കൃഷി ഓഫീസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

ക്ഷേത്രത്തിലെത്തിയ സ്ത്രീയുടെ മാല കവര്‍ന്ന യുവാവ്‌ പിടിയില്‍


മംഗളം 17.02.10

പെരുമ്പാവൂറ്‍: വാഴക്കുളം പൊതിയില്‍ ക്ഷേത്രത്തില്‍ വെളുപ്പിന്‌ തൊഴാനെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത യുവാവ്‌ പോലീസ്‌ പിടിയിലായി.

പറവൂറ്‍ കൊങ്ങോര്‍പ്പിള്ളി ബാവേലി വീട്ടില്‍ ഫ്രാന്‍സിസിണ്റ്റെ മകന്‍ സോണി (32) ആണ്‌ പിടിയിലായത്‌. മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മാല വിറ്റുകിട്ടിയ പണം ഉപയോഗിച്ച്‌ മൂന്നാര്‍, കോഴിക്കോട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാളെന്ന്‌ പോലീസ്‌ പറയുന്നു. പിന്നീട്‌ കലൂരിലെ ഒരു ട്രാവല്‍സില്‍ റെക്സണ്‍ എന്ന പേരില്‍ ഡ്രൈവറായി ജോലിചെയ്യുന്നതിന്നിടയിലാണ്‌ പോലീസ്‌ പിടിയിലാകുന്നത്‌. സോണി വിറ്റ മാല പറവൂരിലെ ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്റ്റ്‌ ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി ഡി വിജയകുമാറിന്‌ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്‌ എസ്‌ ഐ ജയകുമാര്‍, എ എസ്‌ ഐ റെജി, ഷുക്കൂറ്‍, ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇയാളെ പിടികൂടിയത്‌.

വ്യവസായ യൂണിറ്റ്‌ തുടങ്ങുന്നതിനെതിരെ പ്രതിഷേധം

മംഗളം 17.02.10
പെരുമ്പാവൂറ്‍: രായമംഗലം ഗ്രാമപഞ്ചായത്ത്‌ കീഴില്ലം മേഖലയില്‍ തുടങ്ങുന്ന വ്യവസായ യൂണിറ്റിനെതിരെ സമീപവാസികള്‍ക്ക്‌ പ്രതിഷേധം.
കീഴില്ലം-കുറിച്ചിലക്കോട്‌ റോഡിനടുത്ത്‌ നവജീവന്‍കവലയ്ക്ക്‌ സമീപം തുടങ്ങുന്ന ആര്യ ഫുഡ്‌ പ്രൊഡക്ട്സിനെതിരെയാണ്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക്‌ പരാതി നല്‍കിയിരിയ്ക്കുന്നത്‌. സ്ഥാപനത്തില്‍ നിന്ന്‌ വരുന്ന പുകയും പൊടിയും പരിസരവാസികളുടെ സ്വൈര്യജീവിതത്തിന്‌ ഹാനികരമാണെന്ന്‌ പരാതിയില്‍പ്പറയുന്നു. പരാതി അവഗണിച്ച്‌ വ്യവസായ യൂണിറ്റിന്‌ അനുമതി നല്‍കിയാല്‍ സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ്‌ നാട്ടുകാരുടെ തീരുമാനം.