Thursday, May 31, 2012

ആ കൈപ്പുണ്യം ഇനി ഓര്‍മ


പെരുമ്പാവൂര്‍:പെരുമ്പാവൂര്‍ നിവാസികള്‍ക്ക് ഇനി ഗോപാലകൃഷ്ണന്‍ ചേട്ടന്റെ കൈപ്പുണ്യം അനുഭവിക്കാനാകില്ല. ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ പ്രധാന പ്രവര്‍ത്തകനും ശബരിമല തീര്‍ത്ഥാടകരുടെ പെരിയസ്വാമിയും പെരുമ്പാവൂരിലെ മികച്ച പാചകക്കാരനുമായിരുന്ന ഗോപാലകൃഷ്ണ പിള്ള വിടവാങ്ങി.

ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലേക്കു വരുമ്പോള്‍ എം.സി.റോഡില്‍ ഉണ്ടായ അപകടത്തിലാണ് മരണം. മൃതദേഹം തൃക്കളത്തൂരിലെ മകന്റെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ട്രാവന്‍കൂര്‍ റയോണ്‍സ് ജീവനക്കാരനായിരുന്ന ഗോപാലകൃഷ്ണപിള്ള ജോലിയില്‍ നിന്ന് വിരമിച്ചശേഷം പെരുമ്പാവൂര്‍ ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സക്രിയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 8 8കാരനായ അദ്ദേഹം കഴിഞ്ഞയാഴ്ച നടന്ന ടൗണ്‍ കരയോഗം തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. നെറ്റിയില്‍ വിഭൂതിയും കൈയില്‍ ഒരു ബാഗുമായി ടൗണില്‍ നിറസാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാരണവന്‍മാര്‍ മുതല്‍ യുവാക്കള്‍ വരെ ഗോപാലകൃഷ്ണപിള്ള സുഹൃദ്‌വലയത്തില്‍ ഉണ്ടായിരുന്നു.

പെരുമ്പാവൂര്‍ പ്രദേശത്ത് നടക്കുന്ന ഹൈന്ദവ വിവാഹങ്ങളില്‍ മികച്ച പാചകക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഓണക്കാലത്ത് എന്‍.എസ്.എസ്. കരയോഗം അംഗങ്ങള്‍ക്ക് നല്‍കുന്ന ഓണവിഭവങ്ങളിലും ഗോപാലകൃഷ്ണന്‍ ചേട്ടന്റെ സാന്നിധ്യം ഗൃഹാതുരത്വം ഉണര്‍ത്തി. അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാടില്‍ വേദനിക്കുകയാണ് നഗരം.

വ്യാഴാഴ്ച വൈകീട്ട് 7ന് ടൗണ്‍ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. 

മാതൃഭൂമി 31 May 2012

1 comment:

Cv Thankappan said...

ആദരാജ്ഞലികള്‍