Monday, November 12, 2007

നിര്യാതനായി

കുര്യാക്കോസ്‌ (64)
പെരുമ്പാവൂറ്‍: വേങ്ങൂറ്‍ കാക്കൂരാന്‍ കെ.പി കുര്യാക്കോസ്‌ (64) നിര്യാതനായി. സംസ്കാരം പിന്നീട്‌. ഭാര്യ: അമ്മിണി പാണിയേലി മാറാച്ചേരി കുടുംബം. മക്കള്‍: അനുജ (ആസ്ത്രേലിയ), എബി(മൈക്രോസോഫ്റ്റ്‌, ബാംഗ്ളൂറ്‍), മരുമക്കള്‍: എല്‍ദോസ്‌(ആസ്ത്രേലിയ),മീര (ബാംഗ്ളൂറ്‍).

നിര്യതനായി

വര്‍ക്കി വര്‍ഗീസ്‌ (84)
പെരുമ്പാവൂറ്‍: ഓടയ്ക്കാലി പരത്തുവയലില്‍ വര്‍ക്കി വര്‍ഗീസ്‌ (84) നിര്യാതനായി. സംസ്കാരം ഓടയ്ക്കാലി മര്‍ത്തമറിയം പള്ളിയില്‍. ഭാര്യ-കീച്ചേരി മറിയാമ്മ. മക്കള്‍-ബേബി, പൌലോസ്‌, വര്‍ഗീസ്‌, മേരി, അമ്മിണി. മരുമക്കള്‍-വത്സ, മോളി, ലിസി, തോമസ്‌, ബാലന്‍
news.2007.nov.5

ടയര്‍ റീ-ത്രെഡിങ്ങ്‌ സ്ഥാപനത്തിന്‌ തീപിടിച്ചു ഫയര്‍ ഹൈഡ്രണ്റ്റുകള്‍ മൂടിപ്പോയതിനാല്‍ അഗ്നിശമനസേന വലയുന്നു

പെരുമ്പാവൂറ്‍: പാത്തിപ്പാലത്തിനടുത്ത്‌ ടയര്‍ റീ-ത്രെഡിങ്ങ്‌ സ്ഥാപനത്തിന്‌ തീപിടിച്ച്‌ അരലക്ഷം രൂപയുടെ നഷ്ടം. അതേസമയം ടൌണിലെ ഫയര്‍ ഹൈഡ്രണ്റ്റുകള്‍ മൂടിപ്പോയതിനാല്‍ തീയണയ്ക്കാന്‍ എത്തിയ അഗ്നിശമനസേന വലഞ്ഞു.
ഒന്നാംമൈല്‍ സ്വദേശി എ.എന്‍ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ശക്തി ടയേഴ്സിനാണ്‌ ഇന്നലെ രാവിലെ തീപിടിച്ചത്‌. ബോയലറില്‍ നിന്നും പടര്‍ന്ന തീയാണ്‌ അപകടമൊരുക്കിയത്‌ എന്നു കരുതുന്നു. ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്ന ഹരിദാസ്‌ (42) എന്ന തൊഴിലാളിയ്ക്ക്‌ പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. അഗ്നിശമന സേനയുടെ മൂന്നുയൂണിറ്റുകള്‍ മൂന്നുമണിക്കൂറ്‍ ശ്രമിച്ചാണ്‌ തീയണച്ചത്‌.
ടാങ്കുകളില്‍ വെള്ളം തീര്‍ന്നപ്പോള്‍ വീണ്ടും നിറയ്ക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ഫയര്‍ ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ വല്ലാതെ ബുദ്ധിമുട്ടി. തിരക്കേറിയ പട്ടണങ്ങളില്‍ തീപടര്‍ന്നാല്‍ അഗ്നിശമനസേനാവാഹനങ്ങളില്‍ ആവശ്യത്തിന്‌ ജലം നിറയ്ക്കാനുള്ള സൌകര്യം ഇവിടെയില്ലാത്തതാണ്‌ ഉദ്യോഗസ്ഥരെ വലച്ചത്‌. ടൌണിലുണ്ടായിരുന്ന പതിനൊന്ന്‌ ഫയര്‍ ഹൈഡ്രണ്റ്റുകളും മണ്ണിനടിയിലാണ്‌. ഇത്‌ സംരക്ഷിയ്ക്കേണ്ട വാട്ടര്‍ അഥോറിറ്റിയും നഗരസഭയും പരസ്പരം പഴിചാരി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നു.
ഫയര്‍ ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യത്തിന്‌ ജലമെടുക്കാനായി വാട്ടര്‍ അഥോറിറ്റി ഒരുക്കുന്ന സംവിധാനമാണ്‌ ഫയര്‍ ഹൈഡ്രണ്റ്റുകള്‍. ഈ വാല്‍വു തുറക്കാനുള്ള താക്കോലുകളും ജലവിതരണം നിയന്ത്രിയ്ക്കാനുള്ള സ്റ്റിയറിങ്ങുകളും അഗ്നിശമന സേനയ്ക്കു നല്‍കും. പെരുമ്പാവൂരില്‍ പതിനൊന്ന്‌ ഫയര്‍ ഹൈഡ്രണ്റ്റുകളാണ്‌ ഉള്ളത്‌. ടി.ബി റോഡില്‍ ലൈബ്രറിയ്ക്കടുത്ത്‌, എ.എം റോഡില്‍ എക്സൈസ്‌ ഓഫിസിനടുത്ത്‌, മുസ്ളിം പള്ളിയ്ക്കടുത്ത്‌, ഗവ. ആശുപത്രിയ്ക്കടുത്ത്‌, ആശ്രമം സ്കൂളിനടുത്ത്‌ എന്നിവിടങ്ങളിലും കാലടി കവലയിലും കെ.എസ്‌.ആര്‍.ടി.സി കവലയിലും ഈ സംവിധാനമുണ്ട്‌. ഇതിനു പുറമെ എം.സി റോഡില്‍ സെണ്റ്റ്‌ മേരീസ്‌ പള്ളിയ്ക്കടുത്തും അമ്പലനടയിലും പഴയവല്ലം റോഡിലും ഹൈഡ്രണ്റ്റുകളുണ്ട്‌.
പക്ഷെ റോഡ്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കിടയിലും മറ്റും ഇവയെല്ലാം മണ്ണിനടിയിലായി. ഇവയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ അധികൃതര്‍ കുറ്റകരമായ വീഴ്ച്ചയാണ്‌ വരുത്തിയിട്ടുള്ളത്‌. ഇന്നലെയുണ്ടായ അഗ്നിബാധയില്‍ മൂന്നു യൂണിറ്റാണ്‌ തീയണയ്ക്കാന്‍ എത്തിയത്‌. ഒരു വാഹനത്തില്‍ പരമാവധി 7500 ലിറ്റര്‍ വെള്ളമാണ്‌ ഉള്ളത്‌. ഇത്‌ മിനറ്റുകള്‍ക്കുള്ളില്‍ പമ്പുചെയ്തു തീരും. വീണ്ടും നിറയ്ക്കാന്‍ സൌകര്യമില്ലാത്തതിനാലാണ്‌ തീയണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിയത്‌. അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.പി ബാബു, ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, റാബി, സലിം, ജോഷി, സന്തോഷ്‌, സോമന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തീയണച്ചത്‌.
news.2007.nov.5

അശമന്നൂറ്‍ പഞ്ചായത്തില്‍ പത്തുദിവസമായി കുടിവെള്ളം മുടങ്ങി

പെരുമ്പാവൂറ്‍: അശമന്നൂറ്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പത്തുദിവസമായി കുടിവെള്ളമില്ല. കഴുവേറ്റുമോളം ടാങ്കില്‍ നിന്നുള്ള കുടിവെള്ളവിതരണം തടസപ്പെട്ടതിനാലാണ്‌ ഇത്‌.
പനിച്ചയം, പയ്യാല്‍, അശമന്നൂറ്‍ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ കുടിവെള്ളമില്ലാതെ വലയുന്നത്‌. പമ്പിങ്ങ്‌ മുടങ്ങുന്നതിനു പുറമെ അശാസ്ത്രീയമായി വാല്‍വുകള്‍ സ്ഥാപിച്ചതിനാലും ജലവിതരണപൈപ്പുകള്‍ പൊട്ടുന്നതിനാലും ലൈനില്‍ കുടിവെള്ളം പാഴാവുന്നതുമാണ്‌ ജലക്ഷാമത്തിനു കാരണം.
മേതല-ത്രിവേണി മറ്റപ്പാടം ചിറയില്‍ നിന്നാണ്‌ ഇവിടേയ്ക്ക്‌ വെള്ളം പമ്പുചെയ്യുന്നത്‌. കഴുവേറ്റുമോളം ടാങ്കില്‍ എത്തിയ്ക്കുന്ന വെള്ളം പ്രദേശത്ത്‌ വിതരണം ചെയ്യുകയാണ്‌ പതിവ്‌. എന്നാല്‍ പത്തുദിവസമായി കഴുവേറ്റുമോളത്ത്‌ ജലമെത്തുന്നില്ല. അതേസമയം ചെറുകുന്നം പമ്പുഹൌസില്‍ നിന്നാണ്‌ പഞ്ചായത്തിണ്റ്റെ മറ്റുഭാഗങ്ങളില്‍ കുടിവെള്ളമെത്തുന്നത്‌. ഇവിടെ കുടിവെള്ളമുടക്കം പതിവില്ല.
പഞ്ചായത്തിണ്റ്റെ ചില പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിയ്ക്കാത്ത വിവരം യഥാസമയം വാട്ടര്‍ അഥോറിറ്റി അധികൃതരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ പഞ്ചായത്ത്‌ മെമ്പര്‍ ഷാജി സരിഗ പറയുന്നു. കുടിവെള്ള വിതരണം അടിയന്തിരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തു വരാനാണ്‌ തങ്ങളുടെ തീരുമാനമെന്നും ഷാജി അറിയിച്ചു.
news-05.nov.2007

Saturday, November 3, 2007

ജനം ഷൂട്ടിങ്ങാണെന്നു കരുതി; മൂന്നുകിലോ സ്വര്‍ണം തട്ടിയ പ്രതിയെ സി. ഐ ഓടിച്ചുപിടിച്ചു

പെരുമ്പാവൂറ്‍: മൂന്നുകിലോ സ്വര്‍ണ്ണം തട്ടിയ കേസിലെ പ്രതിയെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രണ്ടുകിലോ മീറ്ററോളം ദൂരം ഓടിച്ചുപിടിച്ചു.
പനങ്ങാട്‌ സ്വദേശി മുകേഷി (25) നെയാണ്‌ പെരുമ്പാവൂറ്‍ സി.ഐ കെ.പി ജോസ്‌ സിനിമാ സ്റ്റൈലില്‍ പിടികൂടിയത്‌. കഴിഞ്ഞ ദിവസം ചെങ്ങമനാട്‌ പോലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയായ വാപ്പാലശ്ശേരിയില്‍ നിന്നാണ്‌ മുകേഷ്‌ സ്വര്‍ണ്ണം തട്ടിയത്‌. ഒരു കടയില്‍ പണിതീര്‍ത്ത സ്വര്‍ണ്ണം മറ്റൊരു കടയിലേയ്ക്ക്‌ കൊണ്ടുപോകുമ്പോഴായിരുന്നു കവര്‍ച്ച.
ഇന്നലെ ഉച്ചയ്ക്ക്‌ മുകേഷും മറ്റൊരു സുഹൃത്തും ടൌണിലൂടെ ബൈക്കില്‍ പോകുന്നതായി സി.ഐയ്ക്ക്‌ രഹസ്യസന്ദേശം ലഭിച്ചു. ഇതേതുടര്‍ന്ന്‌ എം.സി റോഡിലൂടെ പോലീസ്‌ സംഘം ഇവരെ പിന്തുടര്‍ന്നു. പോലീസ്‌ തന്നെ പിന്തുടരുന്നത്‌ മനസിലാക്കിയ മുകേഷ്‌ ഒക്കലില്‍ വച്ച്‌ ബൈക്ക്‌ ഉപേക്ഷിച്ച്‌ ഉള്ളുവഴിയ്ക്ക്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയായിരുന്നു. എന്നാല്‍ കാലടി സ്വദേശിയായതിനാല്‍ ഈ പ്രദേശത്തെപ്പറ്റി നന്നായിട്ടറിയാവുന്ന കെ.പി ജോസ്‌ ഒടുവില്‍ മുകേഷിനെ പിടികൂടുക തന്നെ ചെയ്തു.
അതേസമയം സംഭവം കണ്ടുനിന്ന ജനം ഏതോ സീരിയലിണ്റ്റെ ഷൂട്ടിങ്ങ്‌ നടക്കുകയാണെന്നാണ്‌ കരുതിയത്‌. പിടിയിലായ മുകേഷിനെ ആലുവ പോലീസിനു കൈമാറി.

Friday, November 2, 2007

ടാങ്ക്സിറ്റിയിലെ കനാലില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി


പെരുമ്പാവൂറ്‍: വെങ്ങോല ടാങ്ക്സിറ്റിയിലെ മെയിന്‍ കനാലില്‍ നിന്ന്‌ മലമ്പാമ്പിനെ പിടികൂടി. ഇന്നലെ രാവിലെ 7-ന്‌ കവലയിലുള്ള ഓട്ടോതൊഴിലാളികളാണ്‌ പാമ്പിനെ കണ്ടത്‌. ഇവരില്‍ ഉണ്ണി, സുനില്‍, വിജയന്‍, ഹരി എന്നിവര്‍ ചേര്‍ന്ന്‌ ഇതിനെ കുടുക്കിട്ട്‌ പിടിയ്ക്കുകയായിരുന്നു. ഒമ്പത്‌ അടി നീളവും ഒമ്പത്‌ കിലോഗ്രാം തൂക്കവും പാമ്പിനുണ്ട്‌. ഫോറസ്റ്റ്‌ അധികൃതരെ വിവരം അറിയച്ചതിനെ തുടര്‍ന്ന്‌ ഉച്ചയ്ക്ക്‌ ഒരുമണിയോടെ കോടനാട്‌ മിനിമൃഗ സംരക്ഷണ ശാലയില്‍ നിന്ന്‌ ഗാര്‍ഡ്‌ അപ്പുക്കുട്ടന്‍, മൃഗപരിപാലകനായ ബര്‍ക്കുമാന്‍ എന്നിവര്‍ എത്തി മലമ്പാമ്പിനെ ഏറ്റുവാങ്ങി. ഇതിനെ പിന്നീട്‌ വനാന്തരത്തിലേയ്ക്ക്‌ തുറന്നുവിടും.

നിര്യാതനായി


പെരുമ്പാവൂറ്‍: പുല്ലുവഴി പാറയില്‍ ശിവശങ്കരപ്പിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന്‌ രാവിലെ 10-ന്‌ വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ പത്മാവതിയമ്മ. നാഗഞ്ചേരി മൂത്തേടത്ത്‌ കുടുംബാംഗം. മക്കള്‍: വത്സല, പരേതനായ രാജന്‍, ജലജ, സുജാത (ജയകേരളം സ്കൂള്‍ പുല്ലുവഴി), വനജ. മരുമക്കള്‍: ശിവരാമന്‍ നായര്‍ (റിട്ട.അപ്പോളോ ടയേഴ്സ്‌), ഗോപാലകൃഷ്ണന്‍ നായര്‍, ജയകൃഷ്ണന്‍, ഗോപിനാഥ കുറുപ്പ്‌ (സെക്രട്ടറി, പുല്ലുവഴി എന്‍.എസ്‌. എസ്‌ കരയോഗം)

ഓര്‍മ്മപെരുന്നാള്‍ ഇന്ന്‌ തുടങ്ങും

പെരുമ്പാവൂറ്‍: പ്രളയക്കാട്‌ പ.യല്‍ദോ മാര്‍ ബസേലിയോസ്‌ ചാപ്പലില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ ഇന്ന്‌ തുടങ്ങും. വൈകിട്ട്‌ കൊടിയേറ്റ്‌, വചന ശുശ്രൂഷ. തുടര്‍ന്ന്‌ ഫാ.യല്‍ദോസ്‌ പാലക്കുന്നേല്‍ പ്രസംഗിയ്ക്കും. നാലിന്‌ രാവിലെ വി.കുര്‍ബാന. തുടര്‍ന്ന്‌ പ്രദിക്ഷണം. ഉച്ചയ്ക്ക്‌ കൊടിയിറക്ക്‌ എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

Thursday, November 1, 2007

പെരുമ്പവൂരില്‍ ഹര്‍ത്താല്‍ ഭാഗികം; സമാധാനപരം

പെരുമ്പാവൂറ്‍: മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ല. ടൌണില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും ചുറ്റുവട്ടമുള്ള ഗ്രാമീണ മേഖലകളില്‍ വ്യാപാരസ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിച്ചു.
കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കോണ്‍വേയായി സര്‍വീസ്‌ നടത്തിയപ്പോള്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. എന്നാല്‍ ഇരുചക്രവാഹനങ്ങളും മറ്റു സ്വകാര്യവാഹനങ്ങളും റോഡിലുണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില ഏറെ കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ വിദ്യാലയങ്ങള്‍ പലതും പ്രവര്‍ത്തിച്ചെങ്കിലും കുട്ടികളുടെ എണ്ണം കുറവായിരുന്നു.
മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തിഡ്രലില്‍ പെരുന്നാള്‍ നടക്കുന്നതിനാല്‍ കുറുപ്പംപടി ടൌണിനെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കുമെന്ന്‌ ബി.ജെ.പി മണ്ഡലം കമ്മിറ്റി നേരത്തെതന്നെ അറിയിച്ചിരുന്നു. അതിനാല്‍ ഇവിടെ കടകളും മറ്റും സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചു

നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ല; കുറുപ്പംപടി തപാല്‍ ഓഫിസിനെതിരെ പരാതി

പെരുമ്പാവൂറ്‍: കുറുപ്പംപടി തപാല്‍ ഓഫിസില്‍ നിന്ന്‌ കാലാവധി പൂര്‍ത്തിയായ റിക്കറിങ്ങ്‌ നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നില്ലെന്ന്‌ പരാതി. പണം തിരിച്ചെടുക്കാന്‍ വരുന്നവരെ പലവട്ടം മടക്കി അയച്ചതിനെ തുടര്‍ന്ന്‌ ഇവിടെ ചെറിയതോതിലുള്ള സംഘര്‍ഷങ്ങളും ഉണ്ടായി.
ദീര്‍ഘമായ കാലാവധിയ്ക്ക്‌ ആര്‍.ഡി അക്കൌണ്ടുകളില്‍ ചേര്‍ന്ന പ്രായംചെന്ന ആളുകളാണ്‌ ഇപ്പോള്‍ വെട്ടിലായത്‌. ഇവരുടെ ഒപ്പുകളിലെ ചെറിയ വിത്യാസങ്ങള്‍ കാരണമാക്കിയാണ്‌ അധികൃതര്‍ നിക്ഷേപകരെ വലയ്ക്കുന്നത്‌. കളക്ഷന്‍ ഏജണ്റ്റുമാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മോശമായാണ്‌ പെരുമാറുന്നത്‌. ഒരു സബ്‌ പോസ്റ്റ്മാസ്റ്റര്‍ക്കു പുറമെ പോസ്റ്റല്‍ അസിസ്റ്റണ്റ്റും ടി.ഡി പാക്കറും ഇവിടുണ്ട്‌. ഇടപാടുകാരോടുള്ള ഇവരുടെ സമീപനത്തെക്കുറിച്ചും പരാതിയുണ്ട്‌. ഇതിനെതിരെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത അധികാരികള്‍ക്ക്‌ പലവട്ടം പരാതി നല്‍കിയിട്ടുള്ളതാണ്‌.
ജനത്തെ സഹായിയ്ക്കേണ്ട ഉദ്യോഗസ്ഥര്‍ ഇവ്വിധത്തില്‍ പെരുമാറുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാന്‍ തീരുമാനിച്ചിരിയ്ക്കുകയാണെന്ന്‌ സി.പി.എം കുറുപ്പംപടി ലോക്കല്‍ സെക്രട്ടറി കെ. ജി സുബ്രഹ്മണ്യന്‍ അറിയിച്ചു

ഇന്ദിരാ അനുസ്മരണം

പെരുമ്പാവൂറ്‍: കോണ്‍ഗ്രസ്‌ വാര്‍ഡുകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മാവേലിപ്പടിയില്‍ ഇന്ദിരാ അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡണ്റ്റ്‌ പി.പി അല്‍ഫോണ്‍സ്‌ മാസ്റ്റര്‍, എം.ഒ ജോസ്‌, പി.വി തോമസ്‌, ബാബു എം.ഡി, പി.ഡി ജോയി, പി.പി ജോര്‍ജ്‌, സൈമണ്‍ സ്റ്റീഫന്‍, ജോജോ വര്‍ഗീസ്‌ എന്നിവര്‍ പ്രസംഗിച്ചു. പുഷ്പാര്‍ച്ചന നടന്നു

വൃദ്ധസംഗമം

പെരുമ്പാവൂറ്‍: കുറുപ്പംപടി സെണ്റ്റ്മേരീസ്‌ കത്തിഡ്രലില്‍ യൂത്ത്‌ അസോസിയേഷണ്റ്റെ ആഭിമുഖ്യത്തില്‍ വൃദ്ധ സംഗമം നടന്നു. സാജു പോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.എബ്രഹാം അലിയാട്ടുകുടി അദ്ധ്യക്ഷത വഹിച്ചു. പറവൂറ്‍ ജോര്‍ജ്‌, എല്‍ദോ മാത്യു, ഫാ.ഏല്യാസ്‌ കാവുംപാക്കല്‍, ഫാ.ഗീവര്‍ഗീസ്‌ അരീയ്ക്കല്‍, ഫാ.ജോണ്‍ ജോസഫ്‌ പാത്തിയ്ക്കല്‍, എം.എസ്‌ ബെന്നി, ഇ.വി മാത്യു, ജോസ്‌ മരുതിനാല്‍, കെ.ഒ പത്രോസ്‌, എന്‍.എം തോമസ്‌, സൈബി മാത്യു, റോയി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ശ്രേഷ്ഠ ബാവയ്ക്ക്‌ ഉപഹാരം നല്‍കി

പെരുമ്പാവൂറ്‍: പൌരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷിയ്ക്കുന്ന ശ്രേഷ്ഠ കാതോലിയ്ക്കാ ബാവയ്ക്ക്‌ ഇരിങ്ങോള്‍ സെണ്റ്റ്‌ ഗ്രിഗോറിയോസ്‌ യാക്കോബായ സുറിയാനി പള്ളി വക ഉപഹാരം സമര്‍പ്പിച്ചു. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്ത മിലിത്തിയോസ്‌ തിരുമേനി, തെങ്ങുംപറമ്പില്‍ ഗീവര്‍ഗീസ്‌ റമ്പാന്‍,വികാരി ഫാ.ഏല്യാസ്‌ ചേട്ടാകുളത്തുങ്കര, ട്രസ്റ്റിമാരായ കെ.ജി ഗീവര്‍ഗീസ്‌, ജോസഫ്‌ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

പതാകദിനം

പെരുമ്പാവൂറ്‍: പുല്ലുവഴി എന്‍.എസ്‌.എസ്‌ കരയോഗത്തിണ്റ്റെ ആഭിമുഖ്യത്തില്‍ പതാകദിനം ആചരിച്ചു. സത്യപ്രതിജ്ഞ പുതുക്കിയ ശേഷം പതാക ഉയര്‍ത്തി. ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്‍കി.

പുല്ലംവേലിക്കാവ്‌ ക്ഷേത്രത്തില്‍ ദേവിഭാഗവത നവാഹയജ്ഞം ഇന്ന്‌ തുടങ്ങും

പെരുമ്പാവൂറ്‍: കൂവപ്പടി പുല്ലംവേലിക്കാവ്‌ ദേവി ക്ഷേത്രത്തില്‍ ദേവി ഭാഗവത നവാഹ യജ്ഞം ഇന്ന്‌ തുടങ്ങും. വൈകിട്ട്‌ യജ്ഞാചാര്യന്‍ പുളിയ്ക്കാംപറമ്പ്‌ ദാമോദരന്‍ നമ്പൂതിരി പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാവിലെ 6 മുതല്‍ 12.30 വരെയും ഉച്ചകഴിഞ്ഞ്‌ 2 മുതല്‍ 6 വരെയും ദേവി ഭാഗവതം പാരായണം ചെയ്യും.
ശൌനകപ്രശ്നം, ബീജാക്ഷര മാഹാത്മ്യം, യുദ്ധശാന്തി, നാമി ചരിതം, സ്വര്‍ഗ്ഗഗമനം, തുളസീഉപാഖ്യാനം, ദ്രാമരീചരിതം, മണിദ്വീപവര്‍ണനം തുടങ്ങിയ ഭാഗങ്ങളാണ്‌ പാരായണം ചെയ്യുക. ഇതിനു പുറമെ തുളസീപൂജ, സര്‍വ്വ ഐശ്വര്യപൂജ, ‌ കുമാരീപൂജ, ‌ നവഗ്രഹപൂജ എന്നിവയും ഉണ്ടാകും. ‌ പ്രസാദ ഊട്ടോടെ യജ്ഞം സമാപിയ്ക്കും.