പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Monday, November 12, 2007

ടയര്‍ റീ-ത്രെഡിങ്ങ്‌ സ്ഥാപനത്തിന്‌ തീപിടിച്ചു ഫയര്‍ ഹൈഡ്രണ്റ്റുകള്‍ മൂടിപ്പോയതിനാല്‍ അഗ്നിശമനസേന വലയുന്നു

പെരുമ്പാവൂറ്‍: പാത്തിപ്പാലത്തിനടുത്ത്‌ ടയര്‍ റീ-ത്രെഡിങ്ങ്‌ സ്ഥാപനത്തിന്‌ തീപിടിച്ച്‌ അരലക്ഷം രൂപയുടെ നഷ്ടം. അതേസമയം ടൌണിലെ ഫയര്‍ ഹൈഡ്രണ്റ്റുകള്‍ മൂടിപ്പോയതിനാല്‍ തീയണയ്ക്കാന്‍ എത്തിയ അഗ്നിശമനസേന വലഞ്ഞു.
ഒന്നാംമൈല്‍ സ്വദേശി എ.എന്‍ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ശക്തി ടയേഴ്സിനാണ്‌ ഇന്നലെ രാവിലെ തീപിടിച്ചത്‌. ബോയലറില്‍ നിന്നും പടര്‍ന്ന തീയാണ്‌ അപകടമൊരുക്കിയത്‌ എന്നു കരുതുന്നു. ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്ന ഹരിദാസ്‌ (42) എന്ന തൊഴിലാളിയ്ക്ക്‌ പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. അഗ്നിശമന സേനയുടെ മൂന്നുയൂണിറ്റുകള്‍ മൂന്നുമണിക്കൂറ്‍ ശ്രമിച്ചാണ്‌ തീയണച്ചത്‌.
ടാങ്കുകളില്‍ വെള്ളം തീര്‍ന്നപ്പോള്‍ വീണ്ടും നിറയ്ക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ഫയര്‍ ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ വല്ലാതെ ബുദ്ധിമുട്ടി. തിരക്കേറിയ പട്ടണങ്ങളില്‍ തീപടര്‍ന്നാല്‍ അഗ്നിശമനസേനാവാഹനങ്ങളില്‍ ആവശ്യത്തിന്‌ ജലം നിറയ്ക്കാനുള്ള സൌകര്യം ഇവിടെയില്ലാത്തതാണ്‌ ഉദ്യോഗസ്ഥരെ വലച്ചത്‌. ടൌണിലുണ്ടായിരുന്ന പതിനൊന്ന്‌ ഫയര്‍ ഹൈഡ്രണ്റ്റുകളും മണ്ണിനടിയിലാണ്‌. ഇത്‌ സംരക്ഷിയ്ക്കേണ്ട വാട്ടര്‍ അഥോറിറ്റിയും നഗരസഭയും പരസ്പരം പഴിചാരി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ രക്ഷപ്പെടുന്നു.
ഫയര്‍ ഫോഴ്സ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആവശ്യത്തിന്‌ ജലമെടുക്കാനായി വാട്ടര്‍ അഥോറിറ്റി ഒരുക്കുന്ന സംവിധാനമാണ്‌ ഫയര്‍ ഹൈഡ്രണ്റ്റുകള്‍. ഈ വാല്‍വു തുറക്കാനുള്ള താക്കോലുകളും ജലവിതരണം നിയന്ത്രിയ്ക്കാനുള്ള സ്റ്റിയറിങ്ങുകളും അഗ്നിശമന സേനയ്ക്കു നല്‍കും. പെരുമ്പാവൂരില്‍ പതിനൊന്ന്‌ ഫയര്‍ ഹൈഡ്രണ്റ്റുകളാണ്‌ ഉള്ളത്‌. ടി.ബി റോഡില്‍ ലൈബ്രറിയ്ക്കടുത്ത്‌, എ.എം റോഡില്‍ എക്സൈസ്‌ ഓഫിസിനടുത്ത്‌, മുസ്ളിം പള്ളിയ്ക്കടുത്ത്‌, ഗവ. ആശുപത്രിയ്ക്കടുത്ത്‌, ആശ്രമം സ്കൂളിനടുത്ത്‌ എന്നിവിടങ്ങളിലും കാലടി കവലയിലും കെ.എസ്‌.ആര്‍.ടി.സി കവലയിലും ഈ സംവിധാനമുണ്ട്‌. ഇതിനു പുറമെ എം.സി റോഡില്‍ സെണ്റ്റ്‌ മേരീസ്‌ പള്ളിയ്ക്കടുത്തും അമ്പലനടയിലും പഴയവല്ലം റോഡിലും ഹൈഡ്രണ്റ്റുകളുണ്ട്‌.
പക്ഷെ റോഡ്‌ വികസനപ്രവര്‍ത്തനങ്ങള്‍ക്കിടയിലും മറ്റും ഇവയെല്ലാം മണ്ണിനടിയിലായി. ഇവയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ അധികൃതര്‍ കുറ്റകരമായ വീഴ്ച്ചയാണ്‌ വരുത്തിയിട്ടുള്ളത്‌. ഇന്നലെയുണ്ടായ അഗ്നിബാധയില്‍ മൂന്നു യൂണിറ്റാണ്‌ തീയണയ്ക്കാന്‍ എത്തിയത്‌. ഒരു വാഹനത്തില്‍ പരമാവധി 7500 ലിറ്റര്‍ വെള്ളമാണ്‌ ഉള്ളത്‌. ഇത്‌ മിനറ്റുകള്‍ക്കുള്ളില്‍ പമ്പുചെയ്തു തീരും. വീണ്ടും നിറയ്ക്കാന്‍ സൌകര്യമില്ലാത്തതിനാലാണ്‌ തീയണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിയത്‌. അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.പി ബാബു, ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, റാബി, സലിം, ജോഷി, സന്തോഷ്‌, സോമന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തീയണച്ചത്‌.
news.2007.nov.5

No comments: