Wednesday, September 7, 2011

നെല്ലിക്കുഴിയിലേയ്ക്കൊരു ഓണപ്പാച്ചില്‍; വീടു നിറയെ ഗൃഹോപകരണങ്ങള്‍

സുരേഷ്‌ കീഴില്ലം

പെരുമ്പാവൂറ്‍: ഓണപ്പാച്ചില്‍ പച്ചക്കറി വാങ്ങാനും ഓണക്കോടി വാങ്ങാനും മാത്രമല്ല. പണിതുയര്‍ത്തുന്ന സ്വപ്നവീടുകളില്‍ ആഡംബര ഫര്‍ണീച്ചറുകള്‍ കൊണ്ട്‌ നിറയ്ക്കാന്‍ കൂടിയാണ്‌.
വീട്ടിലേയ്ക്കു കയറുമ്പോള്‍ പിടികിട്ടുന്ന വീട്ടുകാരുടെ പ്രൌഢിയുടെ മാറ്റു കൂട്ടാന്‍ ഒന്നാന്തരം ഫര്‍ണീച്ചര്‍ കൂടിയെ കഴിയൂ. അതുകൊണ്ടു തന്നെ പോക്കറ്റിണങ്ങുന്ന പുത്തന്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ സംസ്ഥാനത്തിണ്റ്റെ മഹാനഗരങ്ങളില്‍ നിന്നു പോലും ആളുകള്‍ ഓടിയെത്തുന്ന ഒരിടമുണ്ട്‌.
നെല്ലിക്കുഴി.
ഹൈറേഞ്ചിണ്റ്റെ കവാടമായ കോതമംഗലത്തോടു ചേര്‍ന്ന ഈ പ്രദേശം പലയിനം ഫര്‍ണീച്ചറുകളുടെ പ്രദര്‍ശന ശാല കൂടിയാണ്‌. ഇരുന്നൂറ്റിയമ്പതോളം ഫര്‍ണീച്ചര്‍ സ്ഥാപനങ്ങളാണ്‌ നെല്ലിക്കുഴിയിലുള്ളത്‌. പ്രധാന റോഡിന്‌ അഭിമുഖമായി കമനീയമായി അലങ്കരിച്ചവ തൊട്ട്‌ വീടുകളോട്‌ ചേര്‍ന്ന ഷെഡുകളില്‍ വരെ ഫര്‍ണീച്ചര്‍ വില്‍പന തകൃതി. രാവിലെ എട്ടു മണിയോടെ ആരംഭിയ്ക്കുന്ന ഫര്‍ണീച്ചര്‍ വ്യാപാരം രാത്രി പത്തുമണിയോടെ അവസാനിയ്ക്കുന്നത്‌ മനസ്സില്ലാമനസ്സോടെ.
ഏതു സാമ്പത്തിക ശേഷിയുള്ളവര്‍ക്കും നെല്ലിക്കുഴിയില്‍ വന്ന്‌ ഫര്‍ണീച്ചര്‍ വാങ്ങാനാകുമെന്നതാണ്‌ പ്രത്യേകത. കുറഞ്ഞ വിലയുള്ള തടിയുത്പന്നങ്ങല്‍ വേണ്ടവര്‍ക്ക്‌ അത്തരത്തിലൊന്ന്‌ തെരഞ്ഞെടുക്കാം. മഹാഗണി, മാഞ്ചിയം, അക്കേഷ്യ എന്നിങ്ങനെയുള്ള തടികളില്‍ തീര്‍ത്ത ഫര്‍ണീച്ചറുകളും എത്ര വേണമെങ്കിലും ഇവിടെ കിട്ടും. അതല്ല, ഈട്ടിയും തേക്കുമൊക്കെ തന്നെ വേണ്ടവര്‍ക്ക്‌ അതും കിട്ടും.
പ്രധാനമായും രണ്ടിനം തേക്ക്‌ ഇവിടെ ഉപയോഗിയ്ക്കുന്നു. നാടന്‍ തേക്കും ഡിപ്പോ തേക്കും. പുരയിടങ്ങളില്‍ നിന്ന്‌ വെട്ടിയെടുക്കുന്ന തേക്കും കാടിണ്റ്റെ ഊറ്റമുള്ള തേക്കും. ഡിപ്പോ തേക്കു കൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ വേണമെങ്കില്‍ അതനുസരിച്ചുള്ള വില കൊടുക്കേണ്ടി വരും.
ഗൃഹോപകരണങ്ങളില്‍ ജനപ്രിയ ഇനം സെറ്റികള്‍ തന്നെ. പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ആഡംബര സെറ്റികള്‍ ഇവിടെ സുലഭം. പഴശ്ശിരാജ, തുര്‍ക്കി മോഡലുകള്‍ക്കാണ്‌ സാധാരണക്കാര്‍ക്കിടയില്‍ ഡിമാണ്റ്റ്‌. പോക്കറ്റിനു കനമുണ്ടെങ്കില്‍ ഉത്തര്‍ പ്രദേശ്‌ മോഡല്‍ നോക്കാം. എറണാകുളം പോലുള്ള സിറ്റികളില്‍ ഒരു ലക്ഷത്തിലേറെ വിലയുള്ള ഈ മോഡല്‍ നെല്ലിക്കുഴിയില്‍ ചീപ്പായിവാങ്ങാം. നാല്‍പ്പതിനായിരം മുതല്‍ അമ്പതിനായിരം വരെയുള്ള വിലയെ വരൂ.
സെറ്റി മാത്രമല്ല, കട്ടില്‍, ഡൈനിങ്ങ്‌ ടേബിള്‍, ദിവാന്‍ കോട്ട്‌, ടിപ്പോയ്‌, ടി.വി സ്റ്റാണ്റ്റ്‌ എന്നിങ്ങനെ ഏതു ഗൃഹോപകരണവും നെല്ലിക്കുഴിയില്‍ കിട്ടും. ദിവാന്‍ കോട്ടുകളിലും യു.പി മോഡലിനാണ്‌ ഇപ്പോള്‍ ആധിപത്യം.
ഉത്തര്‍പ്രദേശുകാരാണ്‌ പണിക്കാരില്‍ ഏറെയും. യു.പിയില്‍ നിന്ന്‌ കൊണ്ടുവന്ന കട്ടിങ്ങ്‌ മെഷ്യന്‍ പ്രചാരത്തിലായതോടെ നിര്‍മ്മാണം അനായാസമായി. തടിയുത്പന്നങ്ങളുടെ വിലയും കുറഞ്ഞു.
എന്നാല്‍, തടിയില്‍ തീര്‍ത്ത ഗൃഹോപകരണങ്ങള്‍ മാത്രമേ നെല്ലിക്കുഴിയില്‍ കിട്ടു എന്നു വിചാരിച്ചാല്‍ തെറ്റി. ഏറ്റവും പുതിയകാലത്തെ ട്രെണ്റ്റായ ഫുള്‍ കവര്‍ അപ്പോള്‍സ്റ്ററി ചെയ്ത സെറ്റികളും, മറ്റ്‌ ഇറക്കുമതി ഫര്‍ണീച്ചറുകളും ഇവിടെ കിട്ടും. ഇത്തരം പുത്തന്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോറൂമുകളും ദിനം പ്രതി ഏറി വരികയാണ്‌. സിറ്റികളിലെ ഷോറൂമിനേക്കാള്‍ വില കുറവു തന്നെ പ്രധാന വില്‍പന തന്ത്രം.
വിലക്കുറവിലൂടെ വിപണി പിടിയ്ക്കുന്ന ചൈനീസ്‌ ഐറ്റങ്ങളും ഈ ഗൃഹോപകരണ ലോകത്തുണ്ട്‌. സ്റ്റീലിലും പ്ളൈവുഡിലും തീര്‍ത്തവയാണ്‌ പ്രധാനമായും ചൈനീസ്‌ ഫര്‍ണീച്ചറുകള്‍. ഇതില്‍ കുട്ടികളുടെ പഠനമേശകള്‍ക്കും കുട്ടിക്കസേരകള്‍ക്കുമാണ്‌ ഏറെ പ്രിയം. ഇവയ്ക്കു പുറമെ ഡൈനിങ്ങ്‌ ടേബിള്‍, ഓഫീസ്‌ ചെയറുകള്‍, അലമാരകള്‍ എന്നിവയിലും ചീനാ തരംഗമുണ്ട്‌.

മംഗളം 7.9.2011

2 comments:

Cv Thankappan said...

നമ്മുടെ നാട്ടിലെ പ്രദേശങ്ങളില്‍ ചിലത് ഓരോരോ കാര്യങ്ങളില്‍ സവിശേഷപ്രാധാന്യം ഉള്ളവയും ആ പേരില്‍പ്രശസ്തി നേടിയവയുമാണ്.
ഫര്‍ണീച്ചര്‍ വ്യവസായത്തില്‍ നെല്ലിക്കുഴി പോലെ തൃശൂരില്‍
ചൊവ്വൂര്‍ എന്ന പ്രദേശമുണ്ട്.
സ്ഥലത്തേയും,സ്ഥലവിശേഷത്തേയും
കുറച്ചറിയുന്നത് ഉപകാരപ്രദമാണ്.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

സുരേഷ്‌ കീഴില്ലം said...

നല്ല വാക്കുകള്‍ക്ക്‌ നന്ദി.