വര്‍ഗ്ഗീസ് തെറ്റയില്‍
പെരുമ്പാവൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ട് പോകുന്നത് മൂലം എറണാകുളം ജില്ലയിലെ നിര്‍മ്മാണ മേഖല ഏതാണ്ട് സ്തംഭിച്ച മട്ടിലായി.
അണക്കെട്ട് പൊട്ടുമെന്ന ഭീതിയാണ് അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം ദേശത്തേയ്ക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൂട്ടത്തോടെ പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം മലയാള മാധ്യമങ്ങള്‍ക്ക് പുറമേ മറ്റ് ഭാഷാ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും ഏറ്റ് പിടിച്ചതോടെയാണ് സ്ഥിതി ഗുരുതരമായത്. ഒറീസ്സ, ആസ്സാം, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതലായും സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയിട്ടുള്ളത്.
എറണാകുളം ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ പണിയെടുത്തിരുന്ന ൬൦ ശതമാനം തൊഴിലാളികളും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം ദേശീയ ചാനലുകളിലും ഉത്തരേന്ത്യന്‍ പത്രങ്ങളിലും വന്നു തുടങ്ങിയതോടെ അണക്കെട്ട് ഏത് സമയത്തും പൊട്ടുമെന്ന ഭീതി മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയിലും നിറയാന്‍ തുടങ്ങി. ഇതൊടെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളോട് അവരുടെ ബന്ധുക്കള്‍ ഉടന്‍ മടങ്ങി വരാന്‍ ആവശ്യപ്പെടുകയാണ്.
അണക്കെട്ട് പൊട്ടിയാല്‍ സ്വന്തം നാട്ടുകാരെ സംരക്ഷിക്കാനായിരിക്കും സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ടവരും ശ്രമിക്കുക. അന്യസംസ്ഥാനക്കാരുടെ കാര്യത്തില്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടാകില്ലെന്ന അവബോധം ഇപ്പോള്‍ തന്നെ അവര്‍ക്കിടയില്‍ രൂഢമൂലമായിട്ടുണ്ട്. പൊതുവേ അന്യസംസ്ഥാന തൊഴിലാളികളോട് ക്രൂരമായും അവഗണനാ മനോഭാവത്തോടുമാണ് ഉദ്യോഗസ്ഥരുടെയും തൊഴിലുടമകളുടെയും സമീപനം. ഈ അവസ്ഥയില്‍ ഒരു വന്‍ദുരന്തം ഉണ്ടായാല്‍ നാട്ടുകാര്‍ മുഴുവനും രക്ഷപ്പെട്ടാലും ഭാഷവശമില്ലാത്ത അന്യനാട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ ദുരന്തത്തിന് കീഴടങ്ങേണ്ടിവരുമെന്ന് അവരുടെ ബന്ധുക്കള്‍ക്ക് നന്നായറിയാം.
അതിനാലാണ് ദുരന്ത ബാധിതമാകാന്‍ പോകുന്ന മേഖലകളിലുള്ള തങ്ങളുടെ ബന്ധുക്കളെയും മിത്രങ്ങളെയും ഉടനെ ഈ മേഖലയില്‍ നിന്നും തിരിച്ച് വിളിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ജില്ലയാണ് എറണാകുളം. മെട്രോ സിറ്റിയില്‍ തന്നെ വലുതും ചെറുതുമായ പത്തിലധികം ഫ്ളാറ്റുകള്‍ നിര്‍മ്മാണത്തിണ്റ്റെ പാതി വഴിയിലാണ്. ഇതിനു പുറമെ സ്മാര്‍ട്ട് സിറ്റി മെട്രോ റെയില്‍, നോര്‍ത്ത് മേല്‍പ്പാലം ഉള്‍പ്പെടെ വരാന്‍ പോകുന്ന വന്‍ഫ്ളൈ ഓവറുകള്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, മറ്റ് പാലങ്ങള്‍, റോഡ് നിര്‍മ്മാണം, ജില്ലയുടെ കിഴക്കന്‍ മേഖലയിലെ അരി-മര വ്യവസായങ്ങള്‍, ശബരി റെയില്‍പാത തുടങ്ങിയ മേഖലകളിലെയും തൊഴിലാളി ക്ഷാമം രൂക്ഷമാവുകയാണ്.
ജില്ലയില്‍ പണിയെടുത്തിരുന്ന ഒരു ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ല വിട്ട് മറ്റ് സുരക്ഷിത ജില്ലകളിലേക്കും, മറ്റ് സംസ്ഥാനങ്ങളിലേയും സ്വദേശത്തേയ്ക്കും പാലായനം ചെയ്തതോടെ നിര്‍മ്മാണ മേഖല അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാവുകയാണ്. ജില്ലാ ഭരണകൂടവും തൊഴിലാളി ക്ഷേമവകുപ്പും അടിയന്തിരമായി ഇടപെട്ട് ശരിയായ ബോധവല്‍ക്കരണം വഴി അന്യസംസ്ഥാന തൊഴിലാളികളെ നിലനിര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ എറണാകുളം ജില്ലയുടെ വികസന സ്വപ്നങ്ങള്‍ എല്ലാം സ്വപ്നങ്ങളായി തന്നെ ഏറെക്കാലം നിലനില്‍ക്കും.
ജയ്ഹിന്ദ് 25.01.2012
No comments:
Post a Comment