പെരുമ്പാവൂര്‍: വണ്ടിച്ചെക്ക് നല്‍കി ആലുവ-കുന്നത്തുനാട് റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയില്‍ നിന്ന് 46 ലക്ഷം രൂപയുടെ റബര്‍ ഷീറ്റ് തട്ടിയെടുത്തു. സംഘത്തിന്‍റെ ഇടപാടുകാരനായ കല്ലട ട്രേഡേഴ്സ് ഉടമ ഷൈബു തോമസാണ് പണം നല്‍കാതെ മുങ്ങിയത്. ഇയാള്‍ക്കെതിരെ പെരുമ്പാവൂറ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 2004 മുതല്‍ സൊസൈറ്റിയില്‍ നിന്ന് റബര്‍ ഷീറ്റ് വിലയ്ക്കെടുക്കുന്ന കല്ലട ട്രേഡേഴ്സ് ഇത്തവണ നല്‍കിയ ചെക്ക് ബാങ്ക് പണമില്ലാത്തതിനാല്‍ മടക്കുകയായിരുന്നു.
കിലോ ഗ്രാമിന് 200 രൂപ പ്രകാരം മുപ്പതു ടണ്‍ റബര്‍ ഷീറ്റാണ് സൊസൈറ്റി കല്ലട ട്രേഡേഴ്സിന് കഴിഞ്ഞ മാസം 24-ന് നല്‍കിയത്. ഏഴു ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കരാര്‍. ഇതിന് ഉറപ്പായി ചെക്ക് നല്‍കുകയും ചെയ്തു. ആകെ നല്‍കേണ്ട അറുപത് ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം 26-ന് നല്‍കി.
ഇതിനിടയില്‍ കരാര്‍പ്രകാരമുള്ള മുപ്പതു ടണ്ണില്‍ 20 ടണ്‍ റബര്‍ ഷീറ്റും ഷൈബു സംഘത്തില്‍ നിന്ന് കൊണ്ടു പോയിരുന്നു. സാമ്പത്തിക വര്‍ഷം സമാപിയ്ക്കുന്നതിനാല്‍ 30-ന് നിര്‍ബന്ധമായും ബാക്കി പണം അടയ്ക്കണമെന്ന് സംഘം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മുപ്പത്തിയൊന്നിനും ഷൈബു പണം അടയ്ക്കാത്തതിനാല്‍ കല്ലട ട്രേഡേഴ്സിണ്റ്റെ ചെക്ക് ബാങ്കിന് നല്‍കുകയായിരുന്നു.
കല്ലട ട്രേഡേഴ്സ് മറ്റു ചില സഹകരണ സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും വന്‍തുക നല്‍കാനുണ്ടെന്ന് അറിയുന്നു. ഷൈബു ഭാര്യയുമൊത്ത് ഒളിവിലാണ് ഇപ്പോള്‍.
സ്വകാര്യകച്ചവടക്കാര്‍ക്ക് റബര്‍ വിപണനം നടത്താന്‍പാടില്ലെന്ന ചട്ടം ആലുവ-കുന്നത്തുനാട് റബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി ലംഘിച്ചതാണ് സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്ന് സംഘ അംഗങ്ങള്‍ പറയുന്നു.
എന്നാല്‍ റബര്‍ മാര്‍ക്ക് ഉള്‍പ്പടെ എട്ടോളം ഡീലേഴ്സിന് 2004 മുതല്‍ റബര്‍ ഷീറ്റ് നല്‍കാറുള്ളതായി സൊസൈറ്റി പ്രസിഡണ്റ്റ് കെ.ടി ബോസ് പറയുന്നു. ഷീറ്റ് വിപണനം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് നാലു ബോര്‍ഡ് മെമ്പര്‍മാര്‍ അടങ്ങുന്ന കമ്മിറ്റിയാണ്. കൂടുതല്‍ വില നല്‍കുന്നതിലും കൃത്യസമയത്ത് പണം അടയ്ക്കുന്നതിലും കല്ലട ട്രേഡേഴ്സ് വര്‍ഷങ്ങളായി കൃത്യത പുലര്‍ത്താറുണ്ടെന്നും കഴിഞ്ഞ വര്‍ഷം മാത്രം ഇരുപത്തിയഞ്ചു ലക്ഷം രൂപ ലാഭമുണ്ടാക്കിയ സൊസൈറ്റി തുടര്‍ച്ചയായി അഞ്ചു വര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലയിലെ ഏക സംഘമാണെന്നും നിയമം വിട്ട് യാതൊന്നും സംഘം ഭാരവാഹികള്‍ ചെയ്തിട്ടില്ലെന്നും കെ.ടി ബോസ് മംഗളത്തോട് പറഞ്ഞു.
മംഗളം 17.04.2012
No comments:
Post a Comment