Tuesday, April 17, 2012

മല്ലികാര്‍ജ്ജുന റെഡ്ഡി പോലീസ്‌ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഒളിച്ചു താമസിച്ചത്‌ ഒരു വര്‍ഷം

 സുരേഷ്‌ കീഴില്ലം

 പെരുമ്പാവൂര്‍: ആന്ധ്ര സര്‍ക്കാര്‍ തലയ്ക്ക്‌ വില പറഞ്ഞ മാവോയിസ്റ്റ്‌ നേതാവ്‌  പെരുമ്പാവൂര്‍ പട്ടണത്തിലെ പോലീസ്‌ ക്വാര്‍ട്ടേഴ്സിനു മുന്നില്‍ ഒളിച്ച്‌ താമസിച്ചത്‌ ഒരു വര്‍ഷം. 
മാവോയിസ്റ്റുകളുടെ ബുദ്ധി കേന്ദ്രവും ആയുധ നിര്‍മ്മാണ വിദഗ്ദ്ധനുമായ മല്ലികാര്‍ജ്ജുന റെഡിയാണ്‌ കാഞ്ഞിരക്കാട്ടുള്ള വാടകവീട്ടില്‍ കാമുകിയുമൊത്ത്‌ താമസിച്ചത്‌. റെഡി ഇവിടെ നിന്ന്‌ ചികിത്സ നടത്തുകയും കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്തിട്ടും സംസ്ഥാനത്തെ പോലീസോ ഇന്റലിജന്‍സ്‌ വകുപ്പോ ഒന്നുമറിഞ്ഞില്ല. 
നാലുവര്‍ഷം മുന്‍പാണ്‌ പട്ടണത്തിലെ ജനവാസകേന്ദ്രമായ കാഞ്ഞിരക്കാട്‌ റെഡി താമസിച്ചത്‌. മല്ലികാര്‍ജ്ജുന റെഡിയെ ആന്ധ്രയില്‍ നിന്ന്‌ പോലീസെത്തി അങ്കമാലിയില്‍ വച്ച്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പോഴാണ്‌ ഇത്രയേറെ ക്രിമിനല്‍ പശ്ചാത്തലമുള്ള മവോയിസ്റ്റ്‌ നേതാവാണ്‌ ആളുകളുടെ തൊട്ടടുത്ത്‌ താമസിച്ചതെന്ന്‌ അയല്‍ക്കാര്‍ പോലും അറിഞ്ഞത്‌. 
റെഡിയെ കാണാന്‍ പലരും വന്നു പോകാറുണ്ടെന്നും രാത്രി വൈകിയും വീട്ടില്‍ മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടക്കാറുണ്ടെന്നും അടുത്തുള്ളവര്‍ പിന്നീട്‌ അറിയിച്ചിരുന്നു. അതേ സമയം റെഡിയും കാമുകിയും അയല്‍വീട്ടുകാരുമായി ഒരകലം സൂക്ഷിച്ചു പോരുകയും ചെയ്തു. തുടര്‍ന്ന്‌ നടന്ന പോലീസ്‌ അന്വേഷണത്തിലും അയല്‍ക്കാര്‍ക്ക്‌ റെഡിയെപ്പറ്റിയോ അവിടെ വന്നു പോയവരെപ്പറ്റിയോ കൂടുതല്‍ എന്തെങ്കിലും സൂചനകള്‍ നല്‍കാനായില്ല.
കുന്നത്തുനാട്‌ താലൂക്കിലെ പാറമടകള്‍ കേന്ദ്രീകരിച്ചായിരുന്നു റെഡിയുടെ പ്രവര്‍ത്തനങ്ങള്‍. പാറമടകളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിയ്ക്കുകയായിരുന്നു ഈ നേതാവിന്‍റെ ലക്ഷ്യം. അതിനു പുറമെ അത്യുഗ്രശേഷിയിള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധനായ റെഡിയ്ക്ക്‌ അതിനുള്ള അമോണിയം നൈട്രേറ്റും മറ്റും പാറമടകള്‍ വഴി സംഘടിപ്പിയ്ക്കുന്നതിനും കഴിഞ്ഞിരുന്നു. 
റെഡി പിടിയാലായിതിനെ തുടര്‍ന്ന്‌ കേന്ദ്ര-സംസ്ഥാന ഇന്‍റ്ലിജന്‍റ്സ് വിഭാഗങ്ങള്‍ പെരുമ്പാവൂരില്‍ പലവട്ടം വന്നുപോയി. പക്ഷെ കൂടുതല്‍ വിവിരങ്ങള്‍ ശേഖരിയ്ക്കാനോ പട്ടണത്തിലെ റെഡിയുടെ സഹായികളെ പിടികൂടാനോ ആര്‍ക്കും കഴിഞ്ഞില്ല.

മംഗളം 17.04.2012

No comments: