പെരുമ്പാവൂര്‍: മദ്ധ്യവേനലവധി തുടങ്ങി തീയേറ്ററുകളില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ കരിഞ്ചന്തയിലുള്ള ടിക്കറ്റ് വില്പന വ്യാപകം.
അത്യാധുനിക സൌകര്യങ്ങളുള്ള, പ്രധാന റിലീസ് കേന്ദ്രമായ തീയേറ്റര്‍ സമുച്ചയം ഉള്‍പ്പെടെ അഞ്ചു സിനിമാശാലകളാണ് പട്ടണത്തിലുള്ളത്. ഇതില്‍ നാലു തീയേറ്ററുകളിലും അടുത്തിടെ റിലീസ് ചെയ്ത സിനിമകളാണ് ഓടുന്നത്. എല്ലായിടത്തും പ്രേക്ഷകരുടെ തിരക്കും വളരെ കൂടുതലാണ്. ഈ സൌകര്യം മുതലെടുത്താണ് തീയേറ്ററുകളുടെ ഒത്താശയോടെ കരിഞ്ചന്തയില്വില്പന സജീവമായിരിയ്ക്കുന്നത്.
ഒരാള്‍ക്ക് രണ്ടു ടിക്കറ്റു വീതം മാത്രമേ നല്‍കൂ എന്നാണ് നിയമം. എന്നാല്‍ നിയമം പാലിച്ച് ക്യൂവില്‍ നില്‍ക്കുന്നവരെ വിഢികളാക്കി മുന്‍കൂറായി ടിക്കറ്റുകള്‍ ഇടനിലക്കാര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് ആക്ഷേപം. ക്യൂവില്‍ നില്ക്കുന്ന പത്തിരുപത് പേര്‍ക്ക് ടിക്കറ്റ് നല്കി കഴിയുമ്പോഴേയ്ക്കും പല തീയേറ്ററുകളിലും കൌണ്ടറില്‍ ഹൌസ്ഫുള് ബോര്‍ഡ് വരും. പിന്നെ കരിഞ്ചന്ത മാത്രമാണ് ആശ്രയം. എഴുപത് രൂപ നിരക്കുള്ള ടിക്കറ്റ്, അവധി ദിവസങ്ങളില്‍ 150 രൂപയ്ക്കും 200 രൂപയ്ക്കും വരെയാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.
രണ്ടു സ്ക്രീനുകളുള്ള തീയേറ്ററുകളില്‍ ജനപ്രിയ സിനിയ്ക്കുള്ള ടിക്കറ്റ് വിതരണം ഞൊടിയിടയില്‍ തീരും. കരിഞ്ചന്തയില്‍ നിന്ന് ടിക്കറ്റ് വാങ്ങാന്‍ താല്പര്യമില്ലാത്ത കാണികള്‍ ഇഷ്ടമില്ലാത്ത സിനിമ കാണാന്‍ നിര്‍ബന്ധിതരാകും. അതല്ലെങ്കില്‍ സിനിമ കാണാതെ മടങ്ങണം.
കുടുംബസമേതം എത്തുന്ന പ്രേക്ഷകര്‍ ചിത്രം കാണാതെ പോകാന്‍ മടിയ്ക്കും എന്നതാണ് കരിഞ്ചന്ത വില്പനയെ കൊഴുപ്പിയ്ക്കുന്ന പ്രധാന ഘടകം. എത്ര പണം കൊടുത്തും കരിഞ്ചന്തയില്‍ നിന്ന് ടിക്കറ്റ് വാങ്ങാനോ ഇഷ്ടമല്ലെങ്കിലും മറ്റൊരു പടം കാണാനോ ഇവര്‍ തയ്യാറാകും.
തീയേറ്ററുകളില്‍ പലപ്പോഴും പോലീസ് സാന്നിദ്ധ്യമുണ്ടെങ്കിലും കിഞ്ചന്ത വില്പനയെ അത് ബാധിക്കാറില്ല. തീയേറ്റര്‍ അധികൃതരുടേയും പോലീസിണ്റ്റേയും ഒത്താശയോടെയാണ് പ്രേക്ഷകരുടെ കഴുത്തറുക്കുന്ന കിഞ്ചന്തയിലുള്ള ടിക്കറ്റ് വില്പന.
മംഗളം 19.04.2012
1 comment:
തിരക്കിലതപോള് പടം കാണട്ടെ
Post a Comment