Wednesday, February 27, 2013

ബിനാലെ കണ്ടറിയാന്‍ സുവര്‍ണ്ണയിലെ ചിത്രരചനാ വിദ്യാര്‍ത്ഥികളും


പെരുമ്പാവൂര്‍: കൊച്ചിയില്‍ നടക്കുന്ന ബിനാലെ പ്രദര്‍ശന നഗരിയിലേയ്ക്ക് വളയന്‍ചിറങ്ങര സുവര്‍ണ്ണ തീയേറ്റേഴ്‌സില്‍ നിന്ന് ഒരു സംഘം കുട്ടികളുടെ പഠന യാത്ര. 
മാധ്യമങ്ങളില്‍ നിറഞ്ഞ ഈ കലാമാമാങ്കം കാണുകയും അറിയുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മോഹന്‍ലാല്‍ ഒപ്പിട്ടു നല്‍കിയ പുത്തന്‍ നാനോ കാറില്‍, ബിനാലെയ്ക്ക് നേതൃത്വം വഹിയ്ക്കുന്ന പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി സ്‌ട്രെച്ച്ഡ് ബോഡീസ് എന്ന കലാസൃഷ്ടി ഒരുക്കുന്നത് കുട്ടികള്‍ നേരില്‍ കണ്ടു. ചലചിത്രകാരന്മാരായ സന്തോഷ് ശിവനും ടി.കെ രാജീവ് കുമാറുമൊക്കെ ഈ ചിത്രരചന നേരിട്ട് ക്യാമറയില്‍ ചിത്രീകരിക്കുന്നതും.
ഉത്തരേന്ത്യക്കാരനായ നന്ദലാല്‍ ചായപന്തലെന്ന ഇന്‍സ്റ്റലേഷന്‍ ഒരുക്കിയതും വടക്കാഞ്ചേരി സ്വദേശി സൂരജ് കുമാര്‍ പൊട്ടിക്കാത്ത മുട്ടത്തോടിന് മുകളില്‍ ചിത്ര രചന നിര്‍വ്വഹിയ്ക്കുന്നതും കുട്ടികളുടെ സംഘത്തെ ഏറെ ആകര്‍ഷിച്ചു. 
ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍ വാള്‍ ഹൗസ് മാത്രമല്ല ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ് തുടങ്ങിയ വേദികളിലെല്ലാം പത്താം ക്ലാസിന് താഴെയുള്ളവര്‍ മാത്രം അടങ്ങിയ സംഘം കയറിയിറങ്ങി. വളന്‍ചിറങ്ങര സുവര്‍ണയിലെ ചിത്രകലാ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രശസ്ത ചിത്രകാരനായ പി.പി രാജേന്ദ്രനും ഒപ്പമുണ്ടായിരുന്നു. 

മംഗളം 27.02.2013

Tuesday, February 26, 2013

ബി.എസ്.എന്‍.എല്‍ ഫൈബര്‍ ടു ഹോം ഇന്റര്‍നെറ്റ് സേവനം പെരുമ്പാവൂരിലും




പെരുമ്പാവൂര്‍: ബി.എസ്.എന്‍.എല്‍ ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്റ് ഇന്‍ര്‍നെറ്റ് സേവനം ഇനി ടൗണിലും പരിസരങ്ങളിലും ലഭിയ്ക്കും.
ജിഗാബൈറ്റ് പാസീവ് ഓപ്റ്റിക്കല്‍ നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സേവനമാണ് ഇത്. ഇതനുസരിച്ച് വോയ്‌സ്, ഡാറ്റ, വീഡിയോ സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി കൂടുതല്‍ കാര്യക്ഷമതയോടെ ലഭ്യമാകും. വീടുകളിലേയ്ക്ക് ഇതുവരെ വലിച്ചിരുന്ന കോപ്പര്‍ ലൈനു പകരം ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് അപ് ലോഡും ഡൗണ്‍ലോഡും ഒരേ വേഗതയില്‍ ലഭ്യമാകും.
കൂടുതല്‍ കണക്ഷനുകള്‍ ഒരേ സമയം ഉപയോഗിക്കുന്ന അപ്പാര്‍ട്ടുമെന്റുകള്‍, വില്ലകള്‍, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ എന്നിവര്‍ക്കാണ് ഈ സേവനം കൂടുതല്‍ ഉപകാരപ്പെടുകയെന്ന് ടെലികോം ഡിവിഷണല്‍ എന്‍ജിനിയര്‍ കെ.കെ അയ്യപ്പന്‍ അറിയിച്ചു. ഒരു കേബിള്‍ ഉപയോഗിച്ച് 32 കണക്ഷന്‍ വരെ നല്‍കാനാകും.
സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഈ സേവനത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ 9447404576 എന്ന നമ്പറില്‍ എസ്.എം.എസ് അയച്ചാല്‍ മതിയാകും.

മംഗളം 26.02.2013



നമ്പിള്ളി- തോട്ടുവ റോഡില്‍ കലുങ്ക് ഇടിഞ്ഞു


 അപകട കെണിയൊരുക്കി ഓണമ്പിള്ളി കലുങ്ക്

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ നമ്പിള്ളി-തോട്ടുവ റോഡിലെ കലുങ്ക് ഇടിഞ്ഞു. വന്‍ അപകടത്തിന് സാദ്ധ്യതയെന്ന് നാട്ടുകാര്‍. 
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കലുങ്കാണ് അപകട നിലായിലായത്. മൂന്നാം വാര്‍ഡില്‍ ഒക്കല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നീര്‍ച്ചാലിന് മുകളിലൂടെയുള്ള റോഡിന്റെ മദ്ധ്യം തകര്‍ന്ന നിലയിലാണ്. തകര്‍ന്നത് കണക്കാക്കാതെ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും ടോറസ് പോലുള്ള ഭാര വണ്ടികളും ഇതുവഴി കടന്നു പോകുന്നു. അപകട മേഖലയെന്നു കാണിയ്ക്കാന്‍ നാട്ടുകാര്‍ വച്ചിട്ടുള്ള ടാര്‍ വീപ്പകള്‍ തട്ടിമറിച്ചാണ് ഇതുവഴിയുള്ള വാഹന ഗതാഗതം.
മൂന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ കലുങ്ക് ഇടിഞ്ഞു തുടങ്ങിയിരുന്നു. അപ്പോള്‍ത്തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 
പത്തോളം സ്വകാര്യ ബസുകളും രണ്ട് കെ.എസ്.ആര്‍.ടി ബസുകളും ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. വ്യവസായ മേഖലയായ ഇടവൂരിലേയ്ക്ക് നൂറുകണക്കിന് ഭാരവണ്ടികളാണ് ഇതുവഴി കടന്നു പോകുന്നത്. കൂടാതെ അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഒക്കല്‍, താന്നിപ്പുഴ, കൂവപ്പടി തുടങ്ങിയ മേഖലകളിലെ വിവിധ വിദ്യാലയങ്ങളിലെ വാഹനങ്ങളും ഈ റോഡിനെത്തന്നെ ആശ്രയിക്കുന്നു. 
കലുങ്കിനു നടുവിലുള്ള വിള്ളലില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ പലരും ഇതിനോടകം തന്നെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിലവിലുള്ള മട്ടില്‍  വാഹനഗതാഗതം തുടര്‍ന്നാല്‍ ഏതു നിമിഷവും കലുങ്ക് തകരാം. അത് വഴിയുണ്ടാകുന്ന അവകടം ചെറുതായിരിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ പൊതുമരാമത്തുവകുപ്പും ഒക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതരും മറുപടി പറയേണ്ടി വരുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കുന്നു.

 മംഗളം 26.02.2013


ഹര്‍ത്താല്‍ വേണ്ടേ വേണ്ട; പുല്ലുവഴിയ്ക്ക് പിന്നാലെ ഒക്കലും

പെരുമ്പാവൂര്‍: വര്‍ഷങ്ങളായി കടകളടച്ചുള്ള ഹര്‍ത്താല്‍ പ്രതിഷേധങ്ങളോട് മുഖം തിരിയ്ക്കുന്ന പുല്ലുവഴിയ്ക്ക് പിന്നാലെ ഒക്കലും.
ഇരുപത്തിനാലു മണിക്കൂറും നാല്‍പ്പത്തിയെട്ട് മണിക്കൂറും മറ്റും നീണ്ടു നില്‍ക്കുന്ന പണിമുടക്ക് സമരങ്ങളില്‍ മനം മടുത്താണ് ഒക്കല്‍ പൗരസമിതിയും ഇത്തരം ജനദ്രോഹ സമര നടപടികളോട് മുഖം തിരിയ്ക്കാന്‍ തീരുമാനിച്ചത്. പൗര സമിതിയും കര്‍ത്തവ്യ ലൈബ്രറി ഭാരവാഹികളും മര്‍ച്ചന്റ്‌സ് അസോസിയേഷനും ട്രേയ്ഡ് യൂണിയന്‍ നേതാക്കളും ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഒക്കല്‍ മേഖല ഭാരവാഹികളും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ അഡ്വ. ശ്രീപ്രകാശ് അവതരിപ്പിച്ച നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ പണിമുടക്ക് ജനദ്രോഹമോ ജന നന്മയൊ എന്ന പ്രമേയം ഐകകണ്ഠമായി അംഗീകരിയ്ക്കുകയായിരുന്നു. ഏതുകാര്യത്തിലുള്ള പ്രതിഷേധവും ഒന്നോ രണ്ടോ മണിക്കൂര്‍ നേരമാകാം. ജനത്തെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തില്‍ കടകളടച്ചും വാഹനങ്ങള്‍ തടഞ്ഞുമുള്ള പ്രതിഷേധം ഇനി ഒക്കല്‍ മേഖലയില്‍ അനുവദിയ്‌ക്കേണ്ടതില്ലെന്നാണ് പൗരസമിതിയുടെ തീരുമാനം.
കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ പുല്ലുവഴിയാണ് ഹര്‍ത്താല്‍ വിരുദ്ധ നിലപാടെടുത്തതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. മുന്‍ കേരള മുഖ്യമന്ത്രി പി.കെ.വിയുടേയും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടേയും ഗ്രാമീണത്തനിമയുള്ള പ്രസംഗങ്ങള്‍ കൊണ്ട് നിയമസഭയില്‍ ശ്രദ്ധേയനായിരുന്ന പി.ആര്‍ ശിവന്റേയും തട്ടകമായിരുന്ന പുല്ലുവഴിയില്‍ ഇന്ന് ഏതു രാഷ്ട്രീയ കക്ഷിയുടെ ഹര്‍ത്താലിനും  പുല്ലുവിലയാണ്. പെട്ടിക്കട മുതല്‍ ബാര്‍ ഹോട്ടലുകള്‍ വരെ ഇവിടെ തുറന്നു പ്രവര്‍ത്തിയ്ക്കും. അതുകൊണ്ടുതന്നെ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോലഞ്ചേരി തുടങ്ങിയ സമീപ ടൗണുകളില്‍ നടക്കുന്ന കച്ചവടം മുഴുവന്‍ ചെറിയ ഗ്രാമമായ പുല്ലുവഴിയ്ക്ക് സ്വന്തമാവുകയും ചെയ്യുന്നു.
ഒക്കലില്‍ ചേര്‍ന്ന ഹര്‍ത്താല്‍ വിരുദ്ധയോഗം ആന്റി കറപ്ഷന്‍ പീപ്പള്‍സ് മൂവ്‌മെന്റ് മേഖല കണ്‍വീനര്‍ വൈക്കം വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
വി.പി സുരേഷ്, ഒക്കല്‍ വറുഗീസ്, എം.വി ബാബു, കെ.എ പൊന്നപ്പന്‍, ഗിരീഷ് ചുള്ളിക്കാട്, ശശി ശങ്കര, ഫ്രാന്‍സിസ് ഇ.പി, ഷാജി അരുണോദയം, പി.ആര്‍ ശശി, ശാന്ത ശിവരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 26.02.2013


Sunday, February 24, 2013

പെരുമ്പാവൂര്‍ ബൈപാസ്‌ റോഡ്‌ : സ്ഥലമെടുപ്പിനെതിരെ ജനറല്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ വീണ്ടും രംഗത്ത്‌



പെരുമ്പാവൂര്‍: ബൈപാസ്‌ റോഡിന്റെ സ്ഥലമെടുപ്പിനെതിരെ ജനറല്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ വീണ്ടും രംഗത്ത്‌.
മാര്‍ക്കറ്റിന്റെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുന്ന മട്ടില്‍ അലൈന്‍മെന്റ്‌ തയ്യാറാക്കിയതിനെതിരെ ഫെഡറേഷന്‍ മുമ്പ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പുതിയ പച്ചക്കറി മാര്‍ക്കറ്റ്‌ ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണത്തിനു വേണ്ടി കുടിയൊഴിപ്പിയ്‌ക്കപ്പെട്ട വ്യാപാരികള്‍ സംഘടിച്ച്‌ 2007-ല്‍ രൂപീകരിച്ച സമാന്തര മാര്‍ക്കറ്റാണ്‌ ഫെഡറേഷന്റേത്‌. പട്ടണത്തോട്‌ ചേര്‍ന്ന്‌ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരേക്കര്‍ 74 സെന്റ്‌ സ്ഥലത്താണ്‌ ഇതിന്റെ പ്രവര്‍ത്തനം. അറുപത്‌ സ്ഥിരം സ്റ്റാളുകളും അതിലേറെ ചെറുകിട കച്ചവടക്കാരും ഇവിടെ വ്യാപാരം നടത്തുന്നുണ്ട്‌.
ഹൈക്കോടതി ഇടപെട്ടതിനുശേഷവും ഫെഡറേഷന്‍ വക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്‌ കാര്യങ്ങളുടെ പോക്കെന്നും സ്ഥലം എം.എല്‍.എയുടെ നിഷേധാത്മകമായ നിലപാടാണ്‌ ഇതിന്‌ കാരണമെന്നും മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.കെ സെയ്‌തു മുഹമ്മദ്‌ ആരോപിയ്‌ക്കുന്നു.
പുറമ്പോക്കിലുള്ള ഒരു വീടുമാത്രമാണ്‌ റോഡു നിര്‍മ്മാണത്തിനായി പൊളിച്ചുമാറ്റേണ്ടി വരികയെന്നാണ്‌ എം.എല്‍.എയുടെ വശദീകരണം. എന്നാല്‍ പി.പി റോഡിന്‌ അഭിമുഖമായ 25 മീറ്റര്‍ നീളമുള്ള മാര്‍ക്കറ്റ്‌ ബില്‍ഡിംഗിന്‌ നടുവിലൂടെയാണ്‌ റോഡിന്റെ മദ്ധ്യരേഖ നിശ്ചയിച്ചത്‌. 30 മീറ്റര്‍ വീതിയാണ്‌ നിര്‍ദ്ദിഷ്‌ട ബൈപാസിനുള്ളത്‌. അങ്ങനെ വന്നാല്‍ മാര്‍ക്കറ്റ്‌ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കേണ്ടിവരും.
ഇതേ തുടര്‍ന്ന്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ സാജുപോള്‍ എം.എല്‍.എയെ സമീപിച്ചു. പക്ഷെ നിഷേധാത്മകമായ നിലപാടാണ്‌ അദ്ദേഹത്തില്‍ നിന്നുണ്ടായത്‌. അതിനുശേഷമാണ്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വികസനത്തിന്റെ പേരില്‍ നിരന്തരം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ വികാരം ബോധ്യപ്പെട്ട കോടതി പരാതിയില്‍ തീര്‍പ്പുണ്ടാകണമെന്ന്‌ ചീഫ്‌ സെക്രട്ടറിയ്‌ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇതനുസരിച്ച്‌ കഴിഞ്ഞ 16 ന്‌ എം.എല്‍.എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിയ്‌ക്കുകയും അലൈന്‍മെന്റില്‍ ഭേതഗതി വരുത്തിയെന്ന്‌ അറിയിയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിയ്‌ക്കില്ലെന്ന്‌ ഉറപ്പ്‌ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന എം.എല്‍.എയുടെ പ്രസ്‌താവന തെറ്റിദ്ധരിപ്പിയ്‌ക്കുന്നതാണെന്ന്‌ സെയ്‌തു മുഹമ്മദ്‌ പറയുന്നു.
നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരത്തിന്റെ പ്രധാന ഗുണഭോക്താക്കളാണ്‌ വ്യാപാരി സമൂഹമെന്നും എന്നാല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്‌ ജനാധിപത്യ പരമായ രീതിയിലായിരിയ്‌ക്കണമെന്നും മാനേജിംഗ്‌ ഡയറക്‌ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.


Saturday, February 23, 2013

പത്താം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച നാലു യുവാക്കള്‍ പോലീസ് പിടിയിലായി




പെരുമ്പാവൂര്‍: വിവാഹ വാഗ്ദാനം നല്‍കി പത്താം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പോലീസ് പിടിയിലായി.
കോട്ടപ്പടി കോഴിപ്പുറം വീട്ടില്‍ സതീഷ് (വാവ-22), ഇയാളുടെ ബന്ധുക്കളായ കോട്ടപ്പടി കോഴിപ്പുറം വീട്ടില്‍ രഞ്ജിത് (22), പെട്ടമല ആറുകണ്ടത്തില്‍ സതീഷ് കുമാര്‍ (30), മാമലക്കണ്ടം കിളിയറ വീട്ടില്‍ വിനീഷ് (29) എന്നിവരെയാണ് കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തെപറ്റി പോലീസ് പറയുന്നത് ഇങ്ങനെ: നെടുങ്ങപ്ര സ്വദേശിനിയായ പതിനാറുകാരിയുമായി സതീഷ് പ്രണയത്തിലായിരുന്നു. എന്നാല്‍  പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ വിവാഹം നടത്തിക്കൊടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയുടെ അമ്മ. എന്നാല്‍ കഴിഞ്ഞ ഇരുപതിന് ബന്ധുക്കള്‍ക്കൊപ്പം വന്ന സതീഷ് ബലമായി പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പയ്യാലില്‍ വച്ചാണ് പെണ്‍കുട്ടിയുമായി ഓട്ടോയില്‍ പോവുകയായിരുന്ന നാലു യുവാക്കളെയും
 പോലീസ് വ്യാഴാഴ്ച പിടികൂടിയത്. നാലുപേരേയും കോടതി റിമാന്റ് ചെയ്തു.

22.02.13

പ്ലൈവുഡ് മലിനീകരണവിരുദ്ധ സമരം: സത്യഗ്രഹിയുടെ ജീവന്‍ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് സമരസമിതി


പെരുമ്പാവൂര്‍: ജില്ലയിലെ പ്ലൈവുഡ് കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ നിരാഹാര സമരം നടത്തിയ സത്യഗ്രഹിയുടെ ജീവന്‍ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് സമരസമിതി.
പതിനെട്ടു ദിവസത്തെ നിരാഹാര സമരത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴിയുടെ ജീവന്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഡി.എം.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. 
കഴിഞ്ഞ ജനുവരി 30 നാണ് വറുഗീസ് പുല്ലുവഴി നിരാഹാര  സമരം തുടങ്ങിയത്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ജീവത്യാഗം ചെയ്യുമെന്ന നോട്ടീസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, ജില്ലാ കളക്ടര്‍, ഡി.എം.ഒ, സിറ്റി പോലീസ് കമ്മീഷണര്‍, സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ പതിനാല് ദിവസത്തേക്ക് പോലീസ് ഉദ്യോഗസ്ഥരോ ആരോഗ്യ വകുപ്പ് അധികൃതരൊ തിരിഞ്ഞുനോക്കിയില്ല. 
നിയമപരമായി ഉറപ്പുവരുത്തേണ്ട പരിചരണവും സുരക്ഷയും പാടെ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരും പോലീസും നിരാഹാരത്തിന്റെ പതിനാലാം ദിവസം അസമയത്ത് സമരപന്തലില്‍ ഇരച്ചുകയറി സത്യഗ്രഹിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ജനറല്‍ ഹോസ്പിറ്റലിന്റെ ജനറല്‍ വാര്‍ഡില്‍ അദ്ദേഹത്തെ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്നും സമരസമിതിപ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്നുള്ള 24 മണിക്കൂര്‍ നേരത്തേയ്ക്ക് ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ തിരുഞ്ഞുനോക്കിയതുപോലുമില്ല. ആശുപത്രിയിലും നിരാഹാരം തുടര്‍ന്ന സമരനേതാവിന് കുടിയ്ക്കാന്‍ ചൂടുവെള്ളം നല്‍കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. 
വറുഗീസ് പുല്ലുവഴി സ്വയം ചികിത്സ തേടി എത്തിയതാണെന്നും ബില്‍ തുകയായ പതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും ആശുപത്രി അധികൃര്‍ പിന്നീട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വറുഗീസ് പുല്ലുവഴി ഇവിടെനിന്നു നല്‍കിയ മരുന്നുകള്‍ നിരസിച്ചു.
ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തുടങ്ങിയവര്‍ സംയോചിതമായി ഇടപെട്ടതിനെതുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. അങ്ങനെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് വറുഗീസ് പുല്ലുവഴിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം മൂലം വറുഗീസ് പുല്ലുവഴിയുടെ ജീവന്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കുചേര്‍ന്ന ഡി.എം.ഒയ്ക്കും പോലീസ് അധികൃര്‍ക്കുമെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുമെന്ന് സമരസമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ബേയ്‌സില്‍ കുര്യാക്കോസും ജനറല്‍ കണ്‍വീനര്‍ സി.കെ പ്രസന്നനും അറിയിച്ചു.

മംഗളം 23.2.2013

ഹോളോബ്രിക്‌സ് കൊണ്ടു തലയ്ക്കിടിച്ച് കൊന്നു; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍


അലക്‌സാണ്ടര്‍
പെരുമ്പാവൂര്‍: പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ ഹോളോബ്രിക്‌സ് ഉപയോഗിച്ച്  തലയ്ക്ക് അടിച്ച് ആക്രി കച്ചവടക്കാരനെ കൊലപ്പെടുത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയിലായി.
വേങ്ങൂര്‍ കോഴിക്കോട്ടുകുളങ്ങര നെടുങ്ങാട്ടുകുടി വീട്ടില്‍ പൗലോസിന്റെ മകന്‍ അലക്‌സാണ്ട (40) റെ കൊലപ്പെടുത്തിയ ഇടുക്കി മുണ്ടക്കയം മതമ്പ ഭാഗത്ത് പുതുവേല്‍ വീട്ടില്‍ പൊന്നുവിന്റെ മകന്‍ തമ്പി (35) യാണ് പോലീസ് പിടിയിലായത്.
തമ്പി
ബുധനാഴ്ച രാത്രി 11.45-ന് ഇ.വി.എം തീയറ്ററിന് അടുത്തുള്ള ആദം പ്ലാസ ഷോപ്പിങ്ങ് കോംപ്ലക്‌സിനു മുന്നിലാണ് സംഭവം. കെട്ടിടത്തിന്റെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന അലക്‌സാണ്ടറില്‍ നിന്നും പണം അപഹരിയ്ക്കാനുള്ള ശ്രമത്തിനിടയില്‍ കെട്ടിടം പണിയ്ക്കായി ഇറക്കിവച്ചിരുന്ന ഹോളോ ബ്രിക്‌സ് എടുത്ത് തമ്പി തലയ്ക്ക് ഇടിയ്ക്കുകയായിരുന്നു. 
 പിറ്റേന്ന് നാട്ടിലേയ്ക്ക് ഏതെങ്കിലും വാഹനത്തില്‍ കയറി രക്ഷപ്പെടാനായി താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴാണ് ഡിവൈ.എസ്.പി പി ഹരികൃഷ്ണന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ ബിജോയ് ചന്ദ്രന്‍, എസ്.ഐ മാരായ രവി, റെജി, എ.എസ്.ഐ എല്‍ദോസ്, സീനിയര്‍ സി.പി.ഒ ജലാലുദ്ദീന്‍, ഡ്രൈവര്‍ രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

22.02.2013

Tuesday, February 19, 2013

പെരുമ്പാവൂർ ബൈപാസ് റോഡ്: അനിശ്ചിതത്വത്തിന് അറുതി


പാത്തിപാലം ഭാഗത്തും വട്ടയ്ക്കാട്ടുപടിയിലും ഫ്‌ളൈ ഓവറുകൾ 

പെരുമ്പാവൂർ: തർക്കങ്ങളും പരാതികളും മൂലം ഇരുപതുമാസത്തോളം അനിശ്ചിതത്വത്തിലായിരുന്ന പെരുമ്പാവൂർ ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് സാജുപോൾ എം.എൽ.എ അറിയിച്ചു.
സ്ഥലം ഉടമകളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം തർക്ക സ്ഥലങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് തടസ്സങ്ങൾ തീർക്കാൻ ധാരണയായത്. ഇതനുസരിച്ച് പി.പി റോഡിലെ പാത്തിപ്പാലം മാർക്കറ്റിന്റെ സ്ഥലം റോഡു നിർമ്മാണത്തിനായി ഭാഗികമായി മാത്രമായിരിയ്ക്കും ഏറ്റെടുക്കുക. ഇവിടെ ഫ്‌ളൈ ഓവർ സ്ഥാപിച്ച് പാലക്കാട്ടുതാഴം പാലം, വട്ടയ്ക്കാട്ടുപടി ഭാഗങ്ങളിലേയ്ക്ക് അപ്രോച്ച് റോഡുകൾ നിർമ്മിയ്ക്കാനാണ് തീരുമാനം. വട്ടയ്ക്കാട്ടുപടിയിലും ഫ്‌ളൈ ഓവറും അപ്രോച്ച് റോഡുകളും നിർമ്മിയ്ക്കുന്നുണ്ട്.
കോടതി ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി.എ ഹാഷിം, എക്‌സിക്യുട്ടീവ് എഞ്ചിനീയർ അശോക് എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. 
ബൈപാസ് റോഡിനു വേണ്ടി മുപ്പതു മീറ്റർ വീതിയിൽ 3.5 കിലോ മീറ്റർ നീളത്തിലാണ് സ്ഥലം എറ്റെടുക്കുന്നത്. ആകെ 25 ഏക്കർ സ്ഥലം ആവശ്യമാണ്. ഇതിൽ 83 ശതമാനം ഭാഗവും തരിശായി കിടക്കുന്നതാണ്. റോഡിന്റെ ദിശയിൽ 9 കെട്ടിടങ്ങൾ ഉണ്ടെങ്കിലും വാസഗൃഹങ്ങളില്ല. ഒന്നുണ്ടെങ്കിലും അത് പുറമ്പോക്കിലാണ്.
പെരുമ്പാവൂരിലെ മുഴുവൻ ജനപ്രതിനിധകളും രാഷ്ട്രീയ കക്ഷി നേതാക്കളും ബൈപാസ് റോഡിനു വേണ്ടി ഒറ്റക്കെട്ടായ നിലപാടാണ് എടുത്തതെന്ന്  എം.എൽ.എ പറഞ്ഞു. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കുമെന്ന് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിയ്ക്കുന്നതോടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആരംഭിയ്ക്കുമെന്നും എം.എൽ.എ പറഞ്ഞു.


മംഗളം 18.02.2013