Saturday, February 23, 2013

പ്ലൈവുഡ് മലിനീകരണവിരുദ്ധ സമരം: സത്യഗ്രഹിയുടെ ജീവന്‍ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് സമരസമിതി


പെരുമ്പാവൂര്‍: ജില്ലയിലെ പ്ലൈവുഡ് കമ്പനികള്‍ സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ നിരാഹാര സമരം നടത്തിയ സത്യഗ്രഹിയുടെ ജീവന്‍ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് സമരസമിതി.
പതിനെട്ടു ദിവസത്തെ നിരാഹാര സമരത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴിയുടെ ജീവന്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഡി.എം.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. 
കഴിഞ്ഞ ജനുവരി 30 നാണ് വറുഗീസ് പുല്ലുവഴി നിരാഹാര  സമരം തുടങ്ങിയത്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ ജീവത്യാഗം ചെയ്യുമെന്ന നോട്ടീസ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി, ജില്ലാ കളക്ടര്‍, ഡി.എം.ഒ, സിറ്റി പോലീസ് കമ്മീഷണര്‍, സ്ഥലം സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ ശേഷമായിരുന്നു ഇത്. എന്നാല്‍ പതിനാല് ദിവസത്തേക്ക് പോലീസ് ഉദ്യോഗസ്ഥരോ ആരോഗ്യ വകുപ്പ് അധികൃതരൊ തിരിഞ്ഞുനോക്കിയില്ല. 
നിയമപരമായി ഉറപ്പുവരുത്തേണ്ട പരിചരണവും സുരക്ഷയും പാടെ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരും പോലീസും നിരാഹാരത്തിന്റെ പതിനാലാം ദിവസം അസമയത്ത് സമരപന്തലില്‍ ഇരച്ചുകയറി സത്യഗ്രഹിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പിറ്റേന്ന് രാവിലെ ജനറല്‍ ഹോസ്പിറ്റലിന്റെ ജനറല്‍ വാര്‍ഡില്‍ അദ്ദേഹത്തെ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്നും സമരസമിതിപ്രവര്‍ത്തകര്‍ പറയുന്നു. തുടര്‍ന്നുള്ള 24 മണിക്കൂര്‍ നേരത്തേയ്ക്ക് ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ തിരുഞ്ഞുനോക്കിയതുപോലുമില്ല. ആശുപത്രിയിലും നിരാഹാരം തുടര്‍ന്ന സമരനേതാവിന് കുടിയ്ക്കാന്‍ ചൂടുവെള്ളം നല്‍കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. 
വറുഗീസ് പുല്ലുവഴി സ്വയം ചികിത്സ തേടി എത്തിയതാണെന്നും ബില്‍ തുകയായ പതിനായിരം രൂപ കെട്ടിവയ്ക്കണമെന്നും ആശുപത്രി അധികൃര്‍ പിന്നീട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് വറുഗീസ് പുല്ലുവഴി ഇവിടെനിന്നു നല്‍കിയ മരുന്നുകള്‍ നിരസിച്ചു.
ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തുടങ്ങിയവര്‍ സംയോചിതമായി ഇടപെട്ടതിനെതുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. അങ്ങനെ സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് വറുഗീസ് പുല്ലുവഴിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
ബാഹ്യ ശക്തികളുടെ സമ്മര്‍ദ്ദം മൂലം വറുഗീസ് പുല്ലുവഴിയുടെ ജീവന്‍ അപായപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കുചേര്‍ന്ന ഡി.എം.ഒയ്ക്കും പോലീസ് അധികൃര്‍ക്കുമെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കുമെന്ന് സമരസമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ബേയ്‌സില്‍ കുര്യാക്കോസും ജനറല്‍ കണ്‍വീനര്‍ സി.കെ പ്രസന്നനും അറിയിച്ചു.

മംഗളം 23.2.2013

No comments: