പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Tuesday, February 19, 2013

പെരുമ്പാവൂർ ബൈപാസ് റോഡ്: അനിശ്ചിതത്വത്തിന് അറുതി


പാത്തിപാലം ഭാഗത്തും വട്ടയ്ക്കാട്ടുപടിയിലും ഫ്‌ളൈ ഓവറുകൾ 

പെരുമ്പാവൂർ: തർക്കങ്ങളും പരാതികളും മൂലം ഇരുപതുമാസത്തോളം അനിശ്ചിതത്വത്തിലായിരുന്ന പെരുമ്പാവൂർ ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്ന് സാജുപോൾ എം.എൽ.എ അറിയിച്ചു.
സ്ഥലം ഉടമകളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥ സംഘം തർക്ക സ്ഥലങ്ങളിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് തടസ്സങ്ങൾ തീർക്കാൻ ധാരണയായത്. ഇതനുസരിച്ച് പി.പി റോഡിലെ പാത്തിപ്പാലം മാർക്കറ്റിന്റെ സ്ഥലം റോഡു നിർമ്മാണത്തിനായി ഭാഗികമായി മാത്രമായിരിയ്ക്കും ഏറ്റെടുക്കുക. ഇവിടെ ഫ്‌ളൈ ഓവർ സ്ഥാപിച്ച് പാലക്കാട്ടുതാഴം പാലം, വട്ടയ്ക്കാട്ടുപടി ഭാഗങ്ങളിലേയ്ക്ക് അപ്രോച്ച് റോഡുകൾ നിർമ്മിയ്ക്കാനാണ് തീരുമാനം. വട്ടയ്ക്കാട്ടുപടിയിലും ഫ്‌ളൈ ഓവറും അപ്രോച്ച് റോഡുകളും നിർമ്മിയ്ക്കുന്നുണ്ട്.
കോടതി ഉത്തരവ് പ്രകാരം പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയർ പി.എ ഹാഷിം, എക്‌സിക്യുട്ടീവ് എഞ്ചിനീയർ അശോക് എന്നിവരാണ് പരിശോധനയ്‌ക്കെത്തിയത്. 
ബൈപാസ് റോഡിനു വേണ്ടി മുപ്പതു മീറ്റർ വീതിയിൽ 3.5 കിലോ മീറ്റർ നീളത്തിലാണ് സ്ഥലം എറ്റെടുക്കുന്നത്. ആകെ 25 ഏക്കർ സ്ഥലം ആവശ്യമാണ്. ഇതിൽ 83 ശതമാനം ഭാഗവും തരിശായി കിടക്കുന്നതാണ്. റോഡിന്റെ ദിശയിൽ 9 കെട്ടിടങ്ങൾ ഉണ്ടെങ്കിലും വാസഗൃഹങ്ങളില്ല. ഒന്നുണ്ടെങ്കിലും അത് പുറമ്പോക്കിലാണ്.
പെരുമ്പാവൂരിലെ മുഴുവൻ ജനപ്രതിനിധകളും രാഷ്ട്രീയ കക്ഷി നേതാക്കളും ബൈപാസ് റോഡിനു വേണ്ടി ഒറ്റക്കെട്ടായ നിലപാടാണ് എടുത്തതെന്ന്  എം.എൽ.എ പറഞ്ഞു. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കുമെന്ന് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിയ്ക്കുന്നതോടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആരംഭിയ്ക്കുമെന്നും എം.എൽ.എ പറഞ്ഞു.


മംഗളം 18.02.2013No comments: