Wednesday, February 27, 2013

ബിനാലെ കണ്ടറിയാന്‍ സുവര്‍ണ്ണയിലെ ചിത്രരചനാ വിദ്യാര്‍ത്ഥികളും


പെരുമ്പാവൂര്‍: കൊച്ചിയില്‍ നടക്കുന്ന ബിനാലെ പ്രദര്‍ശന നഗരിയിലേയ്ക്ക് വളയന്‍ചിറങ്ങര സുവര്‍ണ്ണ തീയേറ്റേഴ്‌സില്‍ നിന്ന് ഒരു സംഘം കുട്ടികളുടെ പഠന യാത്ര. 
മാധ്യമങ്ങളില്‍ നിറഞ്ഞ ഈ കലാമാമാങ്കം കാണുകയും അറിയുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മോഹന്‍ലാല്‍ ഒപ്പിട്ടു നല്‍കിയ പുത്തന്‍ നാനോ കാറില്‍, ബിനാലെയ്ക്ക് നേതൃത്വം വഹിയ്ക്കുന്ന പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി സ്‌ട്രെച്ച്ഡ് ബോഡീസ് എന്ന കലാസൃഷ്ടി ഒരുക്കുന്നത് കുട്ടികള്‍ നേരില്‍ കണ്ടു. ചലചിത്രകാരന്മാരായ സന്തോഷ് ശിവനും ടി.കെ രാജീവ് കുമാറുമൊക്കെ ഈ ചിത്രരചന നേരിട്ട് ക്യാമറയില്‍ ചിത്രീകരിക്കുന്നതും.
ഉത്തരേന്ത്യക്കാരനായ നന്ദലാല്‍ ചായപന്തലെന്ന ഇന്‍സ്റ്റലേഷന്‍ ഒരുക്കിയതും വടക്കാഞ്ചേരി സ്വദേശി സൂരജ് കുമാര്‍ പൊട്ടിക്കാത്ത മുട്ടത്തോടിന് മുകളില്‍ ചിത്ര രചന നിര്‍വ്വഹിയ്ക്കുന്നതും കുട്ടികളുടെ സംഘത്തെ ഏറെ ആകര്‍ഷിച്ചു. 
ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍ വാള്‍ ഹൗസ് മാത്രമല്ല ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ് തുടങ്ങിയ വേദികളിലെല്ലാം പത്താം ക്ലാസിന് താഴെയുള്ളവര്‍ മാത്രം അടങ്ങിയ സംഘം കയറിയിറങ്ങി. വളന്‍ചിറങ്ങര സുവര്‍ണയിലെ ചിത്രകലാ വിദ്യാര്‍ത്ഥികളായ ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രശസ്ത ചിത്രകാരനായ പി.പി രാജേന്ദ്രനും ഒപ്പമുണ്ടായിരുന്നു. 

മംഗളം 27.02.2013

No comments: