പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, February 24, 2013

പെരുമ്പാവൂര്‍ ബൈപാസ്‌ റോഡ്‌ : സ്ഥലമെടുപ്പിനെതിരെ ജനറല്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ വീണ്ടും രംഗത്ത്‌പെരുമ്പാവൂര്‍: ബൈപാസ്‌ റോഡിന്റെ സ്ഥലമെടുപ്പിനെതിരെ ജനറല്‍ മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ വീണ്ടും രംഗത്ത്‌.
മാര്‍ക്കറ്റിന്റെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുന്ന മട്ടില്‍ അലൈന്‍മെന്റ്‌ തയ്യാറാക്കിയതിനെതിരെ ഫെഡറേഷന്‍ മുമ്പ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പുതിയ പച്ചക്കറി മാര്‍ക്കറ്റ്‌ ഷോപ്പിങ്ങ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണത്തിനു വേണ്ടി കുടിയൊഴിപ്പിയ്‌ക്കപ്പെട്ട വ്യാപാരികള്‍ സംഘടിച്ച്‌ 2007-ല്‍ രൂപീകരിച്ച സമാന്തര മാര്‍ക്കറ്റാണ്‌ ഫെഡറേഷന്റേത്‌. പട്ടണത്തോട്‌ ചേര്‍ന്ന്‌ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഒരേക്കര്‍ 74 സെന്റ്‌ സ്ഥലത്താണ്‌ ഇതിന്റെ പ്രവര്‍ത്തനം. അറുപത്‌ സ്ഥിരം സ്റ്റാളുകളും അതിലേറെ ചെറുകിട കച്ചവടക്കാരും ഇവിടെ വ്യാപാരം നടത്തുന്നുണ്ട്‌.
ഹൈക്കോടതി ഇടപെട്ടതിനുശേഷവും ഫെഡറേഷന്‍ വക കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ട അവസ്ഥയിലാണ്‌ കാര്യങ്ങളുടെ പോക്കെന്നും സ്ഥലം എം.എല്‍.എയുടെ നിഷേധാത്മകമായ നിലപാടാണ്‌ ഇതിന്‌ കാരണമെന്നും മാര്‍ക്കറ്റിംഗ്‌ ഫെഡറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.കെ സെയ്‌തു മുഹമ്മദ്‌ ആരോപിയ്‌ക്കുന്നു.
പുറമ്പോക്കിലുള്ള ഒരു വീടുമാത്രമാണ്‌ റോഡു നിര്‍മ്മാണത്തിനായി പൊളിച്ചുമാറ്റേണ്ടി വരികയെന്നാണ്‌ എം.എല്‍.എയുടെ വശദീകരണം. എന്നാല്‍ പി.പി റോഡിന്‌ അഭിമുഖമായ 25 മീറ്റര്‍ നീളമുള്ള മാര്‍ക്കറ്റ്‌ ബില്‍ഡിംഗിന്‌ നടുവിലൂടെയാണ്‌ റോഡിന്റെ മദ്ധ്യരേഖ നിശ്ചയിച്ചത്‌. 30 മീറ്റര്‍ വീതിയാണ്‌ നിര്‍ദ്ദിഷ്‌ട ബൈപാസിനുള്ളത്‌. അങ്ങനെ വന്നാല്‍ മാര്‍ക്കറ്റ്‌ കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കേണ്ടിവരും.
ഇതേ തുടര്‍ന്ന്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ സാജുപോള്‍ എം.എല്‍.എയെ സമീപിച്ചു. പക്ഷെ നിഷേധാത്മകമായ നിലപാടാണ്‌ അദ്ദേഹത്തില്‍ നിന്നുണ്ടായത്‌. അതിനുശേഷമാണ്‌ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വികസനത്തിന്റെ പേരില്‍ നിരന്തരം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ വികാരം ബോധ്യപ്പെട്ട കോടതി പരാതിയില്‍ തീര്‍പ്പുണ്ടാകണമെന്ന്‌ ചീഫ്‌ സെക്രട്ടറിയ്‌ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇതനുസരിച്ച്‌ കഴിഞ്ഞ 16 ന്‌ എം.എല്‍.എയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിയ്‌ക്കുകയും അലൈന്‍മെന്റില്‍ ഭേതഗതി വരുത്തിയെന്ന്‌ അറിയിയ്‌ക്കുകയും ചെയ്‌തു. എന്നാല്‍ കെട്ടിടങ്ങള്‍ പൊളിയ്‌ക്കില്ലെന്ന്‌ ഉറപ്പ്‌ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന എം.എല്‍.എയുടെ പ്രസ്‌താവന തെറ്റിദ്ധരിപ്പിയ്‌ക്കുന്നതാണെന്ന്‌ സെയ്‌തു മുഹമ്മദ്‌ പറയുന്നു.
നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരത്തിന്റെ പ്രധാന ഗുണഭോക്താക്കളാണ്‌ വ്യാപാരി സമൂഹമെന്നും എന്നാല്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്‌ ജനാധിപത്യ പരമായ രീതിയിലായിരിയ്‌ക്കണമെന്നും മാനേജിംഗ്‌ ഡയറക്‌ടര്‍ കൂട്ടിച്ചേര്‍ക്കുന്നു.


No comments: