Tuesday, February 26, 2013

ഹര്‍ത്താല്‍ വേണ്ടേ വേണ്ട; പുല്ലുവഴിയ്ക്ക് പിന്നാലെ ഒക്കലും

പെരുമ്പാവൂര്‍: വര്‍ഷങ്ങളായി കടകളടച്ചുള്ള ഹര്‍ത്താല്‍ പ്രതിഷേധങ്ങളോട് മുഖം തിരിയ്ക്കുന്ന പുല്ലുവഴിയ്ക്ക് പിന്നാലെ ഒക്കലും.
ഇരുപത്തിനാലു മണിക്കൂറും നാല്‍പ്പത്തിയെട്ട് മണിക്കൂറും മറ്റും നീണ്ടു നില്‍ക്കുന്ന പണിമുടക്ക് സമരങ്ങളില്‍ മനം മടുത്താണ് ഒക്കല്‍ പൗരസമിതിയും ഇത്തരം ജനദ്രോഹ സമര നടപടികളോട് മുഖം തിരിയ്ക്കാന്‍ തീരുമാനിച്ചത്. പൗര സമിതിയും കര്‍ത്തവ്യ ലൈബ്രറി ഭാരവാഹികളും മര്‍ച്ചന്റ്‌സ് അസോസിയേഷനും ട്രേയ്ഡ് യൂണിയന്‍ നേതാക്കളും ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഒക്കല്‍ മേഖല ഭാരവാഹികളും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ അഡ്വ. ശ്രീപ്രകാശ് അവതരിപ്പിച്ച നാല്‍പ്പത്തിയെട്ടുമണിക്കൂര്‍ പണിമുടക്ക് ജനദ്രോഹമോ ജന നന്മയൊ എന്ന പ്രമേയം ഐകകണ്ഠമായി അംഗീകരിയ്ക്കുകയായിരുന്നു. ഏതുകാര്യത്തിലുള്ള പ്രതിഷേധവും ഒന്നോ രണ്ടോ മണിക്കൂര്‍ നേരമാകാം. ജനത്തെ ബുദ്ധിമുട്ടിയ്ക്കുന്ന തരത്തില്‍ കടകളടച്ചും വാഹനങ്ങള്‍ തടഞ്ഞുമുള്ള പ്രതിഷേധം ഇനി ഒക്കല്‍ മേഖലയില്‍ അനുവദിയ്‌ക്കേണ്ടതില്ലെന്നാണ് പൗരസമിതിയുടെ തീരുമാനം.
കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമായ പുല്ലുവഴിയാണ് ഹര്‍ത്താല്‍ വിരുദ്ധ നിലപാടെടുത്തതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. മുന്‍ കേരള മുഖ്യമന്ത്രി പി.കെ.വിയുടേയും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപ്പിള്ളയുടേയും ഗ്രാമീണത്തനിമയുള്ള പ്രസംഗങ്ങള്‍ കൊണ്ട് നിയമസഭയില്‍ ശ്രദ്ധേയനായിരുന്ന പി.ആര്‍ ശിവന്റേയും തട്ടകമായിരുന്ന പുല്ലുവഴിയില്‍ ഇന്ന് ഏതു രാഷ്ട്രീയ കക്ഷിയുടെ ഹര്‍ത്താലിനും  പുല്ലുവിലയാണ്. പെട്ടിക്കട മുതല്‍ ബാര്‍ ഹോട്ടലുകള്‍ വരെ ഇവിടെ തുറന്നു പ്രവര്‍ത്തിയ്ക്കും. അതുകൊണ്ടുതന്നെ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോലഞ്ചേരി തുടങ്ങിയ സമീപ ടൗണുകളില്‍ നടക്കുന്ന കച്ചവടം മുഴുവന്‍ ചെറിയ ഗ്രാമമായ പുല്ലുവഴിയ്ക്ക് സ്വന്തമാവുകയും ചെയ്യുന്നു.
ഒക്കലില്‍ ചേര്‍ന്ന ഹര്‍ത്താല്‍ വിരുദ്ധയോഗം ആന്റി കറപ്ഷന്‍ പീപ്പള്‍സ് മൂവ്‌മെന്റ് മേഖല കണ്‍വീനര്‍ വൈക്കം വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. മാധവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
വി.പി സുരേഷ്, ഒക്കല്‍ വറുഗീസ്, എം.വി ബാബു, കെ.എ പൊന്നപ്പന്‍, ഗിരീഷ് ചുള്ളിക്കാട്, ശശി ശങ്കര, ഫ്രാന്‍സിസ് ഇ.പി, ഷാജി അരുണോദയം, പി.ആര്‍ ശശി, ശാന്ത ശിവരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 26.02.2013


No comments: