Sunday, July 13, 2014

ബംഗ്ലാദേശില്‍ നിന്നും മുര്‍ഷിദാബാദ് വഴി ബ്രൗണ്‍ഷുഗറെത്തുന്നു

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: ലഹരിയുടെ മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഇടുക്കി ഗോള്‍ഡ് കിട്ടാനില്ല. ഇടുക്കിയുടെ സ്വന്തം നീലച്ചടയന്‍ കഞ്ചാവിന് ദൗര്‍ലഭ്യത വന്നതോടെ ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് വഴി ഇപ്പോഴെത്തുന്നത് ബ്രൗണ്‍ഷുഗര്‍. 
ഇടുക്കി കാടുകളിലെ കഞ്ചാവു തോട്ടങ്ങള്‍ വന്‍തോതില്‍ എക്‌സൈസ് സംഘങ്ങള്‍ നശിപ്പിച്ചതോടെ കേരളത്തില്‍ ബ്രൗണ്‍ഷുഗര്‍ അതിനു പകരക്കാരനാവുകയായിരുന്നു. ഇടുക്കിയില്‍ നിന്ന് എന്ന വ്യാജേന എത്തുന്ന കഞ്ചാവിന് വേണ്ടത്ര വീര്യമില്ലെന്നതും മറ്റൊരു കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ കിലോ ഗ്രാമിന് ഒരു കോടി രൂപയിലധികം വിലയുള്ള ബ്രൗണ്‍ഷുഗര്‍ ബംഗ്ലാദേശില്‍ ചുരുങ്ങിയ വിലയ്ക്കാണ്  ലഭിക്കുന്നത്.  പൊന്നു വിലയുള്ള ഈ ലഹരിമരുന്നിന്റെ യഥാര്‍ത്ഥ വില അവര്‍ക്കറിയുമെന്ന് തോന്നുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. 
എന്തായാലും അത് ബംഗ്ലാദേശിനോട് ചേര്‍ന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബദ് ജില്ലയിലെ ചെറുപ്പക്കാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമായി. അങ്ങനെ മുര്‍ഷിദാബാദില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ലോറി ഡ്രൈവര്‍മാരുടേയും തൊഴില്‍ തേടി വരുന്ന യുവാക്കളുടേയും മുഖ്യവരുമാന മാര്‍ഗ്ഗമായി ബ്രൗണ്‍ഷുഗര്‍ വിപണി മാറുകയായിരുന്നു.
ബ്രൗണ്‍ഷുഗറുമായി ഇന്നലെ പിടിയിലായ ഖയൂബ് മണ്ഡല്‍ ഉള്‍പ്പടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പിടിയിലായ ചെറുപ്പക്കാരെല്ലാം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികള്‍. 
ഈ മാസം മൂന്നിനാണ് മുര്‍ഷിദാബാദ് സ്വദേശികളായ അക്ബര്‍ ഷെയ്ക് (23), ആലംഗീര്‍ (38) എന്നിവരെ പിടിച്ചത്. രണ്ടര ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ മാസം 17 ന് കടുവാള്‍ ഭാഗത്ത് നിന്ന് രണ്ടു പേരെയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആസാദ് മണ്ഡല്‍ (33), അബ്ദുള്‍ ഹന്നന്‍ മണ്ഡല്‍ (42) എന്ന പിടിയിലായ രണ്ടുപേരും മുര്‍ഷിദാബാദ് സ്വദേശികളായിരുന്നു. ഇവരില്‍ നിന്ന് 27 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. 
അതിനു മുമ്പ് പിടിയിലായ മിന്റു വിശ്വാസ് എന്ന 24 കാരനും മുര്‍ഷിദാബാദ് സ്വദേശി തന്നെ. ഒരു പാക്കറ്റിന് 2500 രൂപ വില വരുന്ന മുപ്പത്തിയൊമ്പത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
2012 സെപ്തംബര്‍ 20 ന് പോലീസ് വിരിച്ച വലയില്‍ വീണ മൂന്നു പേരും മുര്‍ഷിദാബാദ് സ്വദേശികള്‍. മിലന്‍ മോള (20), സിദ്ദിഖ് മണ്ഡല്‍ (20), ലാലം ഷെയ്ക് (22) എന്നിവരില്‍ നിന്ന് അഞ്ചു പാക്കറ്റുകളിലായി രണ്ടരഗ്രാം ബ്രൗണ്‍ഷുഗറാണ് പിടിച്ചത്.
വന്‍തോതില്‍ ഇവിടെയെത്തുന്ന ബ്രൗണ്‍ഷുഗര്‍ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന. രണ്ടായിരം -മൂവായിരം രൂപ നിരക്കില്‍ ഈ മയക്കുമരുന്ന് വാങ്ങാന്‍ ഇവിടെ ഏറെപ്പേരുണ്ടത്രേ. അന്യസംസ്ഥാന തൊഴിലാളികളും കോളജ് വിദ്യാര്‍ത്ഥികളുമാണ് പ്രധാന ഉപഭോക്താക്കള്‍.
ബ്രൗണ്‍ഷുഗറെത്തുന്ന വഴി കണ്ടെത്തിയെങ്കിലും അത് ഇവിടേയ്ക്ക് എത്തിക്കുന്ന വന്‍സ്രാവുകള്‍ ഇപ്പോഴും നിയമത്തിന്റെ കയ്യെത്താ ദൂരത്തുതന്നെ.


മംഗളം 12.07.2014

പെരുമ്പാവൂരില്‍ വീണ്ടും ബ്രൗണ്‍ഷുഗര്‍ പിടിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പെരുമ്പാവൂര്‍: പട്ടണത്തിന് സമീപത്തു നിന്ന് എക്‌സൈസ് സംഘം വീണ്ടും ബ്രൗണ്‍ഷുഗര്‍ പിടിച്ചു.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഖയൂബ് മണ്ഡലി (29) നെയാണ് ഇന്നലെ 31 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ ഇതിന് വിലവരും.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം കാസിം, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.എ ബീരാന്‍, പി.എം ഷുസുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് സുരേഷ് കുമാര്‍, സി.എന്‍ അജയകുമാര്‍, സാജന്‍പോള്‍, പി.പി അസൈനാര്‍, എം.പി ബിജു, പി.ജി പ്രകാശ്, ഡ്രൈവര്‍ വേലായുധന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മംഗളം 12.07.2014

Thursday, July 10, 2014

വ്യാപാര സമുച്ചയത്തിലെ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകി; വ്യാപാരികള്‍ വലഞ്ഞു

ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനയ്‌ക്കെത്തി

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിക്കുന്ന വ്യാപാര സമുച്ചയത്തിലെ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വ്യാപാരികളും പട്ടണത്തിലെത്തിയവരും വലഞ്ഞു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപം.
സ്വകാര്യ ബസ്സ്റ്റാന്റിന് അടുത്തുള്ള വ്യാപാരസമുച്ചയത്തിലാണ് രണ്ടു ദിവസമായി സെപ്ടിക് മാലിന്യം പുറത്തേക്ക് ഒഴുകിയത്. ഇതു സംബന്ധിച്ച് കെട്ടിട ഉടമയോട് വ്യാപാരികള്‍ പരാതിപ്പെട്ടെങ്കിലും ആദ്യം അവഗണനയും പിന്നീട് ഭീഷണിയുമായിരുന്നുവത്രേ ഫലം. പരാതി പറഞ്ഞ ഒരാളെ സ്ഥാപന ഉടമ കുത്തിപരുക്കേല്‍പ്പിച്ചതായും പറയുന്നു.
ഇതേ തുടര്‍ന്നാണ് പ്രശ്‌നം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ടാങ്ക് നിറഞ്ഞൊഴുകിയത് ഇന്നലെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു ബോദ്ധ്യപ്പെട്ടു. അടിയന്തിരമായി ടാങ്കും പരിസരവും ശുചീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനാലാണ് സെപ്ടിക് ടാങ്ക് അടിക്കടി നിറഞ്ഞൊഴുകുന്നതെന്ന് കോംപ്ലക്‌സിലെ വാടകക്കാരായ വ്യാപാരികള്‍ പറയുന്നു. 
കെട്ടിടത്തിന് ലോഡ്ജ് ലൈസന്‍സ് ഉണ്ടെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് മംഗളത്തോട് പറഞ്ഞു. എന്നാല്‍, അതിന്റെ മറവില്‍ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും ബിജു ജോണ്‍ പറയുന്നു.
കുട്ടന്‍ പിള്ള റോഡിലെ മൂന്നു നിലകെട്ടിടത്തിന് മുകളില്‍ ഷീറ്റു മേഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്നത് കഴിഞ്ഞ ആഴ്ച അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടം അടച്ചുപൂട്ടി.
പി.പി റോഡിലെ ഒരു ഹോട്ടലിന് മുകളിലും അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിരുന്നു. ഇതിനെതിരെയും നഗരസഭ നടപടി സ്വീകരിച്ചു. 
പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള വ്യാപാര സമുച്ചയത്തിനു മുകളില്‍ വ്യവസ്ഥകള്‍ ലംഘിച്ച് അന്യസംസ്ഥാനക്കാരെ പാര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ആര്യോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അറിയിച്ചു.

മംഗളം 10.07.2014


Wednesday, July 9, 2014

ചുണ്ടക്കുഴിയില്‍ പതിനഞ്ചോളം ഗുണ്ടാ ആക്രമണങ്ങള്‍; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്കും പട്ടികജാതി യുവാവിനും മര്‍ദ്ദനം

പെരുമ്പാവൂര്‍: ചുണ്ടക്കുഴി മേഖലയില്‍ അഞ്ചാണ്ടിനുള്ളില്‍ പതിനഞ്ചോളം ഗുണ്ടാ ആക്രമണങ്ങള്‍.  മര്‍ദ്ദനങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘം. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്കും പട്ടികജാതി യുവാവിനും  മര്‍ദ്ദനം.
ഊരുവിലക്ക് ചുമത്തിയ ആള്‍ക്കുവേണ്ടി ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും പട്ടികജാതി യുവാവിനേയും ഗുണ്ടകള്‍ തല്ലി ചതച്ചതായാണ് ഒടുവില്‍ ഉണ്ടായ പരാതി. 
ഓട്ടോ ഡ്രൈവറായ ചുണ്ടക്കുഴി പുളിയ്ക്കല്‍ കുര്യാക്കോസിന്റെ മകന്‍ ഗോഡ്‌സനെയും അത്തിക്കൂട്ടം വേലായുധന്റെ മകന്‍ അജിയേയുമാണ് തല്ലിച്ചതച്ചത്. അജിയെ ബോധം നിലയ്ക്കുംവരെയായിരുന്നു ആക്രമിച്ചത്. തലക്ക് ആഴത്തില്‍ മുറിവേറ്റ ഇയാളെ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 
2009 മുതല്‍ക്കാണ് ഇവിടെ ഗുണ്ടാ ആക്രമണ പരമ്പരകള്‍ തുടങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കരോട്ടപ്പുറം പ്രഭാകരന്റെ കടയിലേക്ക് സോഡാക്കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ചുണ്ടക്കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബിലുണ്ടായിരുന്നവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും നാട്ടുകാര്‍ മറന്നിട്ടില്ല. കണ്ണഞ്ചേരിമുകളില്‍ ഒരാളെ ബോധംകെടും വരെയാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
ചുണ്ടക്കുഴി യൂണിയന്‍ ബാങ്ക് കവലക്ക് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ തമ്പടിക്കുന്ന ഗുണ്ടാ സംഘം വഴിയാത്രക്കാരെ അസഭ്യം പറയലും ആക്രമിക്കലും പതിവാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഒരേ സംഘമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് ആവുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 
ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരെ സി.പി.എം ചുണ്ടക്കുഴി ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

മംഗളം 9.07.2014

Tuesday, July 8, 2014

അപകീര്‍ത്തികരമായ പ്രചരണം: സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു

പെരുമ്പാവൂര്‍: മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.കെ ബൈജുവിനെതിരെ അപകീര്‍ത്തികരമായ കത്തു പ്രചരിപ്പിച്ച പാര്‍ട്ടിയുടെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ബി.എ ജബ്ബാറിനെതിരെ പോലീസ് കേസെടുത്തു.
അഡ്വ. ബൈജുവിന് അപകീര്‍ത്തി ഉണ്ടാകുന്ന വിധം തപാലിലും ഓണ്‍ലൈനിലും ദുസൂചനകള്‍ അടങ്ങുന്ന കത്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. കേസ് സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും ആരോപണം തെളിയിക്കപ്പെട്ടാല്‍ സൈബര്‍ നിയമപ്രകാരവും ജബ്ബാറിനെതിരെ കേസുണ്ടാവുമെന്നും പോലീസ് പറയുന്നു.. 
അഡ്വ. ബൈജുവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകയുമായി ബന്ധപ്പെട്ട കത്താണ് തപാല്‍വഴിയും ഓണ്‍ലൈന്‍ വഴിയും പ്രചരിച്ചത്. തപാല്‍ വഴി പ്രചരിച്ച കത്തില്‍ സ്‌കെച്ചു പേന കൊണ്ടെഴുതിയ മേല്‍ വിലാസമാണ് ജബ്ബാറിന് വിനയായത്. എന്തെഴുതാനും സ്‌കെച്ചു പേന പതിവായി ഉപയോഗിക്കുന്ന ആള്‍ എന്ന നിലയില്‍ ജബ്ബാര്‍ തുടക്കത്തില്‍ തന്നെ സംശയ നിഴലിലായി. പരാതിയെ തുടര്‍ന്ന് പോലീസ് ജബ്ബാറിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെടുക്കാനായില്ല.
എന്നാല്‍, കാഞ്ഞിരക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്ത് സി.ബി.എ ജബ്ബാര്‍ സ്വന്തം കൈപ്പടയിലെഴുതിയ മിനട്‌സ് ബുക്കുകളും മറ്റും പോലീസ് പരിശോധിച്ചു. മാറ്റി എഴുതാന്‍ ശ്രമിച്ചെങ്കിലും ജബ്ബാറിന്റെതുമായി  മേല്‍ വിലാസത്തിലെ കയ്യക്ഷരത്തിനുള്ള സാമ്യം പോലീസിന് പ്രഥമ ദൃഷ്ട്യാ വ്യക്തമായി. ഫോറന്‍സിക് വിഭാഗത്തിലെ കൈയക്ഷര ഗവേഷണ വിഭാഗത്തിന് പോലീസ് കത്തുകള്‍ കൈമാറിയിരിക്കുകയാണ്. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. 
പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനെതിരെ നിലപാട് കൈക്കൊണ്ട അഡ്വ.പി.കെ ബൈജു കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ റിബലായി തുടരുകയായിരുന്നു. കാഞ്ഞിരക്കാട് ഇ.എം.എസ് ലൈബ്രറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ബൈജുവിനെതിരെ ശക്തമായ നീക്കങ്ങള്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഘട്ടത്തില്‍ അംഗത്വം രാജിവച്ചാണ് ബൈജു മുഖം രക്ഷിച്ചത്.
ഇതിന്റെ തിരിച്ചടി കാഞ്ഞിരക്കാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായി. സി.പി.എമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. ഇതിന്റെ പ്രധാന സൂത്രധാരന്‍ അഡ്വ. പി.കെ ബൈജുവാണ് എന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ബൈജുവിനെതിരയുള്ള പ്രചരണം ശക്തിപ്പെട്ടത്. അതിരുകള്‍ ലംഘിച്ച പ്രചരണം ഒടുവില്‍ എത്തിയത് മാനനഷ്ടക്കേസിലേക്ക്.

മംഗളം 8.7.2014

സഹകരണ ജീവനക്കാരുടെ കുന്നത്തുനാട് താലൂക്ക് സംഘം തെരഞ്ഞെടുപ്പില്‍ വിരമിച്ചയാളും സ്ഥാനാര്‍ത്ഥി

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ സഹകരണ ജീവനക്കാരുടെ സഹകരണസംഘത്തിന്റെ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞയാള്‍ സ്ഥാനാര്‍ത്ഥി.
2009 ല്‍ ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ടി.എസ് ചക്രപാണിയുടെ നാമനിര്‍ദ്ദേശ പത്രികയാണ് വരണാധികാരി മൂന്നാം നമ്പറായി അംഗീകരിച്ച് പ്രസിദ്ധീകരിച്ചത്. താലൂക്കിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് മാത്രം മത്സരിക്കാവുന്ന തെരഞ്ഞെടുപ്പിലാണ് വരണാധികാരിയുടെ അശ്രദ്ധ മൂലം വിരമിച്ചയാള്‍ക്ക് അവസരം ലഭിച്ചത്.
തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ വീഴ്ചകളുണ്ടെന്ന് മുമ്പ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പട്ടികയില്‍ മരിച്ചവരുടേയും നിലവില്‍ ജീവനക്കാരല്ലാത്തവരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കാട്ടി കീഴില്ലം സര്‍വ്വീസ് സഹകരണ ബാങ്കിലെ രവി എസ് നായര്‍ ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. താലൂക്കില്‍ നിലവില്‍ പ്രവര്‍ത്തനമില്ലാത്ത ഇന്ത്യന്‍ കോഫീ ഹൗസിലെ 13 പേരുടേത് ഉള്‍പ്പടെ 49 പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാല്‍, ഇതില്‍ നിന്ന് മരിച്ചുപോയ അഞ്ചു ജീവനക്കാരുടെ പേരുകള്‍ മാത്രമാണ് ഒഴിവാക്കിയത്. വരണാധികാരിയുടെ അനാസ്ഥയും അശ്രദ്ധയും മൂലമാണ് ജോലിയില്‍ നിന്ന് വിരമിച്ചയാള്‍ക്ക് വോട്ടവകാശം മാത്രമല്ല, സ്ഥാനാര്‍ത്ഥിയാകാന്‍ കൂടി അവസരം കൈവന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയേയും സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം ജീവനക്കാര്‍.

മംഗളം 8.7.2014

അമിത വേഗത: സ്വകാര്യ ബസുകള്‍ക്കും ടിപ്പറുകള്‍ക്കും എതിരെ നടപടി

പെരുമ്പാവൂര്‍: മനുഷ്യ ജീവന് അപായമുണ്ടാക്കും വിധം ഓടിച്ച രണ്ട് സ്വകാര്യ ബസുകള്‍ക്കും ടിപ്പറുകള്‍ക്കും എതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചു.
മൂന്നാര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന കെ.എല്‍ 44-4599 നമ്പര്‍ പാസഞ്ചര്‍, കോതമംഗലം ഭാഗത്തു നിന്നും പെരുമ്പാവൂര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ കെ.എല്‍ 44-1541 നമ്പര്‍ സൈന എന്നി സ്വകാര്യ ബസുകള്‍ക്കെതിരെയാണ് നടപടി. പോഞ്ഞാശ്ശേരി ഭാഗത്തുനിന്ന് കുറുപ്പംപടി ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുവന്ന കെ.എല്‍ 40 എച്ച് 2955, കെ.എല്‍ 40 എച്ച് 2979 എന്നി ഹെവി ടിപ്പര്‍ ലോറികള്‍ക്കെതിരേയും നടപടിയുണ്ട്. 
പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ പൂപ്പാറ മുണ്ടിക്കുന്നില്‍ മുഹമ്മദിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. സൈന ബസ് ഉദ്യാഗസ്ഥര്‍ പിടച്ചെടുത്ത് അനന്തര നടപടികള്‍ക്കായി മൂവാറ്റുപുഴ ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തണ്ടേക്കാട്, പാലക്കാട്ടുതാഴം, ആശുപത്രിപ്പടി ഭാഗങ്ങളില്‍ ടിപ്പര്‍ ലോറികള്‍ 80 കിലോമീറ്റര്‍ അധികം വേഗതയിലാണ് പാഞ്ഞത്. ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്നാണ് ടിപ്പറുകള്‍ പിടിച്ചെടുത്ത്. ടൗണിലെ ഏറ്റവും തിരക്കേറിയ ഗാന്ധി സ്‌ക്വയറില്‍പോലും ഈ വാഹനങ്ങള്‍ 40 കിലോമീറ്റര്‍ അധികം വേഗതയിലായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളുടെ സ്പീഡ് ഗവര്‍ണര്‍ വിഛേദിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഈ സാഹചര്യത്തില്‍ രണ്ട് ടിപ്പറുകളുടേയും ഫിറ്റ്‌നസ് റദ്ദാക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാനും നടപടി എടുത്തെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. 
ആലുവ മൂന്നാര്‍ റോഡ് കേന്ദ്രീകരിച്ച് ടിപ്പര്‍ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഈ മാസം ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് പരിശോധന ശക്തമാക്കിയതും കടുത്ത നടപടികള്‍ സ്വീകരിച്ചതും.

മംഗളം 8.7.2014

വിവിധ കേസുകളിലെ പ്രതികളെ പോലീസ് പിടികൂടി

പെരുമ്പാവൂര്‍: വിവിധ കേസുകളിലെ പ്രതികളെ കുറുപ്പംപടി പോലീസ് പിടികൂടി.
അശമന്നൂര്‍ നൂലേലി കാട്ടക്കുഴി അലിയാരിന്റെ മകന്‍ ബഷീര്‍, കോതമംഗലം ചക്കരക്കാട്ടില്‍ ചന്ദ്രന്റെ മകന്‍ സിബി, അശമന്നൂര്‍ മുടനാട് വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ സന്തോഷ്, വേങ്ങൂര്‍ ഞറളക്കാട്ടുകുടി മോഹനന്റെ മകന്‍ ജിതിന്‍, വേങ്ങൂര്‍ നെടുങ്ങാട്ടുകുടി പത്രോസിന്റെ മകന്‍ എല്‍ദോ എന്നിവരെയാണ് ഇന്നലെ പിടികൂടിയത്.
നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ബഷീറിന് റേഞ്ച് ഐ.ജിയുടെ ഉത്തരവ് പ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. വിലക്ക് ലംഘിച്ച് നാട്ടിലെത്തിയതിനാണ് ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 
കോതമംഗലം പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ സിബി അരുവപ്പാറയില്‍ കാറില്‍ യാത്ര ചെയ്തിരുന്നവരെ ആക്രമിച്ച കേസിലാണ് പിടിയിലായത്. കോഴിക്കോട്ടുകുളങ്ങരയിലെ കോഴി ഫാം ഉടമയെ അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ സന്തോഷും വേങ്ങൂരിലെ വ്യാപാരിയെ ആക്രമിച്ച കേസില്‍ ജിബി, എല്‍ദോ എന്നിവരും പോലീസ് പിടിയിലായി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

മംഗളം 8.7.2014

Monday, July 7, 2014

അപവാദ പ്രചാരണമെന്ന് പരാതി: സി.പി.എം. പെരുമ്പാവൂര്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

പെരുമ്പാവൂര്‍: സി.പി.എമ്മിലെ ഗ്രൂപ്പുതര്‍ക്കം പെരുമ്പാവൂരില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴി തുറക്കുന്നു. 
കഴിഞ്ഞദിവസം സി.പി.എം. ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതും കേസെടുത്തതുമാണ് ഒടുവിലത്തെ സംഭവം. ആറ് മാസം മുമ്പ് പാര്‍ട്ടി വിട്ട അഡ്വ. പി.കെ ബൈജുവിന്റെ പരാതി പ്രകാരമാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തത്. പി.കെ ബൈജുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ആരോപിച്ച് പ്രചരിച്ച ലഘുലേഖയാണ് കേസിന് വഴിവെച്ചത്. കാഞ്ഞിരക്കാട്ടെ ഇ.എം.എസ് സ്മാരക വായനശാലയിലെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പി.കെ ബൈജുവും അന്നത്തെ മുനിസിപ്പല്‍ അധികൃതരും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഈ സംഭവത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ബൈജു പാര്‍ട്ടി വിട്ടത്.
പക്ഷേ രാജിക്കത്ത് നല്‍കിയതിന്റെ പിന്നാലെ ബൈജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലൈംഗിക ആരോപണങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. നേതാക്കള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി പോയി. പരാതിയെഴുതിയ കൈപ്പട ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടേതാണെന്നും ഇന്ററര്‍നെറ്റിലൂടെ ഇവ പ്രചരിപ്പിച്ചുവെന്നതിനാല്‍ സൈബര്‍ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ബൈജു പരാതി നല്‍കി. 
ഈ പരാതിയില്‍ അന്വേഷണത്തിനാണ് പോലീസ് ജബ്ബാറിന്റെ വീട്ടിലെത്തിയത്. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് നീതിയുക്തമായല്ല പെരുമാറിയതെന്ന് ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കല്‍ കമ്മിറ്റി യോഗം അറിയിച്ചു. 
ഡോ. കെ എ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കളളപ്പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് നീക്കത്തിനെതിരെ ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ലോക്കല്‍ ആക്ടിങ്ങ് സെക്രട്ടറി ബി മണി അറിയിച്ചു.

മാതൃഭൂമി 7.07.2014

പെരുമ്പാവൂരിലെ കൊലപാതകം: നുണ പരിശോധയ്ക്ക് നീക്കം

പെരുമ്പാവൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ പ്രതിയെന്നു സംശയിക്കുന്ന അശോകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് ശ്രമം തുടങ്ങി. എന്നാല്‍ ഇതിന് അശോകന്റെ സമ്മതം വേണം. അതിനിടെ, പോലീസ് അകാരണമായി മര്‍ദ്ദിച്ച് അവശനാക്കിയെന്നാരോപിച്ച് അശോകന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി.
ജൂണ്‍ 15 ന് രാത്രി 9 നാണ് എം.സി റോഡരുകില്‍ കാലടി കവലയിലുളള ദര്‍ശന എന്ന പരസ്യസ്ഥാപനത്തില്‍ നെടുങ്കണ്ടം സ്വദേശി പ്രമോദ് വെട്ടേറ്റ് മരിച്ചത്. മരണത്തിന് മുമ്പ് പ്രമോദിനോപ്പം ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ചെറിയ കൊല്ല പോങ്ങോട് റോഡുവിള വീട്ടില്‍ ബി. അശോകനാണ് വിവരം തൊട്ടടുത്തുളള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. അശോകനോടൊപ്പം ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മ്മാണം നടത്തിയിരുന്ന പ്രമോദിനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. 
അശോകന്‍ ഭക്ഷണം കഴിച്ചു വന്നപ്പോള്‍ പ്രമോദ് മരിച്ചുകിടക്കുന്നതായി കണ്ടെന്നാണ് പോലീസിന് മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുദ്ധ്യമുളളതായി പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കസ്റ്റഡിയിലായ അശോകനെ 22 വരെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 
24 ന് രാവിലെ കാലടി പോലീസ് സ്റ്റേഷനിലും 27 ന് കോടനാട് പോലീസ് സ്റ്റേഷനിലും കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും ഇടുപ്പെല്ലിന് സാരമായ പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. 28 ന് സഹോദരന്‍മാരുടെ സഹായത്തോടെ ജാമ്യം നേടി നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി. തന്റെ പക്കല്‍ ഉണ്ടായിരുന്ന 27000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ബൈക്കിന്റെ താക്കോലും പോലീസ് പിടിച്ചുവെച്ചുവെന്നും പരാതിയിലുണ്ട്. 
അതേസമയം ഈ ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. നുണ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാണ് ഇയാള്‍ പുതിയ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതെന്ന് പോലീസ് പറയുന്നു. മരിച്ച പ്രമോദും അശോകനും തമ്മില്‍ തൊഴില്‍ പരമായ ശത്രുത ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. 

മാതൃഭൂമി 7.07.2014

Sunday, July 6, 2014

സി.പി.എം വിഭാഗീയത :പെരുമ്പാവൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്

പെരുമ്പാവൂര്‍: സി.പി.എം വിഭാഗീയത മൂര്‍ച്ഛിച്ചതിനേതുടര്‍ന്ന്  ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് കയറി. പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച മുന്‍ കൗണ്‍സിലര്‍ അഡ്വ. പി.കെ ബൈജുവിനെതിരെ നാട്ടില്‍ പ്രചരിച്ച കത്തിനെതിരെ ബൈജു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. 
പാര്‍ട്ടിക്കകത്ത് വര്‍ഷങ്ങളായി നീറി നില്‍ക്കുന്ന വിഭാഗീയത നാളുകള്‍ക്ക് മുമ്പാണ് മറ നീക്കി പുറത്തുവന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അരങ്ങ് തകര്‍ത്തിന് ഒടുവിലാണ് ബൈജു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. അതിന് ശേഷവും തുടര്‍ന്ന പകപോക്കലുകളാണ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലെ പോലീസ് റെയ്ഡില്‍ വരെ കാര്യങ്ങള്‍ എത്തിച്ചത്. 
സംസ്ഥാനത്തുടനീളമുള്ള പിണറായി/വി.എസ് പക്ഷ വിഭാഗീതയല്ല  പെരുമ്പാവൂരിലുള്ളത്. ആദ്യ കാലത്ത് അത്തരം വിഭാഗീയത ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അന്നത്തെ പിണറായി പക്ഷക്കാര്‍ പലരും അപ്രസക്തരാവുകയും അന്നത്തെ വി.എസ് പക്ഷക്കാര്‍ ഔദ്യോഗിക പക്ഷമാവുകയും ചെയ്ത രാഷ്ട്രീയ കൗതുകം പെരുമ്പാവൂരിനുണ്ട്. വി.എസ് പക്ഷം എന്നു കരുതിയവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പി.ആര്‍ ശിവന്‍ സ്മാരക കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തിന് പിണറായി വിജയന്‍ എത്തിയതോടെയാണ് ഈ മാറ്റം രാഷ്ട്രീയ നിരീക്ഷകര്‍ പോലും തിരിച്ചറിഞ്ഞത്.
അങ്ങനെ പട്ടണത്തില്‍ എതിര്‍വാക്കില്ലാതെ കരുത്താര്‍ജ്ജിച്ച ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനനെതിരെ പാര്‍ട്ടിക്ക് അകത്തുനിന്നു തന്നെ കരുനീക്കങ്ങള്‍ ശക്തിപ്പെട്ടു. അഡ്വ. പി.കെ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ലൈംഗിക ആരോപണം തന്നെയായിരുന്നു പ്രധാന ആയുധം .പാര്‍ട്ടി ഘടകങ്ങളില്‍ മാത്രമല്ല, മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും ഇതു വലിയ ചര്‍ച്ചയായി. പക്ഷേ പാര്‍ട്ടിതലത്തില്‍ നടപടികളൊന്നും ഉണ്ടാവാത്തതുകൊണ്ട് ഏരിയാ സെക്രട്ടറി പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. 
കാഞ്ഞിരക്കാട് ഇ.എം.എസ് ലൈബ്രറിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു ബൈജുവിനെതിരെയുള്ള തിരിച്ചടി. പാര്‍ട്ടിയില്‍ നിന്ന് പുറത്തു കളയും എന്ന അവസ്ഥ മുന്‍കൂട്ടി കണ്ട് ബൈജു ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രാജി വച്ചാണ് മുഖംരക്ഷിച്ചത്..
കാഞ്ഞിരക്കാട് വാര്‍ഡില്‍ കഴിഞ്ഞമാസം നടന്ന നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അതിന്റെ തിരിച്ചടി. സിറ്റിംഗ് സീറ്റ് സി.പി.എമ്മിന് നഷ്ടപ്പെട്ടു. പ്രദേശവാസിയായ അഡ്വ. പി.കെ ബൈജുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇവിടെ സീറ്റു നഷ്ടത്തിന് കളമൊരുക്കിയത്. 
അതേ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നാട്ടിലും പ്രചരിച്ച കത്തുകളുടെ  പേരിലാണ് ഇപ്പോഴത്തെ വിവാദം. കത്തിനെതിരെ ബൈജു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സി.ബി.എ ജബ്ബാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
വാഹനാപകടത്തില്‍ പരുക്കേറ്റ് വീട്ടില്‍ കഴിയുന്ന ജബ്ബാറിനോടും വൃദ്ധയായ മാതാവിനോടും ഭാര്യയോടും പെണ്‍കുട്ടികളോടും പോലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സി.പി.എം രംഗത്തുവന്നുകഴിഞ്ഞു. ഡോ. കെ.എ ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസിനെതിരെ ആക്ടിംഗ് സെക്രട്ടറി ബി മണി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ലോക്കല്‍ പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും തീരുമാനമുണ്ട്. പോലീസ് അന്വേഷണത്തിനെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ തന്ത്രമെന്ന് ഇത് വ്യക്തമാക്കുന്നു.

മംഗളം 06.07.2014

Friday, July 4, 2014

രണ്ടര ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ എക്‌സൈസ് സംഘം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: വില്‍പ്പനക്കെത്തിച്ച രണ്ടര ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ എക്‌സൈസ് 
സംഘം പിടികൂടി. രണ്ട് അന്യസംസ്ഥാനക്കാര്‍ പിടിയില്‍. 
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അക്ബര്‍ ഷെയ്ക്ക് (23), ആലംഗീര്‍ (38) എന്നിവരാണ് പിടിയിലായത്. അറയ്ക്കപ്പടിയിലുള്ള ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്യസംസ്ഥാനക്കാര്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന്  വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  അക്ബര്‍ ഷെയ്ക്കിനെ പട്ടിമറ്റം ഭാഗത്തുനിന്ന് പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും  വിളിച്ച് വരുത്തി ആലംഗീറിനെയും പിടി കൂടുകയായിരുന്നു. ഇവരില്‍ നിന്നും 25 ഗ്രാം ബ്രൗണ്‍ഷുഗറാണ്  ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പാന്റ്‌സിന്റെ അകത്ത് രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബ്രൗണ്‍ഷുഗര്‍. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടര ലക്ഷം വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  
 കഴിഞ്ഞ മാസം 17ന് പെരുമ്പാവൂര്‍ കടുവാള്‍ ഭാഗത്ത് നിന്നും രണ്ട് അന്യസംസ്ഥാനക്കാരെ ബ്രൗണ്‍ഷുഗറുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുടെ കയ്യില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 27 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 
ബംഗ്ലാദേശിനോട് അടുത്തുള്ള മുര്‍ഷിദാബാദ് ജില്ലക്കാര്‍ വഴിയാണ് ബ്രൗണ്‍ഷുഗര്‍ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ബംഗ്ലാദേശില്‍ നിന്ന് ചുരുങ്ങിയ വിലക്കാണ് ഇവര്‍ക്ക് ഇത് ലഭ്യമാകുന്നത്. യഥാര്‍ത്ഥ വിലയെ ധാരണയില്ലാത്തതിനാല്‍ വളരെ തുഛമായ വിലക്കാണ് ഇവിടെ വിറ്റഴിക്കുന്നതും. അതുകൊണ്ടു തന്നെ പെരുമ്പാവൂര്‍ മേഖലയില്‍ ബ്രൗണ്‍ഷുഗറിന് ഏറെ ഉപഭോക്താക്കളുണ്ട്. പ്രതികളെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

മംഗളം 4.07.2014

രായമംഗലം ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ നിലച്ചതിനെതിരെ സി.പി.എം സമരം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: രായമംഗലം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ കിടത്തിചികിത്സ നിലച്ചതിനെതിരെ സി.പി.എം സമരം നടത്തി. ചികിത്സ തുടരാനുള്ള സംവിധാനമേര്‍പ്പെടുത്തിയെന്നറിഞ്ഞ ശേഷമുള്ള സമരം പ്രഹസനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
പനിയും മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുന്ന ഘട്ടത്തിലാണ് ഇരുപതു കിടക്കകളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ നിലയ്ക്കുന്നത്. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ പോലും വൈകിട്ട് വീട്ടില്‍ പറഞ്ഞു വിടുകയാണ്. ഒരു നഴ്‌സിന്റെ ഒഴിവുള്ള തസ്തിക നികത്താത്തതിനാലാണ് ഇത്. 
അടിയന്തിരമായി ജീവനക്കാരെ നിയമിച്ച് ഇവിടെ കിടത്തി ചികിത്സ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എന്‍.പി അജയകുമാര്‍, മിനി തങ്കപ്പന്‍, എ.കെ ഷാജി, സുകുമാരിയമ്മ, കൗസല്യ ശിവന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി വറുഗീസ്, ഇ വി ജോര്‍ജ്, ഉഷാദേവി ജയകൃഷ്ണന്‍, ആര്‍ അനീഷ്, അനൂപ് ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അതേ സമയം,  നഴ്‌സിന്റെ ഒഴിവുള്ള തസ്തിക അടുത്ത ആഴ്ച നികത്തുമെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം നടത്തിയ സമരം രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ളതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആരോപിച്ചു.

മംഗളം 4.07.2014

കുറുപ്പംപടി ബിവറേജസ് ഷോപ്പിന്റെ അനധികൃത ക്യൂ കൗണ്ടറും അനുബന്ധ മേച്ചിലും പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി

പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ കുറുപ്പംപടിയിലുള്ള ഔട്ട്‌ലറ്റിന്റെ അനധികൃത ക്യൂ കൗണ്ടറും അനുബന്ധ മേച്ചിലും രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി.
അനധികൃത ക്യൂ കൗണ്ടര്‍ മൂലം ഗതാഗത തടസവും കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും വാഹനാപകടങ്ങളും പതിവായിരുന്നു. ഷോപ്പിന് മുന്നില്‍ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപിക അപകടത്തില്‍ മരിച്ചതോടുകൂടി ജനങ്ങളുടെ പ്രതിഷേധം ശക്തമായി. ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി കുറുപ്പംപടിയിലെ ഔട്ട്‌ലറ്റ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 
ഇതേ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് 2013 സെപ്തംബര്‍ 15 നും 2014 മെയ് 17 നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷനോ സ്ഥലം ഉടമയോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. 
ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ഒന്നിന് ചേര്‍ന്ന പഞ്ചായത്തു കമ്മിറ്റി അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, മെമ്പര്‍മാരായ സജി പടായാട്ടില്‍, എല്‍ദോസ് അറയ്ക്കല്‍, കെ.കെ ശിവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കിയത്.

മംഗളം 4.07.2014

Wednesday, July 2, 2014

അഡ്വ.ടി.എന്‍ അരുണ്‍ കുമാര്‍ ഫാസ് പ്രസിഡന്റ്


അഡ്വ.ടി.എന്‍ അരുണ്‍കുമാര്‍
പെരുമ്പാവൂര്‍: ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി (ഫാസ്) പ്രസിഡന്റായി അഡ്വ.ടി.എന്‍ അരുണ്‍കുമാറിനെ തെരഞ്ഞെടുത്തു. 
ഷാജി സരിഗ 
ഷാജി സരിഗ (സെക്രട്ടറി), അഡ്വ.വി അജിത് കുമാര്‍, എം.ബി വേണു (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ പ്രതാപ ചന്ദ്രന്‍ നായര്‍, എം അനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മോഹനന്‍ കെ (ട്രഷറര്‍), ഐമുറി വേണു, ബാബു ചൈത്രം, ടി.കെ മോഹനന്‍, എം.ആര്‍ ശശി, അഡ്വ.എം.ജി ജയചന്ദ്രന്‍, എം.കെ രാധാകൃഷ്ണന്‍, പി.കെ കൊച്ചുണ്ണി മാസ്റ്റര്‍, സണ്ണി തുരുത്തിയില്‍, എം.എം അജിമോന്‍, ആര്‍ട്ടിസ്റ്റ് കെ.കെ കൃഷ്ണന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

മംഗളം

Tuesday, July 1, 2014

പെരുമ്പാവൂര്‍ ജോയിന്റ് ആര്‍.ടി.ഒയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പെരുമ്പാവൂര്‍: ജോയിന്റ് ആര്‍.ടി.ഒ ഷാജി മാധവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ സീറ്റിങ്ങ് കപ്പാസിറ്റി സംബന്ധിച്ച് കൃത്രിമം കാട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
പെരുമ്പാവൂര്‍ പനയ്ക്കല്‍ ജോണി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

മംഗളം 1.07.2014