Sunday, July 13, 2014

ബംഗ്ലാദേശില്‍ നിന്നും മുര്‍ഷിദാബാദ് വഴി ബ്രൗണ്‍ഷുഗറെത്തുന്നു

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: ലഹരിയുടെ മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഇടുക്കി ഗോള്‍ഡ് കിട്ടാനില്ല. ഇടുക്കിയുടെ സ്വന്തം നീലച്ചടയന്‍ കഞ്ചാവിന് ദൗര്‍ലഭ്യത വന്നതോടെ ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് വഴി ഇപ്പോഴെത്തുന്നത് ബ്രൗണ്‍ഷുഗര്‍. 
ഇടുക്കി കാടുകളിലെ കഞ്ചാവു തോട്ടങ്ങള്‍ വന്‍തോതില്‍ എക്‌സൈസ് സംഘങ്ങള്‍ നശിപ്പിച്ചതോടെ കേരളത്തില്‍ ബ്രൗണ്‍ഷുഗര്‍ അതിനു പകരക്കാരനാവുകയായിരുന്നു. ഇടുക്കിയില്‍ നിന്ന് എന്ന വ്യാജേന എത്തുന്ന കഞ്ചാവിന് വേണ്ടത്ര വീര്യമില്ലെന്നതും മറ്റൊരു കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ കിലോ ഗ്രാമിന് ഒരു കോടി രൂപയിലധികം വിലയുള്ള ബ്രൗണ്‍ഷുഗര്‍ ബംഗ്ലാദേശില്‍ ചുരുങ്ങിയ വിലയ്ക്കാണ്  ലഭിക്കുന്നത്.  പൊന്നു വിലയുള്ള ഈ ലഹരിമരുന്നിന്റെ യഥാര്‍ത്ഥ വില അവര്‍ക്കറിയുമെന്ന് തോന്നുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. 
എന്തായാലും അത് ബംഗ്ലാദേശിനോട് ചേര്‍ന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബദ് ജില്ലയിലെ ചെറുപ്പക്കാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമായി. അങ്ങനെ മുര്‍ഷിദാബാദില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ലോറി ഡ്രൈവര്‍മാരുടേയും തൊഴില്‍ തേടി വരുന്ന യുവാക്കളുടേയും മുഖ്യവരുമാന മാര്‍ഗ്ഗമായി ബ്രൗണ്‍ഷുഗര്‍ വിപണി മാറുകയായിരുന്നു.
ബ്രൗണ്‍ഷുഗറുമായി ഇന്നലെ പിടിയിലായ ഖയൂബ് മണ്ഡല്‍ ഉള്‍പ്പടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പിടിയിലായ ചെറുപ്പക്കാരെല്ലാം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികള്‍. 
ഈ മാസം മൂന്നിനാണ് മുര്‍ഷിദാബാദ് സ്വദേശികളായ അക്ബര്‍ ഷെയ്ക് (23), ആലംഗീര്‍ (38) എന്നിവരെ പിടിച്ചത്. രണ്ടര ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ മാസം 17 ന് കടുവാള്‍ ഭാഗത്ത് നിന്ന് രണ്ടു പേരെയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആസാദ് മണ്ഡല്‍ (33), അബ്ദുള്‍ ഹന്നന്‍ മണ്ഡല്‍ (42) എന്ന പിടിയിലായ രണ്ടുപേരും മുര്‍ഷിദാബാദ് സ്വദേശികളായിരുന്നു. ഇവരില്‍ നിന്ന് 27 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. 
അതിനു മുമ്പ് പിടിയിലായ മിന്റു വിശ്വാസ് എന്ന 24 കാരനും മുര്‍ഷിദാബാദ് സ്വദേശി തന്നെ. ഒരു പാക്കറ്റിന് 2500 രൂപ വില വരുന്ന മുപ്പത്തിയൊമ്പത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
2012 സെപ്തംബര്‍ 20 ന് പോലീസ് വിരിച്ച വലയില്‍ വീണ മൂന്നു പേരും മുര്‍ഷിദാബാദ് സ്വദേശികള്‍. മിലന്‍ മോള (20), സിദ്ദിഖ് മണ്ഡല്‍ (20), ലാലം ഷെയ്ക് (22) എന്നിവരില്‍ നിന്ന് അഞ്ചു പാക്കറ്റുകളിലായി രണ്ടരഗ്രാം ബ്രൗണ്‍ഷുഗറാണ് പിടിച്ചത്.
വന്‍തോതില്‍ ഇവിടെയെത്തുന്ന ബ്രൗണ്‍ഷുഗര്‍ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന. രണ്ടായിരം -മൂവായിരം രൂപ നിരക്കില്‍ ഈ മയക്കുമരുന്ന് വാങ്ങാന്‍ ഇവിടെ ഏറെപ്പേരുണ്ടത്രേ. അന്യസംസ്ഥാന തൊഴിലാളികളും കോളജ് വിദ്യാര്‍ത്ഥികളുമാണ് പ്രധാന ഉപഭോക്താക്കള്‍.
ബ്രൗണ്‍ഷുഗറെത്തുന്ന വഴി കണ്ടെത്തിയെങ്കിലും അത് ഇവിടേയ്ക്ക് എത്തിക്കുന്ന വന്‍സ്രാവുകള്‍ ഇപ്പോഴും നിയമത്തിന്റെ കയ്യെത്താ ദൂരത്തുതന്നെ.


മംഗളം 12.07.2014

No comments: