പെരുമ്പാവൂര്‍: ചുണ്ടക്കുഴി മേഖലയില്‍ അഞ്ചാണ്ടിനുള്ളില്‍ പതിനഞ്ചോളം ഗുണ്ടാ ആക്രമണങ്ങള്‍. മര്‍ദ്ദനങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘം. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്കും പട്ടികജാതി യുവാവിനും മര്‍ദ്ദനം.
ഊരുവിലക്ക് ചുമത്തിയ ആള്‍ക്കുവേണ്ടി ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും പട്ടികജാതി യുവാവിനേയും ഗുണ്ടകള്‍ തല്ലി ചതച്ചതായാണ് ഒടുവില്‍ ഉണ്ടായ പരാതി.
ഓട്ടോ ഡ്രൈവറായ ചുണ്ടക്കുഴി പുളിയ്ക്കല്‍ കുര്യാക്കോസിന്റെ മകന്‍ ഗോഡ്‌സനെയും അത്തിക്കൂട്ടം വേലായുധന്റെ മകന്‍ അജിയേയുമാണ് തല്ലിച്ചതച്ചത്. അജിയെ ബോധം നിലയ്ക്കുംവരെയായിരുന്നു ആക്രമിച്ചത്. തലക്ക് ആഴത്തില്‍ മുറിവേറ്റ ഇയാളെ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
2009 മുതല്‍ക്കാണ് ഇവിടെ ഗുണ്ടാ ആക്രമണ പരമ്പരകള്‍ തുടങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കരോട്ടപ്പുറം പ്രഭാകരന്റെ കടയിലേക്ക് സോഡാക്കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ചുണ്ടക്കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബിലുണ്ടായിരുന്നവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും നാട്ടുകാര്‍ മറന്നിട്ടില്ല. കണ്ണഞ്ചേരിമുകളില്‍ ഒരാളെ ബോധംകെടും വരെയാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
ചുണ്ടക്കുഴി യൂണിയന്‍ ബാങ്ക് കവലക്ക് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ തമ്പടിക്കുന്ന ഗുണ്ടാ സംഘം വഴിയാത്രക്കാരെ അസഭ്യം പറയലും ആക്രമിക്കലും പതിവാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഒരേ സംഘമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് ആവുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരെ സി.പി.എം ചുണ്ടക്കുഴി ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മംഗളം 9.07.2014
No comments:
Post a Comment