പെരുമ്പാവൂര്‍: സി.പി.എം വിഭാഗീയത മൂര്‍ച്ഛിച്ചതിനേതുടര്‍ന്ന് ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് കയറി. പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച മുന്‍ കൗണ്‍സിലര്‍ അഡ്വ. പി.കെ ബൈജുവിനെതിരെ നാട്ടില്‍ പ്രചരിച്ച കത്തിനെതിരെ ബൈജു നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.
പാര്‍ട്ടിക്കകത്ത് വര്‍ഷങ്ങളായി നീറി നില്ക്കുന്ന വിഭാഗീയത നാളുകള്‍ക്ക് മുമ്പാണ് മറ നീക്കി പുറത്തുവന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അരങ്ങ് തകര്‍ത്തിന് ഒടുവിലാണ് ബൈജു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. അതിന് ശേഷവും തുടര്‍ന്ന പകപോക്കലുകളാണ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലെ പോലീസ് റെയ്ഡില്‍ വരെ കാര്യങ്ങള്‍ എത്തിച്ചത്.
സംസ്ഥാനത്തുടനീളമുള്ള പിണറായി/വി.എസ് പക്ഷ വിഭാഗീതയല്ല പെരുമ്പാവൂരിലുള്ളത്. ആദ്യ കാലത്ത് അത്തരം വിഭാഗീയത ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അന്നത്തെ പിണറായി പക്ഷക്കാര്‍ പലരും അപ്രസക്തരാവുകയും അന്നത്തെ വി.എസ് പക്ഷക്കാര്‍ ഔദ്യോഗിക പക്ഷമാവുകയും ചെയ്ത രാഷ്ട്രീയ കൗതുകം പെരുമ്പാവൂരിനുണ്ട്. വി.എസ് പക്ഷം എന്നു കരുതിയവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പി.ആര് ശിവന് സ്മാരക കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തിന് പിണറായി വിജയന് എത്തിയതോടെയാണ് ഈ മാറ്റം രാഷ്ട്രീയ നിരീക്ഷകര്‍ പോലും തിരിച്ചറിഞ്ഞത്.
അങ്ങനെ പട്ടണത്തില്‍ എതിര്‍വാക്കില്ലാതെ കരുത്താര്‍ജ്ജിച്ച ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനനെതിരെ പാര്‍ട്ടിക്ക് അകത്തുനിന്നു തന്നെ കരുനീക്കങ്ങള്‍ ശക്തിപ്പെട്ടു. അഡ്വ. പി.കെ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ലൈംഗിക ആരോപണം തന്നെയായിരുന്നു പ്രധാന ആയുധം .പാര്‍ട്ടി ഘടകങ്ങളില്‍ മാത്രമല്ല, മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും ഇതു വലിയ ചര്‍ച്ചയായി. പക്ഷേ പാര്‍ട്ടിതലത്തില്‍ നടപടികളൊന്നും ഉണ്ടാവാത്തതുകൊണ്ട് ഏരിയാ സെക്രട്ടറി പോറല്‍ പോലും ഏല്ക്കാതെ രക്ഷപെട്ടു.
കാഞ്ഞിരക്കാട് ഇ.എം.എസ് ലൈബ്രറിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു ബൈജുവിനെതിരെയുള്ള തിരിച്ചടി. പാര്‍ട്ടിയില്‍ നിന്ന് പുറത്തു കളയും എന്ന അവസ്ഥ മുന്‍കൂട്ടി കണ്ട് ബൈജു ഉള്‍പ്പെടെയുള്ള നിരവധി പേര് രാജി വച്ചാണ് മുഖംരക്ഷിച്ചത്..
കാഞ്ഞിരക്കാട് വാര്‍ഡില്‍ കഴിഞ്ഞമാസം നടന്ന നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അതിന്റെ തിരിച്ചടി. സിറ്റിംഗ് സീറ്റ് സി.പി.എമ്മിന് നഷ്ടപ്പെട്ടു. പ്രദേശവാസിയായ അഡ്വ. പി.കെ ബൈജുവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇവിടെ സീറ്റു നഷ്ടത്തിന് കളമൊരുക്കിയത്.
അതേ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നാട്ടിലും പ്രചരിച്ച കത്തുകളുടെ പേരിലാണ് ഇപ്പോഴത്തെ വിവാദം. കത്തിനെതിരെ ബൈജു നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സി.ബി.എ ജബ്ബാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
വാഹനാപകടത്തില്‍ പരുക്കേറ്റ് വീട്ടില്‍ കഴിയുന്ന ജബ്ബാറിനോടും വൃദ്ധയായ മാതാവിനോടും ഭാര്യയോടും പെണ്‍കുട്ടികളോടും പോലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സി.പി.എം രംഗത്തുവന്നുകഴിഞ്ഞു. ഡോ. കെ.എ ഭാസ്കരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസിനെതിരെ ആക്ടിംഗ് സെക്രട്ടറി ബി മണി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ലോക്കല്‍ പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും തീരുമാനമുണ്ട്. പോലീസ് അന്വേഷണത്തിനെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ തന്ത്രമെന്ന് ഇത് വ്യക്തമാക്കുന്നു.
മംഗളം 06.07.2014
No comments:
Post a Comment