പെരുമ്പാവൂര്‍: മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.കെ ബൈജുവിനെതിരെ അപകീര്‍ത്തികരമായ കത്തു പ്രചരിപ്പിച്ച പാര്‍ട്ടിയുടെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ബി.എ ജബ്ബാറിനെതിരെ പോലീസ് കേസെടുത്തു.
അഡ്വ. ബൈജുവിന് അപകീര്‍ത്തി ഉണ്ടാകുന്ന വിധം തപാലിലും ഓണ്‍ലൈനിലും ദുസൂചനകള്‍ അടങ്ങുന്ന കത്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. കേസ് സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും ആരോപണം തെളിയിക്കപ്പെട്ടാല്‍ സൈബര്‍ നിയമപ്രകാരവും ജബ്ബാറിനെതിരെ കേസുണ്ടാവുമെന്നും പോലീസ് പറയുന്നു..
അഡ്വ. ബൈജുവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകയുമായി ബന്ധപ്പെട്ട കത്താണ് തപാല്‍വഴിയും ഓണ്‍ലൈന്‍ വഴിയും പ്രചരിച്ചത്. തപാല്‍ വഴി പ്രചരിച്ച കത്തില്‍ സ്കെച്ചു പേന കൊണ്ടെഴുതിയ മേല്‍ വിലാസമാണ് ജബ്ബാറിന് വിനയായത്. എന്തെഴുതാനും സ്കെച്ചു പേന പതിവായി ഉപയോഗിക്കുന്ന ആള് എന്ന നിലയില്‍ ജബ്ബാര്‍ തുടക്കത്തില്‍ തന്നെ സംശയ നിഴലിലായി. പരാതിയെ തുടര്‍ന്ന് പോലീസ് ജബ്ബാറിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെടുക്കാനായില്ല.
എന്നാല്‍, കാഞ്ഞിരക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്ത് സി.ബി.എ ജബ്ബാര്‍ സ്വന്തം കൈപ്പടയിലെഴുതിയ മിനട്സ് ബുക്കുകളും മറ്റും പോലീസ് പരിശോധിച്ചു. മാറ്റി എഴുതാന്‍ ശ്രമിച്ചെങ്കിലും ജബ്ബാറിന്റെതുമായി മേല്‍ വിലാസത്തിലെ കയ്യക്ഷരത്തിനുള്ള സാമ്യം പോലീസിന് പ്രഥമ ദൃഷ്ട്യാ വ്യക്തമായി. ഫോറന്‍സിക് വിഭാഗത്തിലെ കൈയക്ഷര ഗവേഷണ വിഭാഗത്തിന് പോലീസ് കത്തുകള്‍ കൈമാറിയിരിക്കുകയാണ്. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനെതിരെ നിലപാട് കൈക്കൊണ്ട അഡ്വ.പി.കെ ബൈജു കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ റിബലായി തുടരുകയായിരുന്നു. കാഞ്ഞിരക്കാട് ഇ.എം.എസ് ലൈബ്രറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ബൈജുവിനെതിരെ ശക്തമായ നീക്കങ്ങള്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഘട്ടത്തില്‍ അംഗത്വം രാജിവച്ചാണ് ബൈജു മുഖം രക്ഷിച്ചത്.
ഇതിന്റെ തിരിച്ചടി കാഞ്ഞിരക്കാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായി. സി.പി.എമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. ഇതിന്റെ പ്രധാന സൂത്രധാരന്‍ അഡ്വ. പി.കെ ബൈജുവാണ് എന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ബൈജുവിനെതിരയുള്ള പ്രചരണം ശക്തിപ്പെട്ടത്. അതിരുകള്‍ ലംഘിച്ച പ്രചരണം ഒടുവില്‍ എത്തിയത് മാനനഷ്ടക്കേസിലേക്ക്.
മംഗളം 8.7.2014
No comments:
Post a Comment