പെരുമ്പാവൂര്‍: സി.പി.എമ്മിലെ ഗ്രൂപ്പുതര്‍ക്കം പെരുമ്പാവൂരില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴി തുറക്കുന്നു.
കഴിഞ്ഞദിവസം സി.പി.എം. ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതും കേസെടുത്തതുമാണ് ഒടുവിലത്തെ സംഭവം. ആറ് മാസം മുമ്പ് പാര്‍ട്ടി വിട്ട അഡ്വ. പി.കെ ബൈജുവിന്റെ പരാതി പ്രകാരമാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തത്. പി.കെ ബൈജുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ആരോപിച്ച് പ്രചരിച്ച ലഘുലേഖയാണ് കേസിന് വഴിവെച്ചത്. കാഞ്ഞിരക്കാട്ടെ ഇ.എം.എസ് സ്മാരക വായനശാലയിലെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പി.കെ ബൈജുവും അന്നത്തെ മുനിസിപ്പല്‍ അധികൃതരും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഈ സംഭവത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ബൈജു പാര്‍ട്ടി വിട്ടത്.
പക്ഷേ രാജിക്കത്ത് നല്‍കിയതിന്റെ പിന്നാലെ ബൈജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലൈംഗിക ആരോപണങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. നേതാക്കള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി പോയി. പരാതിയെഴുതിയ കൈപ്പട ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടേതാണെന്നും ഇന്ററര്‍നെറ്റിലൂടെ ഇവ പ്രചരിപ്പിച്ചുവെന്നതിനാല്‍ സൈബര്‍ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ബൈജു പരാതി നല്‍കി.
ഈ പരാതിയില്‍ അന്വേഷണത്തിനാണ് പോലീസ് ജബ്ബാറിന്റെ വീട്ടിലെത്തിയത്. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് നീതിയുക്തമായല്ല പെരുമാറിയതെന്ന് ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കല്‍ കമ്മിറ്റി യോഗം അറിയിച്ചു.
ഡോ. കെ എ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കളളപ്പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് നീക്കത്തിനെതിരെ ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ലോക്കല്‍ ആക്ടിങ്ങ് സെക്രട്ടറി ബി മണി അറിയിച്ചു.
മാതൃഭൂമി 7.07.2014
No comments:
Post a Comment