പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ കുളക്കാട്ട് പുഞ്ചത്തോട് പുനരുദ്ധാരണം മുടങ്ങിയതിനാല്‍ വെള്ളം കയറി മൂന്ന് ഏക്കറോളം നെല്‍കൃഷി നശിയ്ക്കുന്നു.
കുളക്കാട്ടു പാടം പുഞ്ചത്തോട് തുറ മുതല്‍ കുന്നുവഴി വരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗം പുനരുദ്ധരിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. തോട് പുനരുദ്ധാരണ വേലകള്‍ക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തുക വകയിരുത്താറുണ്ടെങ്കിലും അത് അപര്യാപ്തമാകുന്നതിനാലാണ് പുനരുദ്ധാരണം നടക്കാതെ പോയത്.
2011-12 ല്‍ പഞ്ചായത്ത് നാല്‍പതിനായിരം രൂപയാണ് ഇതിനായി വകകൊള്ളിച്ചത്. അതുകൊണ്ടുതന്നെ പ്രവര്‍ത്തി ഏറ്റെടുക്കാനാളില്ലാതെ പോയി. പ്രദേശ വാസികളായ കര്‍ഷകര്‍ ചേര്‍ന്ന് പുനരുദ്ധാരണ വേലകള്‍ ഏറ്റെടുത്ത് നിര്‍വ്വഹിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിന് പഞ്ചായത്ത് നല്‍കിയത് കേവലം 28000 രൂപ മാത്രമാണ്.
ഗ്രാമപഞ്ചായത്തിന്റെ 4, 5, 6 വാര്‍ഡുകളിലൂടെയാണ് പുഞ്ചത്തോട് കടന്നുപോകുന്നത്. ഈ വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് നീര്‍ച്ചാലിനെയും കൃഷിഭൂമിയെയും നാശോന്മുഖമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പാടശേഖരത്തിന്റെ വലിയൊരുഭാഗം ഭൂമിമാഫിയകള്‍ ഇതിനോടകം സ്വന്തമാക്കിയെന്നും ഭൂമി തരിശിട്ട് വഴിയെ നികത്തിയെടുക്കാനാണ് ഇവരുടെ നീക്കമെന്നും ആക്ഷേപമുണ്ട്. ഇതിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും പ്രദേശവാസികളായ കര്‍ഷകര്‍ പറയുന്നു.
മംഗളം 28.02.2013
No comments:
Post a Comment