Monday, May 28, 2012

ടി. എച്ച്‌ മുസ്തഫ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക്‌; എ ഗ്രൂപ്പിനൊപ്പം

 പെരുമ്പാവൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌ മുസ്തഫ വീണ്ടും സജീവ രാഷ്ട്രീയത്തിലേയ്ക്ക്‌. സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ എ ഗ്രൂപ്പിനൊപ്പമാണ്‌ മുസ്തഫയുടെ തിരിച്ചുവരവ്‌. 
രാഷ്ട്രീയ വളര്‍ച്ചയുടെ ഘട്ടത്തില്‍ മുസ്തഫ താമസിച്ചിരുന്ന ടൌണിലെ വെജിറ്റബിള്‍ മാര്‍ക്കറ്റിന്‌ പിന്നിലുള്ള വീട്ടില്‍, തിരിച്ചുവരവിണ്റ്റെ ഭാഗമായി കഴിഞ്ഞ ദിവസം അനൌപചാരികമായ ഒരു കൂടിച്ചേരലും നടന്നു. സ്വാതന്ത്യ്രസമര സേനാനികളായ എം.കെ ഇബ്രാഹിം, എന്‍.പി തോമസ്‌, അലിക്കുഞ്ഞ്‌, പി.ഒ വറുഗീസ്‌, പി.കെ മത്തായി തുടങ്ങിയവരുള്‍പ്പടെ ആദ്യകാല കോണ്‍ഗ്രസ്‌ നേതാക്കളുടെ കൂട്ടായ്മയായി അത്‌ മാറി. മുസ്തഫയ്ക്കൊപ്പം രാഷ്ട്രീയത്തില്‍ സജീവമായിരുന്നവരും എ ഗ്രൂപ്പിലെ പ്രവര്‍ത്തകരുമായി ഏകദേശം മുന്നൂറോളം പേരാണ്‌ മുസ്തഫയുടെ ക്ഷണം സ്വീകരിച്ചെത്തിയത്‌. 
ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസിണ്റ്റെ ഉദ്ഘാടന ചടങ്ങില്‍ മുസ്തഫയെ അവഗണിയ്ക്കാന്‍ നടന്ന നീക്കത്തെ തുടര്‍ന്നാണ്‌ അദ്ദേഹത്തിണ്റ്റെ തിരിച്ചുവരവ്‌ എന്നത്‌ എടുത്തുപറയേണ്ടതാണ്‌. ഡി.സി.സി ഓഫീസിന്‌ സ്വന്തം കയ്യില്‍ നിന്ന്‌ പണം മുടക്കി സ്ഥലം വാങ്ങിയ, അന്നത്തെ ജില്ലാ കമ്മിറ്റി പ്രസിഡണ്റ്റ്‌ കൂടിയായ മുസ്തഫയെ ഒഴിവാക്കാനുള്ള നീക്കം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന്‌, എ.കെ ആണ്റ്റണിയും വയലാര്‍ രവിയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ വിളിച്ച്‌ ഖേദം പ്രകടിപ്പിച്ചതും കോണ്‍ഗ്രസ്‌ ഹൌസിലെ ലൈബ്രറി ഉദ്ഘാടകനായി മുസ്തഫയെ നിയോഗിച്ചതും അണികളില്‍ ആവേശം വളര്‍ത്തി. 
ഇനിയങ്ങോട്ട്‌, എല്ലാദിവസവും വൈകിട്ട്‌ നാലു മുതല്‍ ഏഴുവരെ മുസ്തഫ പെരുമ്പാവൂരിലെ വീട്ടില്‍ പ്രവര്‍ത്തകരെ കാണാനനാണ്‌ തീരുമാനം. ഈ വീട്ടില്‍, ഇപ്പോള്‍ മുസ്തഫയുടെ മകനും എ ഗ്രൂപ്പിലെ സജീവസാന്നിദ്ധ്യവുമായ സക്കീര്‍ ഹുസൈനാണ്‌ താമസം. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന്‌, മുസ്തഫ മാറമ്പിള്ളിയിലെ വീട്ടിലേയ്ക്ക്‌ മാറിയ ശേഷം നീണ്ട പതിമൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പെരുമ്പാവൂരിലെ വീട്ടിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്‌. 
മുസ്തഫ ടൌണില്‍ സജീവമാകുന്നതോടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളും ബലപ്പെടും. യു.ഡി.എഫ്‌ കണ്‍വീനറും മുന്‍ നിയമസഭ സ്പീക്കറുമായ പി.പി തങ്കച്ചനും മുസ്തഫയും മുഖാമുഖം വരുന്നതോടെ കോണ്‍ഗ്രസിലെ കിടമത്സരം പുതിയ മാനങ്ങള്‍ തേടിയേക്കാം. കോണ്‍ഗ്രസിണ്റ്റെ നേതൃനിരയിലേയ്ക്ക്‌ മകന്‍ സക്കീര്‍ ഹുസൈണ്റ്റെ വളര്‍ച്ചയ്ക്കും മുസ്തഫയുടെ സജീവമായ തിരിച്ചുവരവ്‌ ഇന്ധനമാകുമെന്ന്‌ കരുതുന്നവരും ഉണ്ട്‌. 
മംഗളം 27.05.2012

No comments: