പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ എഴുത്തുകാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാഹിത്യകാര ഡയറക്ടറി തയ്യാറായി. മണ്‍മറഞ്ഞ പ്രശസ്ത സാഹിത്യകാരന്മാരുടേയും തുടക്കക്കാരായ എഴുത്ത് പ്രതിഭകളുടേയും വരെ വിവരങ്ങളാണ് ഡയറക്ടറിയിലുള്ളത്.
ഐ.എ.എസിന്റെ കിന്നരിത്തലപ്പാവ് അഴിച്ചുവച്ച് അക്ഷരലോകത്തെ ഇതിഹാസമായി മാറിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍, മലയാള കഥയില്‍ മാന്ത്രികക്കളങ്ങള്‍ വരച്ചു ചേര്‍ത്ത എം.പി നാരായണപിള്ള തുടങ്ങിയവരുടെ വിവരങ്ങള്‍ ഇതിലുണ്ട്. എഴുത്തിന്റേയും വായനയുടേയും ആകാശങ്ങള്‍ കീഴടക്കിയ പി ഗോവിന്ദപ്പിള്ള, നാടകരചനയില്‍ പുതുലോകങ്ങള്‍ കണ്ടെത്തിയ കാലടി ഗോപി, അഗാധമായ നിശബ്ദത പാലിച്ച് കഥയില്‍ വിസ്മയം വിരിയിച്ച സി അയ്യപ്പന്‍ എന്നിവരേയും ഈ ഡയറക്ടറിയിലൂടെ നമുക്ക് ഓര്‍ക്കാം.
ജീവിച്ചിരുന്ന കാലത്ത് നിസ്തൂല സംഭാവനകള്‍ നല്‍കിയ, അതേ സമയം പുതുതലമുറയ്ക്ക് അത്രയേറെ പരിചയമില്ലാത്ത വിദ്വാന്‍ വട്ടോളി കൊച്ചുകൃഷ്ണപിള്ള, കീഴില്ലം എം.കെ ശങ്കരപ്പിള്ള തുടങ്ങിയവരുടെ വിവരങ്ങളും കുന്നത്തുനാട്ടിലെ എഴുത്തുകാരുടെ കൂട്ടത്തിലുണ്ട്.
വൈജ്ഞാനിക സാഹിത്യ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന ഡോ. ഡി ബാബുപോള്‍ ഐ.എ.എസ്, ജസ്റ്റീസ് ടി.വി തോമസ്, കഥാകൃത്തുക്കളായ ഇന്ദുചൂഢന്‍ കിഴക്കേടം, പി.ആര്‍ ഹരികുമാര്‍ പുതു എഴുത്തിലെ ജൈവസാന്നിദ്ധ്യമായ ജീവന്‍ ജോബ് തോമസ് സാങ്കേതിക രംഗത്തെ എഴുത്തിലൂടെ ശ്രദ്ധേയരായ വര്‍ക്കി പട്ടിമറ്റം, ഡോ. മുരളി തുമ്മാരുകുടി ബാലസാഹിത്യകാരന്മാരായ വേണു വാര്യത്ത്, പി മധുസൂദനന്‍, സത്യന്‍ താന്നിപ്പുഴ തുടങ്ങി നൂറ്റമ്പതോളം എഴുത്തുകാരുടെ വിവരങ്ങളാണ് ഡയറക്ടറിയിലുള്ളത്.
അച്ചടിച്ച ആദ്യ കഥാസമാഹാരം പ്രകാശനം ചെയ്യും മുന്‍പ് ഈ ലോകം വെടിഞ്ഞ കെ.എം ജോഷിയെപ്പറ്റിയും കവിതാസമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ മരണം വരിച്ച അണ്ണന്‍ വടേരിയെപ്പറ്റിയും ഡയറക്ടറിയില്‍ നിന്ന് വായിച്ചറിയാം. റിയ ജോയി, നിഷാ മോഹന്‍ തുടങ്ങിയ പുതു തലമുറക്കാരേയും ഇതിലൂടെ പരിചയപ്പെടാം.
പ്രദേശത്തെ സ്‌കൂളുകള്‍, ഗ്രന്ഥശാലകള്‍, സ്വകാര്യ പുസ്തകശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴിവാക്കാനാകാത്ത ഈടുവയ്പ്പായിരിയ്ക്കും കുന്നത്തുനാട്ടിലെ എഴുത്തുകാര്‍ എന്ന ഡയറക്ടറിയെന്ന് പ്രസാധകര്‍ അവകാശപ്പെടുന്നു. സാഹിത്യതല്‍പരരായ ഒരു സംഘം ചെറുപ്പക്കാരുടെ സൈബര്‍ കൂട്ടായ്മയായ ഇലോകം ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വൈബ് മാഗസിന്റെ ആഭിമുഖ്യത്തിലാണ് ഡയറക്ടറി.
ഈമാസം 9 ന് ഉച്ചകഴിഞ്ഞ് 1.30 ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യത്തില്‍ ഡയറക്ടറി പ്രകാശിപ്പിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2591051, 9961258068, 9947773887 എന്നി നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മണികാക്കര അറിയിച്ചു.
മംഗളം 6.3.2013