Sunday, March 3, 2013

പെരുമ്പാവൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ ഇടവക നവതിയിലേയ്ക്ക്


പെരുമ്പാവൂര്‍: മാര്‍ത്തോമ്മ സഭയുടെ വടക്കന്‍ തിരുവിതാംകൂര്‍ പ്രേഷിത വേലയുടെ ഭാഗമായി  സുവിശേഷ പ്രസംഗ സംഘത്തിന്റെ നിയന്ത്രണത്തില്‍ 1923 ല്‍ ആരംഭിച്ച ഇടവക നവതിയിലേയ്ക്ക്. 
പഴയ മൂവാറ്റുപുഴ റോഡരികില്‍ വൈക്കോല്‍ മേല്‍പ്പുരയോടുകൂടിയ ചെറിയ ഷെഡിലാണ് ഈ ഇടവകയുടെ തുടക്കം. വികാരി ജനറാള്‍ വി.പി മാമ്മന്‍ കശീശ്ശയാണ് കൂദാശ ചെയ്തത്. പ്രഥമ വികാരിയായ സി.ഐ എബ്രഹാം കശീശ 1931 വരെ വികാരിയായി തുടര്‍ന്നു.  ഐമുറി, ഇരിങ്ങോള്‍ എന്നി രണ്ട് കോണ്‍ഗ്രിഗേഷനുകളേയും പട്ടണത്തില്‍ കാലാകാലങ്ങളില്‍ വന്നു ചേരുന്ന മാര്‍ത്തോമ്മ സഭ വിശ്വാസികളേയും ഒരുമിച്ച് ചേര്‍ക്കുക എന്നതായിരുന്നു സഭാനേതൃത്വത്തിന്റെ കാഴ്ചപ്പാട്.
പിന്നീട് ആലുവ-മൂന്നാര്‍ റോഡരുകില്‍ 1984 ല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് സ്ഥാപിച്ചു. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ 29 വൈദികരാണ് ഈ ഇടവകയില്‍ സേവനം അനുഷ്ഠിച്ചത്. ഇതില്‍ മാത്യൂസ് മാര്‍ അത്തനാസിയോസ്, ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ എന്നി മെത്രാപ്പോലീത്തമാരും ഉള്‍പ്പെടുന്നു.
ഈ ഇടവകയ്ക്ക് കീഴില്‍ ആശ്രമം ഹൈസ്‌കൂള്‍, ബാലിക മന്ദിരം, മാര്‍ത്തോമ്മ വനിത കോളജ്, മാര്‍ത്തോമ്മ കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നവതി ഭവന്‍ നിര്‍മ്മിയ്ക്കുന്നതിന് പുറമെ സുവനീര്‍, പാരീഷ്, ഡയറക്ടറി എന്നിവ പ്രസിദ്ധീകരിയ്ക്കുന്നുമുണ്ട്. ഇതിനു പുറമെ മെഡിക്കല്‍ ക്യാമ്പുകള്‍, വൈദ്യ-വിദ്യാഭ്യാസ-വിവാഹ സഹായങ്ങള്‍ മുതലായവയും ആവിഷ്‌ക്കരിയ്ക്കുന്നു.
ഇടവകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് ഡോ. സഖറിയാസ് മാര്‍ തിയോഫിലസ് വൈകിട്ട് 4.30 ന് നിര്‍വ്വഹിയ്ക്കും. കുര്യാക്കോസ് മാര്‍ യൗസേബിയോസ് ഇടവക സന്ദേശം നല്‍കും. സഭാ സെക്രട്ടറി പി.പി തോമസ് അദ്ധ്യക്ഷത വഹിയ്ക്കും.
കെ.പി ധനപാലന്‍ എം.പി സുവനീറും സാജുപോള്‍ എം.എല്‍.എ പാരീഷ് ഡയറക്ടറിയും പ്രകാശനം ചെയ്യും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുതിര്‍ന്ന രക്ഷിതാക്കളെ ആദരിയ്ക്കും. നഗരസഭ ചെയര്‍മാന്‍  നവതി മൊമെന്റോ പ്രകാശനം ചെയ്യും. 

മംഗളം 3.03.2013

No comments: