പെരുമ്പാവൂര്‍: അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് റവന്യൂ പുറമ്പോക്ക് ഭൂമി വിട്ടു നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ പ്രതിഷേധിച്ച് താലൂക്ക് സഭായോഗ ഹാളിനു മുന്നില്‍ പഞ്ചായത്ത് മെമ്പര്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി.
വെങ്ങോല ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അംഗന്‍വാടിയ്ക്ക് വേണ്ടി മെമ്പര്‍ ശിവന്‍ കദളിയാണ് ഒറ്റയാള്‍ സമരം നടത്തിയത്. 15 ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് തഹസീല്‍ദാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സത്യാഗ്രഹം അവസാനിപ്പിയ്ക്കുകയായിരുന്നു.
ഏറെ ജനസാന്ദ്രതയുള്ള രണ്ടാം വാര്‍ഡില്‍ ഒരു അംഗന്‍വാടി മാത്രമാണുള്ളത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സ്വന്തമായി കെട്ടിടമില്ലാതെ വിവിധ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെ കാലാവധി ഈ മാസം 24 ന് അവസാനിക്കും. മറ്റ് കെട്ടിടങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് അംഗന്‍ വാടിയുടെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
മാതൃക അംഗന്‍വാടിയായി ഉയര്‍ത്തി കെട്ടിടം നിര്‍മ്മിയ്ക്കാന്‍ 19 ലക്ഷം അനുവദിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതനുസരിച്ച് രണ്ടാം വാര്‍ഡിലെ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിയ്ക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റവന്യു സെക്രട്ടറി ജില്ലാ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കളക്ടര്‍ കുന്നത്തുനാട് തഹസീല്‍ദാരോട് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അഞ്ചുമാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രം.
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, ടി.പി അബ്ദുള്‍ അസീസ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഇ.കെ മുഹമ്മദ്കുഞ്ഞ്, കെ.കെ മജീദ് തുടങ്ങിയവര്‍ സത്യാഗ്രഹിയെ സന്ദര്‍ശിച്ചു.
മംഗളം 03.03.2013
No comments:
Post a Comment