Friday, March 1, 2013

പശ നിര്‍മ്മാണ കമ്പനിതുടങ്ങാന്‍ അനുമതി: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍


പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ പശനിര്‍മ്മാണ കമ്പനിയ്ക്ക് അനുമതി കൊടുക്കാന്‍ ഒത്താശ നല്‍കിയതിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍.
വല്ലം കോടനാട് റോഡില്‍ തുടങ്ങുന്ന എ.പി.കെ പോളിമേഴ്‌സ് എന്ന പശനിര്‍മ്മാണ കമ്പനിയ്ക്ക് അനുകൂലമായി അംഗങ്ങളറിയാതെ പഞ്ചായത്ത് കമ്മിറ്റി മിനിട്ട്‌സില്‍  പ്രസിഡന്റും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.  മുമ്പ് പഞ്ചായത്ത് സെക്രട്ടറി കമ്പനി നടത്തിപ്പിനുള്ള ലൈസന്‍സ് നല്‍കിയിരുന്നുവെങ്കിലും ജനപ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതേ തുടര്‍ന്നാണ് ഭരണസമിതി അംഗങ്ങള്‍ പോലും അറിയാതെ പ്രസിഡന്റ് കമ്പനിയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത്.
ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങളായ എല്‍.ഡി.എഫിന്റെ കെ.ഡി ഷാജി, റെജീന ജലീല്‍ എന്നിവര്‍ക്ക് പുറമെ, യു.ഡി.എഫ് അംഗങ്ങളായ വൈസ് പ്രസിഡന്റ് മിനി ഷാജു, പി.കെ മുഹമ്മദ് കുഞ്ഞ്, എം.വി ബെന്നി, എന്‍.ഒ ജോര്‍ജ്, കെ.പി പൈലി, ടി.ജി ബാബു എന്നിവരും രംഗത്ത് എത്തുകയായിരുന്നു. മിനിട്‌സില്‍ തങ്ങളറിയാതെ കൂട്ടിച്ചേര്‍ത്തവ നീക്കം ചെയ്യണമെന്ന് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏകാധിപത്യപരമായി പെരുമാറുന്ന പ്രസിഡന്റും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് നടത്തുന്ന ക്രമക്കേടുകള്‍ക്കും  എതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.


മംഗളം 01.03.2013

No comments: