Friday, March 1, 2013

കുണ്ടുകുളം കാടുകയറി; വട്ടയ്ക്കാട്ടുപടി മേഖലയില്‍ ജലക്ഷാമം രൂക്ഷം



പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന ജനസ്രോതസുകളിലൊന്നായ കുണ്ടുകുളം നികന്നും കാടുകയറിയും ഉപയോഗശൂന്യമാകുന്നു. ഇതോടെ വട്ടയ്ക്കാട്ടുപടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായി. 
പത്തൊമ്പതാം വാര്‍ഡില്‍പ്പെട്ട വട്ടയ്ക്കാട്ടുപടിയില്‍ എഴുപത് സെന്റോളം വിസ്തീര്‍ണത്തിലായിരുന്നു കുളം. അറുവുമാലിന്യങ്ങളും പ്ലൈവുഡ് കമ്പനിയില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളി ഈ കുളം മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റി. ഇപ്പോള്‍ ദൂരെനിന്നുള്ള ആളുകള്‍പോലും മാലിന്യം നിക്ഷേപിയ്ക്കാന്‍ ആശ്രയിയ്ക്കുന്നത് ഈ ജലസ്രോതസിനെയാണ്.
കുളത്തോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ അടുത്തകാലം വരെ മൂന്ന് പൂ കൃഷ്‌ചെയ്തിരുന്നു. കുളം നാശോന്മുഖമായതോടെ കൃഷി നിലച്ചു. പരിസരവാസികളുടെ കിണറുകളിലേയ്ക്കുള്ള ഉറവയും ഇല്ലാതായി. ഇപ്പോള്‍ കാട്ടുചേമ്പുകള്‍ നിറഞ്ഞ് കുളം പൂര്‍ണമായും ഉപയോഗ്യ യോഗ്യമല്ലാതെയായി.
കുണ്ടുകുളം പുനരുദ്ധരിയ്ക്കണമെന്ന് രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതരോടും ജില്ലാപഞ്ചായത്ത് മെമ്പറോടും പലവട്ടം ആവശ്യപ്പെട്ടതായി പൗരസമിതി കണ്‍വീനറും എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗവുമായ കെ.എ മൈതീന്‍പിള്ള പറയുന്നു. കുണ്ടുകുളം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കുമുള്ള സമരപരിപാടികളുമായി രംഗത്ത് വരാനാണ് നാട്ടുകാരുടെ തീരുമാനം

മംഗളം 01.03.2013

No comments: