Sunday, March 3, 2013

കിടപ്പാടം ഒലിച്ചുപോയ യുവാവിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും വെള്ളത്തിലായി


സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: പെരുമഴയില്‍ കിടപ്പാടം ഒഴുകിപ്പോയ, ഉറ്റവരും ഉടയവരും ഇല്ലാത്ത യുവാവിന് സര്‍ക്കാര്‍ നല്‍കിയ സഹായ വാഗ്ദാനങ്ങളും വെള്ളത്തിലായി.
മേതല ഏന്ത്രത്തുകുടി സിനോജി (27) ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 10000 രൂപയും ജില്ലാ കളക്ടര്‍ നല്‍കുമെന്നറിയിച്ച 50000 രൂപയുമാണ് നാലു മാസങ്ങള്‍ പിന്നിട്ടിട്ടും ലഭിക്കാത്തത്. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേര്‍ന്ന് സിനോജിന് വീടും സ്ഥലവും നല്‍കുമെന്ന് തീരുമാനം എടുത്തിരുന്നെങ്കിലും അതിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് മേതല ഹൈ ലെവല്‍ കനാല്‍ ബണ്ടിലുള്ള സിനോജിന്റെ വീട് മഴയില്‍ ഒലിച്ചുപോയത്. ഇരുമ്പു ഗോഡൗണിലെ ജീവനക്കാരനായ സിനോജ് അന്ന് ജോലിസ്ഥലത്തായിരുന്നതിനാല്‍ ജീവഹാനി ഉണ്ടായില്ല. 
പെരിയാര്‍വാലി കനാല്‍ വാച്ചറായിരുന്ന അച്ഛന്‍ കൃഷ്ന്‍കുട്ടി 2006 ല്‍ വാഹനാപകടത്തില്‍ മരിയ്ക്കുന്നതോടെയാണ് സിനോജിന്റെ ദുരന്തകാലം ആരംഭിയ്ക്കുന്നത്. ക്യാന്‍സര്‍ ബാധിച്ചാണ് അമ്മയുടെ മരണം. അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടയില്‍, മഞ്ഞപ്പിത്തം ബാധിച്ച മൂത്ത സഹോദരനും മരിച്ചു. സഹോദരിയെ വിവാഹം ചെയ്തയച്ചതിനാല്‍ സിനോജ് ഒറ്റയ്ക്കായി. 
ധനതത്വശാസ്ത്രത്തില്‍ ബിരുദധാരിയായ ഈ യുവാവിന്റെ പേര് 2011 ലെ എല്‍.ഡി.സി സപ്ലിമെന്ററി  റാങ്ക് ലിസ്റ്റിലുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം കുത്തൊഴുക്കില്‍പ്പെട്ട് പോയതോടെ സര്‍ക്കാര്‍ ജോലിയെന്ന പ്രതീക്ഷയും പ്രതിസന്ധിയിലായി
സര്‍ക്കാരും ഗ്രാമപഞ്ചായത്തും പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഒരു ചെറിയ കിടപ്പാടമെങ്കിലും ഒരുക്കാമായിരുന്നുവെന്ന് സിനോജ് പറയുന്നു. വീടിരുന്ന പതിനഞ്ച് സെന്റ് ഭൂമിയില്‍ മൂന്നിലൊന്നും ഒഴുക്കില്‍പ്പെട്ടുപോയി. അവിടെ ഇപ്പോള്‍ അഗാധഗര്‍ത്തമാണ്. 
സ്വന്തമായി അല്‍പം മണ്ണ്, തലചായ്ക്കാന്‍ ചെറിയൊരു വീട്, ജീവിക്കാനൊരു ജോലി തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിലൊരു വഴിയും കാണാതെ അന്ധാളിച്ച് നില്‍ക്കുകയാണ് ഈ യുവാവ്. അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ ഈ യുവാവിന് പുതുജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ കഴിയും.

 മംഗളം 3.03.2013

No comments: