പെരുമ്പാവൂര്‍: ഒറിജിനലിനെ വെല്ലുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ പത്തു മിനിട്ടിനുള്ളില്‍ റെഡി. ഏതു മറുനാടന്‍ ക്രിമിനലുകള്‍ക്കും പെരുമ്പാവൂര്‍ പട്ടണത്തില്‍ രാപ്പാര്‍ക്കാം; ആരേയും ഭയക്കാതെ.
നല്ല കൂലിയുള്ള വേലതേടി വരുന്നവരുടെ മറവിലെത്തുന്ന തീവ്രവാദികള്‍ക്കും കൊടും ക്രിമിനലുകള്‍ക്കും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി നല്‍കുന്ന ലോബികള്‍ പെരുമ്പാവൂരില്‍ ധാരാളം. ചില സ്റ്റുഡിയോകള്‍ കേന്ദ്രീകരിച്ചാണ് വ്യാജതിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം.
ഫോട്ടോ മാത്രം കൊടുത്താല്‍ പത്തു മിനിട്ടിനകം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കും. കമ്പ്യൂട്ടറിലുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ മാതൃകയിലേക്ക് ഫോട്ടോ പേസ്റ്റ് ചെയ്താണ് കാര്‍ഡ് നിര്‍മ്മാണം. കാര്‍ഡില്‍ ഫോട്ടോ ഒഴിച്ചുള്ള മറ്റുവിവരങ്ങളെല്ലാം മറ്റേതോ വ്യക്തിയുടേതായിരിക്കുമെന്ന് ചുരുക്കം.
പ്ലൈവുഡ് കമ്പനികളില്‍ ജോലിക്കായാണ് മറുനാടന്‍ തൊഴിലാളികള്‍ വന്നു തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്ലൈവുഡ് വ്യവസായമുള്ളതാകട്ടെ, പെരുമ്പാവൂരിലും. എത്തുന്ന ആര്‍ക്കും ജോലി കിട്ടുമെന്നതിനാല്‍ തൊഴിലാളികളുടെ വരവ് വര്‍ദ്ധിച്ചു. കെട്ടിടനിര്‍മ്മാണ മേഖല മുതല്‍ മണല്‍ക്കടവുകളില്‍ വരെ അവസരങ്ങളായി.
അന്നം തേടിയെത്തുന്ന ഈ തൊഴിലാളികളുടെ മറവില്‍ ക്രിമനിലുകളും ബംഗാളികളെന്ന പേരില്‍ ബംഗ്ലാദേശികളും ഇവിടേക്ക് ഒഴുകുകയാണ്. 2008 ല്‍ വിവിധ പ്ലൈവുഡ് കമ്പനികളില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 27 തൊഴിലാളികളില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നവര്‍ കേവലം മൂന്നുപേര്‍. റെയ്ഡ് നടന്നാല്‍ എല്ലാവരുടേയും കൈവശം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടായിരിക്കും. പലതും വ്യാജമാണെന്ന് മാത്രം.
തൊഴിലാളികള്‍ അവരുടെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വിലാസം സാക്ഷ്യപ്പെടുത്തിയ രേഖകളുമായിട്ടാണ് വരേണ്ടത്. അതു പരിശോധിച്ച ശേഷം തൊഴില്‍ സ്ഥാപനം പ്രത്യേകം ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യണം. പെരുമ്പാവൂരില്‍ സോമില്‍ ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കാര്‍ഡുകള്‍ നല്‍കിയത്. പ്ലൈവുഡ് മേഖല വ്യവസായ മുരടിപ്പിലേക്ക് നീങ്ങിയതോടെ തൊഴിലാളികള്‍ മറ്റു മേഖലകളിലേക്ക് ചേക്കേറാന്‍ തുടങ്ങി. തൊഴിലാളികള്‍ എവിടെ നിന്ന് വരുന്നുവെന്നോ ആരാണെന്നോ ഉള്ള അന്വേഷണങ്ങള്‍ തീരെയില്ലാതെയായി. ആരെങ്കിലും ചോദിച്ചാല്‍ കാണിക്കാനാണ് വ്യാജന്‍ വാങ്ങുന്നത്.
കാശ്മീരില്‍ കലാപമുണ്ടാക്കിയതിന്റെ പേരില്‍ ഹൈദരാബാദില്‍ നിന്ന് പിടികൂടിയ അബ്ദുള്‍ ജബ്ബാര്‍ ദീര്‍ഘകാലം ഒളിവില്‍ താമസിച്ചത് പെരുമ്പാവൂരിലായിരുന്നു. അനൂപ് എന്ന പേരിലാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കണ്ടെത്തി. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയും കാമുകിയും ഒളിച്ചുപാര്‍ത്തതും പെരുമ്പാവൂരില്‍. അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പെരുമ്പാവൂരില്‍ രഹസ്യമായി എത്തിച്ച് തെളിവ് എടുത്തിരുന്നു.
കേരളത്തിലേക്കുള്ള ലഹരി വസ്തുക്കളുടെ വരവും പ്രധാനമായും അന്യദേശക്കാര്‍ വഴിയാണ്. ബംഗ്ലാദേശില്‍ നിന്ന് വിലക്കുറവില്‍ കിട്ടുന്ന കഞ്ചാവും ബ്രൗണ്‍ ഷുഗറും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള തൊഴിലാളികളാണ് എത്തിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്നും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം ഭാര്യയേയും മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും കൊലപ്പെടുത്തി കടന്നുകളഞ്ഞ അന്യദേശക്കാരനെ കണ്ടെത്താനായിട്ടില്ല. മരിച്ച യുവതി അസം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞതും
വല്ലത്തിന് അടുത്ത് ബീഹാര്‍ ദേശ്പൂര്‍ സ്വദേശി മുകേഷ് എന്ന യുവാവിനെ മുഖത്ത് കല്ലിനിടിച്ച് കൊന്ന പ്രതിയെ കണ്ടെത്തിയതും പൂനൂരിലെ താറാവു ഫാമില്‍ കൊലപാതകം നടത്തിയ ആളെ പിടികൂടിയതും മാസങ്ങള്‍ കഴിഞ്ഞാണ്.
(മംഗളം 10.06.2015)