പെരുമ്പാവൂര്‍: കേരളത്തിലങ്ങോളമിങ്ങോളമുള്ള സിമന്റ് കടകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന അന്തര്‍ജില്ലാ മോഷ്ടാവ് പോലീസ് വലയിലായി.
ആലപ്പുഴ പള്ളിപ്പാട് നരയിഞ്ചി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സന്ധ്യാഭവന്‍ രാജുവിന്റെ മകന്‍ സന്ദീപ് (36) ആണ് പിടിയിലായത്. ഹരിപ്പാട് സ്റ്റേഷനില്‍ കൊലപാതക ശ്രമവും മോഷണവും ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായ ഇയാള്‍ പിടികിട്ടാപ്പുള്ളിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മാന്നാര്‍, മാവേലിക്കര സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകളുണ്ട്.
കെട്ടിടം പണി നടക്കുന്ന ഇടങ്ങളില്‍ സിമന്റ് കമ്പനിയുടെ റെപ്രസെന്റേറ്റീവ് എന്ന വ്യാജേനെ എത്തിയായിരുന്നു ഇയാളുടെ തട്ടിപ്പ്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സിമന്റ് സൈറ്റില്‍ എത്തിച്ച് തരാം എന്ന വാഗ്ദാനം നല്‍കുകയാണ് പതിവ്.
ഇയാള്‍ കഴിഞ്ഞ മാസം 23 ന് കുറുപ്പംപടിയിലുള്ള പിട്ടാപ്പിള്ളില്‍ സിമന്റ് സ്റ്റോഴ്‌സില്‍ നിന്ന് അറുപത് ചാക്ക് സിമന്റ് വാങ്ങി. കടയുടമയെക്കൊണ്ടു തന്നെ വാഹനം വാടകയ്ക്ക് വിളിപ്പിച്ചു. ഈ വാഹനത്തിനൊപ്പം ഇരു ചക്ര വാഹനത്തില്‍ ഇയാളും സിമന്റ് ഇറക്കാനുള്ള സൈറ്റിലേക്ക് പോയി. ചേലക്കുളം ഭാഗത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ അമ്പത് ചാക്ക് സിമന്റ് ഇറക്കി. ബാക്കിയുള്ള പത്തു ചാക്ക് മാറ്റൊരിടത്താണ് ഇറക്കേണ്ടത് എന്ന് വിശ്വസിപ്പിച്ച് ലോഡ് കൊണ്ടു വന്ന വാഹനത്തെ അവിടേക്ക് അയച്ചു. ഇതിനിടെ ചേലക്കുളത്തെ വീട്ടില്‍ നിന്ന് അമ്പതു ചാക്ക് സിമന്റിന്റെ വിലയും വാങ്ങി മുങ്ങി.
കുറുപ്പംപടി പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ കടയില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ ഒരു ആസാം സ്വദേശിയുടെ ആയിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍, വ്യാജ വിലാസത്തില്‍ ഇയാള്‍ പത്തോളം സിം കാര്‍ഡുകളും പതിനഞ്ചോളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. മുഴുവന്‍ ഫോണുകളും സിംകാര്‍ഡുകളും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തെ തുടര്‍ന്ന് പ്രതി ചോറ്റാനിക്കര ഭാഗത്തുണ്ടെന്ന് കണ്ടെത്തി.
കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ റൗഫ്, വിനോദ്, അനസ് എന്നിവര്‍ ചേര്‍ന്നാണ് സന്ദീപിനെ തിരുവാങ്കുളം കണിച്ചിറ കോളനിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ ഭാഗത്ത് മാത്രം അഞ്ച് സിമന്റ് കടകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ആലുവ, മുളന്തുരത്തി, ചോറ്റാനിക്കര ഭാഗങ്ങളില്‍ രണ്ടു വീതം കടകളിലും പിറവം, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ ഭാഗത്തെ കടകളിലും ഇയാള്‍ സമാനരീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി തെളിഞ്ഞു. ഒരിടത്തും ഇയാള്‍ ആറുമാസത്തില്‍ കൂടുതല്‍ താമസിക്കാറില്ല. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഇയാള്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
മംഗളം 08.06.2015
No comments:
Post a Comment