പെരുമ്പാവൂര്‍: കിണറ്റില്‍ കണ്ടെത്തിയ ചെറു പാമ്പുകളുമായോ മണ്ണിരകളുമായോ സാദൃശ്യമുള്ള ആയിരക്കണക്കിന് ജീവികളെ പറ്റി ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉത്തരമില്ല. പരിഹാരമായി അമിത അളവില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിന്റെ കുടിവെള്ളം മുട്ടി.
പുല്ലുവഴി ഉദാലക്കോടന്‍ ഷാജി പോളിന്റെ കുടുംബമാണ് വെട്ടിലായത്. കഴിഞ്ഞ മൂന്നിനാണ് കിണര്‍ വെള്ളത്തില്‍ കൂത്താടികള്‍ പോലുള്ള ചെറുജീവികളെ ഇവര്‍ കണ്ടത്. ഇതേ തുടര്‍ന്ന് കിണര്‍ വറ്റിച്ചു. അപ്പോള്‍ കിണറിന്റെ താഴെ നിന്നും പാമ്പുകളുമായി സാദൃശ്യമുള്ള ജീവികളെ കാണുകയായിരുന്നു. ഇവയ്ക്ക് ഒന്നരയടിയോളം നീളമുണ്ട്. കറുത്ത നിറമാണ്.
അപ്പോള്‍ തന്നെ വിവരം രായമംഗലം പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. കൃത്യമായ ഉത്തരമോ പ്രതിവിധിയോ കിട്ടാത്തതിനെ തുടര്‍ന്ന് മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. അവര്‍ക്കും ഈ ജീവികള തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാക്കനാട് സര്‍ക്കാര്‍ ലബോറട്ടറിയില്‍ വെള്ളത്തിന്റെ സാമ്പിള്‍ നല്‍കിയെങ്കിലും ബ്ലീച്ചിങ്ങ് പൗഡറിന്റെ സാന്നിദ്ധ്യം കണ്ടതിനാല്‍ പരിശോധന നടന്നില്ല.
ഈ സാഹചര്യത്തിലാണ് പഞ്ചായത്തുമായി ബന്ധപ്പെട്ട ചിലര്‍ കിണറ്റില്‍ വീണ്ടും ബ്ലീച്ചിങ്ങ് പൗഡര്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് മൂന്നു കിലോയോളം ബ്ലിച്ചിങ്ങ് പൗഡറാണ് കിണറ്റില്‍ നിക്ഷേപിച്ചത്. അതോടെ വിചിത്ര ജീവികളെ കാണാതായി. പക്ഷെ, ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഈ കിണറിലെ വെളളം കുടിക്കാന്‍ കഴിയില്ലത്രെ. കാരണം, ആയിരം ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ മാത്രം നിക്ഷേപിക്കേണ്ട സ്ഥാനത്തായിരുന്നു ബ്ലീച്ചിങ്ങ് പൗഡറിന്റെ അമിത നിക്ഷേപം.
(മംഗളം 08.06.2015)
No comments:
Post a Comment