പെരുമ്പാവൂര്‍: കേരള ലളിത കലാ അക്കാദമി കലാഗ്രാമമായിരുന്ന ഇരിങ്ങോള്‍ നാഗഞ്ചേരി മനയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ശില്‍പം മരം വീണ് തകര്‍ന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും നഗരസഭയും ചേര്‍ന്ന് ഒരുക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു മാറ്റുമ്പോഴാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ ശില്‍പം തകര്‍ന്നത്. മരം വീണ് ശില്‍പത്തിന്റെ തലയറ്റു. ഉടല്‍ തകരുകയും ചെയ്തു. ശില്‍പം ഇപ്പോള്‍ കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.
കോട്ടയം സ്വദേശി പി.എസ് ശെല്‍വരാജ് നിര്‍മ്മിച്ച ഡിസ്‌ക്ലോസ് സെല്‍ഫ് എന്ന പേരിലുള്ള ശില്‍പമാണ് ശ്രദ്ധക്കുറവുകൊണ്ട് തകര്‍ന്നു വീണത്. ഇതിന് ഇരുപതു വര്‍ഷം പഴക്കമുണ്ട്. 1995 ല്‍ ലളിത കലാ അക്കാദമി സംഘടിപ്പിച്ച അന്തര്‍ദേശീയ ശില്‍പകലാ ശിബിരത്തിലാണ് ഈ ശില്‍പത്തിന്റെ നിര്‍മ്മാണം. ഇറ്റാലിയന്‍ ശില്‍പികളായ പൗലോ ലെനിയാഗി, ഇന്ത്യയിലെ പ്രശസ്ത ശില്‍പികളായ റിംസണ്‍, അശോകന്‍ പൊതുവാള്‍, പി.കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ക്യാമ്പ് ആയിരുന്നു അത്.
പിന്നീട് കലാഗ്രാമം പദ്ധതിയില്‍ നിന്ന് ലളിത കലാ അക്കാദമി പിന്‍മാറി. നാഗഞ്ചേരി മനയും പരിസരവും നഗരസഭ ഏറ്റെടുത്തു. കലാഗ്രാമത്തില്‍ തീര്‍ത്ത ശില്‍പ പാര്‍ക്കിലെ കലാസൃഷ്ടികള്‍ വര്‍ഷങ്ങളോളം അനാഥമായി കിടന്നു.
ഈ ശില്‍പങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി, ഒരു കോടി രൂപയോളം മുടക്കി ടൂറിസം സ്‌പോട്ട് സ്ഥാപിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് പ്രവേശനകവാടത്തിലെ ശില്‍പത്തിന്റെ തകര്‍ച്ച.
മംഗളം 4.06.2015
No comments:
Post a Comment