പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Sunday, January 11, 2009

എല്‍.ഡി. എഫ്‌ സര്‍ക്കാരിനെതിരെയുള്ള വികാരം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിയ്ക്കുമെന്ന്‌ ഓര്‍ത്തഡോക്സ്‌ പക്ഷം

11.1.2009
പെരുമ്പാവൂറ്‍: തങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറുന്നതിണ്റ്റെ പ്രത്യാഘാതം വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്‌ ഓര്‍ത്തഡോക്സ്‌ സഭ. മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിണ്റ്റെ അനുസ്മരണയോഗത്തിലാണ്‌ സഭാ നേതൃത്വം തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയത്‌. സഭയ്ക്ക്‌ യാതൊരു രാഷ്ട്രീയ ചായ്‌വുമില്ല. എന്നാല്‍ തങ്ങളെ നിരന്തരം ഉപദ്രവിയ്ക്കുന്ന സമീപനം അംഗീകരിയ്ക്കാനാവില്ല.
ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന തൃക്കുന്നത്ത്‌ പെരുന്നാളിന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം പങ്കെടുക്കുന്നത്‌ തടയുമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്നാണ്‌ ഓര്‍ത്തഡോക്സ്‌ പക്ഷത്തിണ്റ്റെ ആരോപണം. 1912-ല്‍ കക്ഷി ഭിന്നതകളെ തുടര്‍ന്നാണ്‌ സെമിനാരി പാത്രിയാര്‍ക്കീസ്‌ പക്ഷത്തിണ്റ്റെ നിയന്ത്രണത്തിലായത്‌. എന്നാല്‍ 1958-ല്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായി. ഇതേതുടര്‍ന്ന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം സമാധാനത്തിന്‌ തയ്യാറായി. പക്ഷെ അവര്‍ തന്നെ അത്‌ ലംഘിച്ചു. പിന്നീട്‌ സെമിനാരി അന്തരീക്ഷം സംഘര്‍ഷഭരിതമാണ്‌. എന്നാല്‍ ജില്ലാ കളക്ടര്‍ ഒരു പക്ഷത്തിനോട്‌ കൂറുകാട്ടുന്ന സമീപനമാണ്‌ പുലര്‍ത്തിപ്പോന്നത്‌. ഇതേ തുടര്‍ന്ന്‌ 2005-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറും എതിര്‍പക്ഷം ലംഘിയ്ക്കുകയാണ്‌. ഇരുകക്ഷികളും ജില്ലാകളക്ടറും ആലുവ പോലീസ്‌ സൂപ്രണ്ടും ഒപ്പുവച്ച രേഖയാണിതെന്നും യോഗം ചൂണ്ടിക്കാട്ടി.
മലങ്കര വര്‍ഗീസ്‌ ദാരുണമായി കൊലചെയ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ്‌ കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു.. കേരള ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തതിനെതുടര്‍ന്ന്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്‌. വര്‍ഗീസ്‌ വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച്‌ എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന്‌ യോഗം വിലയിരുത്തി.
പരിശുദ്ധ കതോലിക്ക മോര്‍ ആണ്റ്റ്‌ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ , നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌, ഫാ.ഡോ.ജോണ്‍സ്‌ അബ്രഹം കോനാട്ട്‌, ഫാ.ഏല്യാസ്‌ ചെറുകാട്‌, ഫാ.മത്തായി ഇടയനാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

1 comment:

sandeep vellaramkunnu said...

ഹലോ .ഓര്‍മയുണ്ടോ ഈ മുഖം. ഓര്‍മ കാണില്ലെന്നറിയാം .എങ്കിലും ഒന്നോര്‍ത്തു നോക്കൂ. പെരുമ്പാവൂര്‍ ന്യൂസ്‌ അപ്രതീക്ഷിതമായി കണ്ടു നന്നായിരിക്കുന്നു.