Friday, January 30, 2009

സ്കൂള്‍ കിണറ്റില്‍ നായയുടെ ജഡം: സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്‌ നഗരസഭ

19.01.2009
പെരുമ്പാവൂറ്‍: ആയിരത്തിലേറെ കുട്ടികള്‍ പഠിയ്ക്കുന്ന സര്‍ക്കാര്‍ ഗേള്‍സ്‌ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ കിണറ്റില്‍ തെരുവ്‌ നായയുടെ അഴുകിയ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന്‌ നഗരസഭ.
ഈ സ്കൂളിലെ കുടിവെള്ളത്തിന്‌ ഉപയോഗിയ്ക്കുന്ന കിണറ്റില്‍ വെള്ളിയാഴ്ചയാണ്‌ ജഡം കണ്ടത്‌. വിവരം ശ്രദ്ധയില്‍പെട്ടിട്ടും പട്ടിയുടെ ജഡം എടുത്തുമാറ്റാന്‍ സ്കൂള്‍ അധികൃതര്‍ക്കായില്ലെന്ന്‌ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.കെ ഐഷാ ബീവി ടീച്ചര്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു. നഗരസഭയേയും വിവരം അറിയിച്ചില്ല. നാട്ടുകാരാണ്‌ തങ്ങളെ വിവരം അറിയിച്ചത്‌. സംഭവം അറിഞ്ഞപ്പോള്‍ തന്നെ പട്ടിയുടെ അഴുകിയ ജഡം മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.പി ഹസന്‍, ആരോഗ്യവിഭാഗം സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ എസ്‌.ഷറഫ്‌, കൌണ്‍സിലര്‍ സി.കെ അബ്ദുള്ള, എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ്‌ പുറത്തെടുത്ത്‌ പോസ്റ്റ്‌ മോര്‍ട്ടത്തിനായി മണ്ണുത്തിയിലേയ്ക്ക്‌ കൊണ്ടുപോയത്‌.
സ്കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ്‌ കാട്ടിയതെന്നും ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പിനോട്‌ കര്‍ശനനടപടി കൈക്കൊള്ളാന്‍ ആവശ്യപ്പെടുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കമ്പിവലയിട്ട കിണറ്റില്‍ നായ വീണതില്‍ ദുരൂഹതയുണ്ടെന്നും തങ്ങളെ മനപൂര്‍വ്വം അവഹേളിയ്ക്കുവാന്‍ സംഭവം ഉപയോഗിയ്ക്കുകയായിരുന്നുവെന്നുമാണ്‌ സ്കൂള്‍ അധികൃതരുടെ ആരോപണം. ജഡം കണ്ടെത്തിയപ്പോള്‍തന്നെ വിവരം സ്കൂള്‍ മൈക്കിലൂടെ അറിയിച്ചു. കിണറ്റിലെ വെള്ളം ഉപയോഗിയ്ക്കുന്നത്‌ വിലക്കുകയും ചെയ്തു. നായയെ പുറത്തെടുക്കാനായി തൊഴിലാളികള്‍ക്ക്‌500 രൂപ നല്‍കിയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചത്‌ നഗരസഭ തടയുകയായിരുന്നുവെന്ന്‌ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സസ്യമാര്‍ക്കറ്റ്‌ കോംപ്ളക്സിണ്റ്റെ ഉദ്ഘാടനത്തിന്‌ സ്കൂള്‍ ബാണ്റ്റുസംഘത്തെ അയക്കാത്തതിണ്റ്റെ പക പോക്കലാണ്‌ നായ സംഭവമെന്ന്‌ സ്കൂള്‍ അധികൃതര്‍ പറയുന്നു. പരീക്ഷ അടുത്തതിനാലാണ്‌ സംഘത്തെ അയയ്ക്കാത്തത്‌. ഇതിനെതിരെ അധ്യാപകരോട്‌ മോശമായി ചില നേതാക്കള്‍ പെരുമാറിയിരുന്നു. നായയെ കണ്ടതിനെ തുടര്‍ന്ന്‌ ഇവര്‍ തന്നെ സ്കൂള്‍വളപ്പില്‍ വച്ചും മോശമായി പെരുമാറിയതായി ഹെഡ്മാസ്റ്റര്‍ മംഗളത്തോട്‌ പറഞ്ഞു. സ്കൂള്‍ വളപ്പില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ചെടുത്ത്‌ മാറ്റുന്നതിന്നായി പലവട്ടം നഗരസഭയില്‍ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. ഈക്കാര്യങ്ങളൊക്കെ ഇന്നലെ ചേര്‍ന്ന പി.ടി.എ എക്സിക്യുട്ടീവില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്‌.

No comments: