Friday, January 30, 2009

പ്രാദേശിക ചാനല്‍ സംഘത്തിനു നേരെ ബി.ജെ. പി നേതാവിണ്റ്റെ കയ്യേറ്റം

21.01.2009
പെരുമ്പാവൂറ്‍: അനധികൃത പാടം നികത്തല്‍ റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ പ്രാദേശിക ചാനല്‍ സംഘത്തിനു നേരെ ബി.ജെ.പി സംസ്ഥാനനേതാവിണ്റ്റെ കയ്യേറ്റം. ക്യാമറ പിടിച്ചുവാങ്ങിയ നേതാവ്‌ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തു.
വെങ്ങോല ഗ്രാമപഞ്ചായത്തിലെ ചെമ്പറക്കി തൈക്കാവ്‌ കവലയ്ക്കടുത്തുള്ള പാടം നികത്തുന്നത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ പെരുമ്പാവൂരിലെ ഒരു പ്രാദേശിക ചാനല്‍ സംഘം ഇന്നലെ വൈകിട്ട്‌ ഇവിടെ എത്തിയത്‌. നികത്തിയ പാടത്തിണ്റ്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്നിടയില്‍ സമീപവാസിയായ ബി.ജെ.പി നേതാവ്‌ ഓടിയെത്തി ക്യാമറാമാന്‍ കാസിമിനെ ആക്രമിയ്ക്കുകയായിരുന്നു. ഒപ്പം അസഭ്യവാക്കുകള്‍ വിളിക്കുകയും ക്യാമറ പിടിച്ചുവാങ്ങുകയും ചെയ്തു.
കാസിമും അസിസ്റ്റണ്റ്റ്‌ ക്യാമറാമാന്‍ മജീദും ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‌ മലയിടംതുരുത്ത്‌ എസ്‌.ഐ മാത്യു ജോര്‍ജും സംഘവും സ്ഥലത്ത്‌ എത്തി. ഇതേ തുടര്‍ന്ന്‌ നേതാവിനെ പെരുമ്പാവൂറ്‍ ഡിവൈ.എസ്‌.പി എന്‍ ശിവദാസ്‌ സ്റ്റേഷനിലേയ്ക്ക്‌ വിളിച്ചുവരുത്തി. പാടം മണ്ണിട്ടു നികത്തുന്നവരുടെ വാഹനത്തിലായിരുന്നു ഇദ്ദേഹം സ്റ്റേഷനിലെത്തിയത്‌ . ഈ നേതാവിണ്റ്റെ ഒത്താശയോടെയാണ്‌ പാടം നികത്തല്‍ എന്നതിണ്റ്റെ പ്രധാന തെളിവായി ഇത്‌ ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു. പാടം നികത്തലിനെതിരെ നാട്ടുകാര്‍ക്ക്‌ കടുത്ത പ്രതിഷേധമുണ്ട്‌.. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന കയ്യേറ്റത്തിനെതിരെയും പ്രതിഷേധം വ്യാപകമാണ്‌.

No comments: