പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, August 7, 2013

മുളങ്കുഴി-ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു

പെരുമ്പാവൂര്‍: പെരിയാറിന് കുറുകെ വനം വകുപ്പ് നിര്‍മ്മിച്ച മുളങ്കുഴി- ബകന്‍പുരം തൂക്കുപാലം ഉദ്ഘാടനത്തിന് മുമ്പേ തകര്‍ന്നു. 
ഒന്നര വര്‍ഷം മുമ്പ് 48 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച പാലമാണ് തകര്‍ന്നത്. പാലം ആര്‍ക്കും ഉപകാരപ്പെടാതെ ലക്ഷങ്ങള്‍ പാഴായതിനെതിരെ പ്രതിഷേധം വ്യാപകമാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മന്ത്രി ബിനോയ് വിശ്വമാണ് മുളങ്കുഴിയില്‍ നിന്ന് ബകന്‍പുരത്തേയ്ക്ക് തൂക്കുപാലവും പാണംകുഴിയില്‍ നിന്ന് ബകന്‍പുരത്തേയ്ക്ക് റോപ് വേയും അനുവദിച്ചത്. ഇവിടെ വികസിയ്ക്കാന്‍ സാദ്ധ്യതയുള്ള ടൂറിസം സാദ്ധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നു ഇത്.
പെരിയാറിലെ കയറ്റുവായില്‍ പുഴ തിരിയുന്ന ഭാഗത്തുള്ള തുരുത്താണ് ബകന്‍പുരം. ഒട്ടേറെ  ഐതീഹ്യങ്ങളുള്ള ഇവിടെ ഒരു  ശിവലിംഗ പ്രതിഷ്ഠയുണ്ട്. വിശ്വാസികള്‍ ഇതിനു മുന്നില്‍ വിളക്കുവയ്ക്കുന്നതും വഴിപാട് സമര്‍പ്പിയ്ക്കുന്നതും പതിവാണ്. ഏക്കറുകള്‍ വിസ്തൃതിയുള്ള ബകന്‍പുരം ഏറെ സാദ്ധ്യതകളുള്ള വിനോദസഞ്ചാര കേന്ദ്രമാകുമെന്നായിരുന്നു വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. 
അതുകൊണ്ടുതന്നെ തൂക്കുപാലത്തിന്റെ നിര്‍മ്മാണം മിന്നല്‍ വേഗതയിലാണ് നടന്നത്. ഒരു മീറ്റര്‍ വീതിയില്‍ എണ്‍പതു മീറ്റര്‍ നീളത്തിലായിരുന്നു ഇതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, റോപ് വേ യാഥാര്‍ത്ഥ്യമായില്ല. തൂക്കുപാലമാകട്ടെ,  ഉദ്ഘാടനം കഴിയാത്തതിനാല്‍ ഒന്നരവര്‍ഷത്തോളമായിട്ടും തുറന്നു കൊടുത്തിരുന്നുമില്ല. അതിനിടയിലാണ് പാലം തകര്‍ന്നത്. ചുരുക്കത്തില്‍ സംഭവിച്ചത് ലക്ഷങ്ങളുടെ അഴിമതി മാത്രം. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരിസരവാസികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

മംഗളം 7.04.2013

No comments: