Friday, August 2, 2013

പി.കെ.വി സ്മാരക മന്ദിരത്തിന്റെ താഴത്തെ നില വാടകയ്ക്ക്

ഇന്ത്യന്‍ കോഫീ ഹൗസിന് കൊടുക്കാന്‍ നീക്കം


സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: മുന്‍ മുഖ്യമന്ത്രിയും സമാദരണീയനായ സി.പി.ഐ നേതാവുമായിരുന്ന പി.കെ.വിയുടെ ഓര്‍മ്മയ്ക്കായി അടുത്തിടെ പുല്ലുവഴിയില്‍ നിര്‍മ്മിച്ച സ്മാരക മന്ദിരത്തിന്റെ താഴ്‌നില ഇന്ത്യന്‍ കോഫീ ഹൗസിന് വാടകക്ക് നല്‍കാന്‍ നീക്കം. 
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി.കെ.വി ട്രസ്റ്റിനുണ്ടായ സാമ്പത്തിക ബാദ്ധ്യത നികത്താനാണ് ഇത്. ഇന്ന് ചേരുന്ന ട്രസ്റ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാവുമെന്ന് അറിയുന്നു. പെരുമ്പാവൂര്‍-മൂവാറ്റുപുഴ എം.സി റോഡില്‍ നിലവില്‍ പ്രവര്‍ത്തിയ്ക്കുന്ന ഇന്ത്യന്‍ കോഫീ ഹൗസിന്റെ വാടക കാലാവധി തീരാന്‍ മാസങ്ങള്‍ ബാക്കിയുണ്ടെന്നതിനാല്‍, മറ്റു സ്വകാര്യ ഹോട്ടലുടമകളുമായി ബന്ധപ്പെടാനും ശ്രമങ്ങളുണ്ട്. നിലവില്‍ രണ്ടു ബാര്‍ ഹോട്ടലുകളുടെ നടുക്കാണ്  സ്മാരക മന്ദിരത്തിന്റെ സ്ഥാനം.
സി.പി.ഐ സംസ്ഥാന കമ്മിറ്റിയ്ക്ക് കീഴില്‍ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പി.കെ.വി ട്രസ്റ്റാണ് ഒരു കോടി രൂപയോളം മുടക്കി സ്മാരക മന്ദിരം നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 24-നാണ് സി.പി.ഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തത്.
നാനൂറോളം പേര്‍ക്ക് ഇരിയ്ക്കാവുന്ന ഓഡിറ്റോറിയം, കോണ്‍ഫ്രന്‍സ് ഹാള്‍, ഇന്റര്‍നെറ്റ് സൗകര്യമുള്ള റഫറന്‍സ് ലൈബ്രറി, റീഡിങ്ങ് റൂം, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം തുടങ്ങിയവയാണ്  ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതോടെ ട്രസ്റ്റ് കനത്ത സാമ്പത്തിക ബാദ്ധ്യതയിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു ദിവസത്തെ ശമ്പളം ഉള്‍പ്പടെ വ്യാപകമായി പിരിവു നടത്തിയാണ് മന്ദിര നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത്. ഇനിയും സംഭാവന പിരിയ്ക്കല്‍ പ്രായോഗികമല്ലാത്തതിനാലാണത്രേ താഴ്‌നില ഹോട്ടലിന് കൈമാറി, അവരില്‍ നിന്നുള്ള മുന്‍കൂറ് തുക ഉപയോഗിച്ച് നഷ്ടം നികത്തുന്നത്.
എന്നാല്‍, പി.കെ.വി സ്മാരകത്തെ കച്ചവടച്ചരക്കാക്കി മാറ്റുന്നതിനെതിരെ പാര്‍ട്ടിയ്ക്ക് അകത്ത് പ്രതിഷേധമുണ്ട്. ഹോട്ടലിന് വേണ്ടി താഴ്‌നില മുഴുവന്‍ കൈമാറുന്നതോടെ, സ്മാരക മന്ദിരത്തില്‍ മുന്‍പ് വിഭാവനം ചെയ്ത പല പദ്ധതികള്‍ക്കും സ്ഥലം തികയാതെ വരും. മാത്രവുമല്ല, ഹോട്ടല്‍ തിരക്കും ബഹളവും പി.കെ.വി സ്മാരകത്തിന്റെ പ്രൗഢമായ അന്തരീക്ഷത്തെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.
സി.പി.ഐ പോലുള്ള ഒരു ദേശീയ പാര്‍ട്ടിയ്ക്ക് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായ പി.കെ.വിയുടെ സ്മാരകം കച്ചവടവത്കരിയ്ക്കാതെ സംരക്ഷിയ്ക്കാന്‍ കഴിയില്ലേ എന്നാണ് അണികളുടെ ചോദ്യം.

മംഗളം 1.08.2013

No comments: