Tuesday, August 6, 2013

ഒന്നര പതിറ്റാണ്ടിനുശേഷമുള്ള പെരുമഴ; പെരുമ്പാവൂര്‍ മേഖലയിലും വെള്ളപ്പാച്ചില്‍

പെരുമ്പാവൂര്‍ തഖ്‌വ പള്ളി വെള്ളത്താല്‍ ചുറ്റപ്പെട്ടപ്പോള്‍


പെരുമ്പാവൂര്‍: ഒന്നരപതിറ്റാണ്ടിനുശേഷം തകര്‍ത്തുപെയ്യുന്ന പെരുമഴയില്‍ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും വെള്ളപ്പാച്ചില്‍.
ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാമുകള്‍ തുറന്നുവിടുക കൂടി ചെയ്തതോടെ ക്രമാതീതമായി ഉയര്‍ന്ന പെരിയാറിലെ ജലനിരപ്പ് പുഴയോടടുത്ത മേഖലകളെ അപകടകരമായ രീതിയിലാണ് ബാധിച്ചത്. കോടനാട് ,ഒക്കല്‍, മാറംപള്ളി, തുടങ്ങിയ മേഖലകളിലൊക്കെ പെരിയാര്‍ കരകവിഞ്ഞു. ക്രാരിയേലി, വേങ്ങൂര്‍, പാണിയേലി ഭാഗങ്ങളിലാണ് ആദ്യം ജലനിരപ്പ് ഉയര്‍ന്നത്. പിന്നെ മറ്റുപ്രദേശങ്ങളിലേയ്ക്കും വെള്ളം ഒഴുകിയെത്തി.
പെരുമ്പാവൂര്‍ പാലക്കാട്ടുതാഴത്ത് ബസ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍
മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒക്കല്‍ തുരുത്തില്‍ വെള്ളംകയറി, പലരുടേയും വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ ഒഴുകിപ്പോയി. വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അകത്തെ വീട്ടുപകരണങ്ങളും വെള്ളത്തിനടിയിലായി. ഇവിടെ നിന്നുള്ള നൂറ്റി നാല്‍പതുപേരെ ഒക്കല്‍ എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
മുടക്കുഴ ഒന്നാം വാര്‍ഡ് ഇളമ്പകപ്പിള്ളി ത്രിവേണിയില്‍ നിന്ന് പതിനഞ്ച് കുടുംബങ്ങളെ ദുരുതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൂവപ്പടി ഗവ. എല്‍.പി സ്‌കൂളിലാണ് ക്യാമ്പ്. മൂവാറ്റുപുഴ ആര്‍.ഡി.ഒ ഉല്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയിരുന്നു.
വീടുകള്‍ക്ക് പുറമെ തുരുത്തി, മുപ്പച്ചത്തി, മുടക്കുഴ, വേങ്ങൂര്‍ പാടശേഖരങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. മുടക്കുഴ വലിയ തോടും കരകവിഞ്ഞു.
കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ നൂറ്റിയിരുപത്തിയഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. തോട്ടുവ അംബേദ്കര്‍ കോളനിയില്‍ മാത്രം 27 വീടുകള്‍ വെള്ളത്തിനടിയിലായി. കുമാരപുരം കോളനിയിലും ആലാട്ടുചിറ കോളനിയില്‍ 7 വീടുകള്‍ വീതവും കുറിച്ചിലക്കോട് ഗവ. എല്‍.പി സ്‌കൂളിന് സമീപം 11 വീടുകളും വെള്ളത്തിനടിയിലാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ് അറിയിച്ചു. ചേരാനല്ലൂര്‍ മുട്ടുത്തറ ഭാഗത്ത് 10 വീടുകള്‍ വെള്ളത്തിനടിയിലുണ്ട്.
പെരുമ്പാവൂര്‍ പാത്തിപ്പാലം ഭാഗം
ഇതിനുപുറമെ റാണി, പ്രിയം റൈസ് മില്ലുകളും വെള്ളത്തിനടിയിലായി. വെള്ളത്തില്‍ വീണ മെട്രോ ക്രഷറിലെ 5 തൊഴിലാളികളെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്.
കൂവപ്പടി, കോടനാട്, കുറിച്ചിലക്കോട്, എല്‍.പി സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായും പ്രസിഡന്റ് അറിയിച്ചു. പൂപ്പാനി റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ വഴിയ്ക്കുള്ള ഗതാഗതം പൂര്‍ണ്ണമായി മുടങ്ങി.

വെള്ളം കയറിയ തടിമില്ല്‌
പെരുമ്പാവൂര്‍ നഗരസഭയില്‍ വാഴക്കുളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഗാന്ധിനഗര്‍ പാലവും കൊല്ലംകുടി, ഓള്‍ഡ് വല്ലം പാലങ്ങളും വെള്ളത്തിനടിയിലാണ്. ഇതോടെ സൗത്ത് വല്ലം റയോണ്‍പുരം നിവാസികള്‍ക്ക് പട്ടണത്തിലെത്താന്‍ വല്ലംകവലയിലൂടെ ചുറ്റിക്കറങ്ങി പോകേണ്ടി വരും.
സൗത്ത് വല്ലം മക്കാകടവില്‍ നിന്നും പത്ത് മണല്‍ വഞ്ചികള്‍ ഒഴുകിപ്പോയി. ചത്ത മൃഗങ്ങളും  ഗ്യാസ് സിലണ്ടറുകളും ഗൃഹോപകരണങ്ങളും വെള്ളത്തിലൂടെ ഒഴുകി വരുന്നത് കാണാമായിരുന്നു. ഗാന്ധി നഗര്‍, ഗ്രീന്‍ലാന്റ്, ആയത്തറ കോളനികള്‍ വെള്ളത്തിനിടിയിലാണ്. പാലക്കാട്ടുതാഴം പാലത്തിന് സമീപമുള്ള തഖ്‌വാ പള്ളിയിലും സൗത്ത് വല്ലം, ക്രാരിയേലിപ്പടി, റയോണ്‍പുരം ഭാഗത്തെ നിരവധി വ്യവസായ സ്ഥാാപനങ്ങളിലും വെള്ളം കയറി. പല മില്ലുകളില്‍ നിന്നുമുള്ള തടികളും തടി ഉല്‍പ്പന്നങ്ങളും ഒലിച്ചുപോയി. 
സൗത്ത് വല്ലത്തെ മാലിപ്പാടത്ത് ഏക്കറുകണക്കിന്  കൃഷിഭൂമിയും വെള്ളത്തിനടിയിലായി. ഇവിടെ കൃഷിചെയ്തിരുന്ന കപ്പയും വാഴയും നശിച്ചു തുടങ്ങി. കോടനാട് മംഗലത്ത് പറമ്പില്‍ രഘുവിന്റെ പശുവും മൂരിക്കിടാവും വെള്ളത്തില്‍ മുങ്ങി ചത്തു. 
ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിയ്ക്ക് വേണ്ടി സ്ഥാപിച്ച അമ്പതോളം ബലിപ്പുരകള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ഇവിടെ കെട്ടിയ പന്തല്‍ തകര്‍ന്നു വീഴുകയും ചെയ്തു. കുറിച്ചിലക്കോട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ ഭണ്ഡരവും കുത്തുങ്ങല്‍ പള്ളിയുടെ കപ്പേളയും വെള്ളത്തില്‍ മുങ്ങി. 
സാജുപോള്‍ എം.എല്‍.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്
, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടന്നത്.

മംഗളം 6.08.2013

No comments: