പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, August 7, 2013

വെള്ളം കയറിയിറങ്ങിപ്പോയി; തീരാദുരിതങ്ങള്‍ ബാക്കി

പെരുമ്പാവൂര്‍: അപ്രതീക്ഷിതമായി കയറിയിറങ്ങിപ്പോയ വെള്ളപ്പാച്ചില്‍ ഒരു പറ്റം മനുഷ്യര്‍ക്ക് സമ്മാനിച്ചത് തീരാദുരിതം.
സര്‍ക്കാര്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴും നഷ്ടങ്ങളുടെ കണക്കുകളെ പറ്റി ആര്‍ക്കും യാതൊരു രൂപവുമില്ല. വേങ്ങൂര്‍, പാണിയേലി ഭാഗങ്ങളില്‍ ഞായറാഴ്ച പാതിരാത്രിയിലാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. പലരും ഗാഢ നിദ്രയിലായിരുന്നു. കിടക്ക നനഞ്ഞപ്പോഴാണ് ചിലര്‍ വെള്ളപ്പൊക്കം അറിഞ്ഞത്. മറ്റു ചിലരെ അയല്‍വാസികള്‍ വിളിച്ചുണര്‍ത്തി. പിന്നെ ജീവനും സ്വത്തും സംരക്ഷിയ്ക്കാനുള്ള നെട്ടോട്ടമായി. ഒടുവില്‍ സ്വത്തുക്കള്‍ മുഴുവന്‍ കയ്യൊഴിഞ്ഞ് ജീവനുമായി ആളുകള്‍ പാഞ്ഞു.
1961 ലാണ് ഇത്രയും വലിയ ഒരു വെള്ളപ്പൊക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. 72-ല്‍ കാലവര്‍ഷക്കെടുതി സംഭവിച്ചെങ്കിലും ഇത്രത്തോളമുണ്ടായില്ല.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേലേത്ത് അവറാച്ചനും കുടുംബവും 81 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് വീടിനു പുറത്തേയ്ക്ക് ഓടിയത്. വീടിന്റെ അകത്ത് അരയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയ, മുറ്റത്തെ കിണറില്‍ വീഴാതെ രക്ഷാകേന്ദ്രത്തിലെത്തിയത് ഭാഗ്യം ഒന്നുകൊണ്ടു മാത്രം.
ഇതേ പഞ്ചായത്തിലെ കരിമ്പിന്‍കാല വര്‍ക്കിയുടെ കോഴിഫാമിലെ മൂവായിരത്തിയഞ്ഞൂറോളം കോഴികളാണ് വെള്ളത്തില്‍ ഒഴുകിപ്പോയത്. പലരുടേയും ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളും ഗ്യാസ് സിലിണ്ടറുകളും വെള്ളത്തിലായി. റേഷന്‍കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകള്‍ എല്ലാം പലര്‍ക്കും നഷ്ടപ്പെട്ടു.
കിണറുകളും വീടുകളും മലിനമായതാണ് ഇതില്‍ ഏറെ ഗുരുതരം. ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിച്ച് കിണറുകളൊക്കെ വറ്റിയ്‌ക്കേണ്ടി വരും. ഇപ്പോള്‍ കക്കൂസ് കുഴികളില്‍ നിന്നുള്ള മാലിന്യങ്ങളും ചത്ത മൃഗങ്ങളും വരെ കിണറുകളിലുണ്ട്. ഇത് വന്‍ പകര്‍ച്ചവ്യാധിയ്ക്ക് വഴി വച്ചേക്കാം.
പാണിയേലി സര്‍ക്കാര്‍ യു.പി.എസ്, കൊച്ചുപുരയ്ക്കല്‍കടവ് അംഗന്‍വാടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍  വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 41 വീട്ടുകാര്‍ തങ്ങുന്നുണ്ട്. ഇത് 149 പേരോളം വരും. ഇതിനു പുറമെ ക്രാരിയേലിയിലെ എട്ടു വീടുകളിലെ മുപ്പത്തിയേഴു പേരോളം ബന്ധുക്കളുടെ വീടുകളിലുണ്ട്. 
മറ്റു പഞ്ചായത്തുകളിലും നഗരസഭയിലുമായി വേറെയും ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. കാഞ്ഞിരക്കാട്, കൂവപ്പടി, കോടനാട്, ഒക്കല്‍, കുറിച്ചിലക്കോട് എല്‍.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. 
റവന്യു, കൃഷി വകുപ്പ് അധികാരികള്‍ ദുരിതമേഖലകളില്‍ ക്യാമ്പ് ചെയ്ത് കണക്കെടുത്താല്‍ മാത്രമേ യഥാര്‍ത്ഥ  നഷ്ടം കണക്കാക്കാന്‍ കഴിയുവെന്ന് ദുരിത മേഖലകള്‍ സന്ദര്‍ശിച്ച കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടുപ്പ് പറയുന്നു. വെള്ളം കയറി കുടിവെള്ളം ലഭ്യമല്ലാതായ മേഖലകളില്‍ അടിയന്തിരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിയ്ക്കണമെന്നും ഒരു മാസത്തേയ്ക്ക് സൗജന്യ റേഷന്‍ വിതരണം നടത്തണമെന്നും റെജി ഇട്ടൂപ്പ് ആവശ്യപ്പെട്ടു.
കൂവപ്പടി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍ വിജയകുമാര്‍, ജനപ്രതിനിധികളായ വി.ജി മനോജ്, റോയി വറുഗീസ്, ഫെമി എല്‍ദോസ്, എം.എം ബിനു, പി.പി കോരക്കുഞ്ഞ് എന്നിവരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

മംഗളം 7.04.2013

No comments: