കര കവിഞ്ഞ് പെരിയാര്‍
പെരുമ്പാവൂര്‍: തുടര്‍ച്ചയായ മഴയില്‍ പെരിയാര്‍ കരകവിഞ്ഞതോടെ വിശ്വാസപൂര്‍ണ്ണമായ പിതൃപൂജയ്ക്ക് ഒരുങ്ങുന്ന ഹൈന്ദവ വിശ്വസികള്‍ ആശങ്കയില്‍.
കര്‍ക്കിടക വാവു ബലിതര്‍പ്പണത്തിന് ദക്ഷിണകാശിയെന്ന പേരില്‍ പ്രസിദ്ധമായ ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് പെരിയാര്‍ തീരത്ത് ഒരുക്കിയ അമ്പതില്‍ പരം ബലിപ്പുരകള്‍ വെള്ളത്തിനടിയിലായി. പതിനഞ്ചു വര്‍ഷത്തിനിടയില്‍ ഇത്രമാത്രം വെള്ളം കയറുന്നത് ഇക്കൊല്ലമാണ്. ഇന്നലെ രാവിലെ ഭൂതത്താന്‍കെട്ട് ഡാം ഷട്ടറുകള്‍ തുറക്കുകകൂടി ചെയ്തതോടെ മണിക്കൂറുകള്‍ക്കകമാണ് നദി കര കവിഞ്ഞത്.
കിഴക്കു നിന്നും ഉത്ഭവിച്ച പെരിയാര്‍ ഇവിടെയെത്തുമ്പോള്‍ തിരിച്ച് കിഴക്കോട്ട് ഒഴുകുന്ന അപൂര്‍വ്വ പ്രതിഭാസത്തിന്റെ പേരിലാണ് ചേലാമറ്റം ക്ഷേത്രത്തിന്റെ പ്രസിദ്ധി. ചേലെഴുന്ന ഭഗവാന്റെ തിരുമുറ്റത്തെ ചേലചുറ്റിയ പോലെ ഒഴുക്കുന്നതിനാലാണ് ഇവിടം ചേലാമറ്റമായതത്രേ. അതുകൊണ്ടുതന്നെ ചേലാമറ്റത്ത് പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍ ഓരോ വര്‍ഷവും എത്തുന്നത് പതിനായിരങ്ങളാണ്.
ഇരുന്നൂറോളം പുരോഹിതരുടെ കാര്‍മ്മികത്വത്തില്‍ ഇക്കൊല്ലവും ഇവിടെ ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ക്ഷേത്രഭാരവാഹികളുടെ പ്രതീക്ഷകള്‍ക്ക് മുകളിലാണ് ജലനിരപ്പിന്റെ നില. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രാവശ്യം ഇതേ അവസ്ഥയില്‍ പെരിയാര്‍ തീരത്ത് നിന്ന് ദൂരെമാറി ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കേണ്ടി വന്നിട്ടുള്ളതായി പഴമക്കാര്‍ പറയുന്നു.
ബലിതര്‍പ്പണം നടക്കുന്നത് ഈ മാസം ആറിനാണ്. അതിന് രണ്ടു ദിവസം മുമ്പ് ഭൂതത്താന്‍കെട്ട് ഷട്ടര്‍ അടയ്ക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്കിയിട്ടുള്ളതായി ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. അങ്ങനെ ചെയ്താല്‍ വലിയ ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിച്ച് പെരിയാര്‍ തീരത്തെ വെള്ളം വറ്റിയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇനിയുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ ഇത് നടക്കാതെ വരും.
മംഗളം 3.08.2013
No comments:
Post a Comment