ചുഴലിക്കാറ്റ്
പെരുമ്പാവൂര്‍: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ പ്രളയക്കാട് മേഖലയില്‍ ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റില്‍ ഒരു വീടു തകര്‍ന്നു. കൂടാതെ വന്‍ കൃഷിനാശവും സംഭവിച്ചു.
ഇന്നലെ രാവിലെ പത്തിനാണ് അതിശക്തമായി കാറ്റ് വീശിയത്. കാറ്റില്‍ പ്രളയക്കാട് പെരുവിള ഡി.രാജന്റെ വീട്ടിലേക്ക് മഹാഗണി മറിഞ്ഞു. ഓടു മേഞ്ഞ വീട് നിശേഷം തകര്‍ന്നു.
തേക്കാനം കുര്യാക്കോസിന്റെ പുരയിടത്തിലെ റബറും ആഞ്ഞിലിയും മറിഞ്ഞുവീണത് 11 കെ.വി ലൈനിലേക്കാണ്. ഇതേ തുടര്‍ന്ന് തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ എല്ലാം മറിഞ്ഞു. വൈദ്യുതി ബന്ധം താറുമാറായി. തൊട്ടടുത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ കെട്ടിയ കൂടാരത്തിലേയ്ക്കാണ് വൈദ്യുതിക്കമ്പികള്‍ പൊട്ടിവീണത്. അവിടെയുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കാരിക്കുടി വൈ വറുഗീസിന്റെ ജാതി മരങ്ങളും എടക്കരവീട്ടില്‍ ബെന്നിയുടെ തേക്കും കാറ്റില്‍ മറിഞ്ഞു. തൃത്താമ്പിള്ളില്‍ ഗോപിയുടെ കുലച്ച 75 ഏത്തവാഴകളാണ് നശിച്ചത്. പുളിയേലി രാജന്റേയും ഗോപിയുടേയും വാഴകളും നശിച്ചു.
കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വാര്‍ഡ് മെമ്പറും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ സോജന്‍ പൗലോസ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കരം തീര്‍ത്ത രസീതും ബാങ്ക് പാസ് ബുക്കിന്റെ കോപ്പിയുമായി നഷ്ടമുണ്ടായവര്‍ കൃഷി ഓഫീസറുമായി ബന്ധപ്പെടണമെന്നും വാര്‍ഡ് മെമ്പര്‍ അറിയിച്ചു.
മംഗളം 1.08.2013
No comments:
Post a Comment