ആര്‍.എസ്.എസ് ആധിപത്യം
പെരുമ്പാവൂര്‍: ബി.ജെ.പി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഉത്തരവാദപ്പെട്ട നേതാക്കളെ മാറ്റി നിര്‍ത്തി. ആര്‍.എസ്.എസ് അധീശത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗം ഉള്‍പ്പടെയുള്ള നേതാക്കള്‍ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചു.
കഴിഞ്ഞദിവസം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നാണ് സംസ്ഥാന നേതാവായ അഡ്വ.കെ.ആര്‍ രാജഗോപാല്‍, ജില്ലാ സെക്രട്ടറി കെ.അജിത് കുമാര്‍, ജില്ലാ കമ്മിറ്റി അംഗം എസ്.ജി ബാബുകുമാര്‍, നിയോജക മണ്ഡലം കണ്‍വീനര്‍ ഒ.സി അശോകന്‍, ജോയിന്റ് കണ്‍വീനര്‍ കെ.കെ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയത്.
നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷത വഹിക്കേണ്ടത് ചട്ടപ്രകാരം കണ്‍വീനറായ ഒ.സി അശോകനാണ്. എന്നാല്‍ മുന്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയായ ഒ.സി അശോകനും മറ്റു ബി.ജെ.പി നേതാക്കള്‍ക്കും വേദിയില്‍ ഇരിപ്പടം പോലും അനുവദിക്കാത്തതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ബി.ജെ.പി സീറ്റില്‍ ജയിച്ച പെരുമ്പാവൂര്‍ നഗരസഭ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, മുടക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ജി രാജന്‍ തുടങ്ങിയവര്‍ക്കും ആര്‍.എസ്.എസ് അനുഭാവികളായ ചിലര്‍ക്കുമാണ് വേദിയില്‍ ഇരിയ്ക്കാന്‍ അനുമതി ലഭിച്ചത്.
എന്നാല്‍, നിയോജകമണ്ഡലത്തില്‍ നിലവില്‍ ബി.ജെ.പിയ്ക്ക് കമ്മിറ്റിയില്ലെന്നും ഒ.സി അശോകന് കണ്‍വീനര്‍ എന്ന നിലയിലുള്ള താത്കാലിക ചുമതല മാത്രമാണ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കെ.റാം പറയുന്നു. അതുകൊണ്ട് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.കെ രാജനാണ് അദ്ധ്യക്ഷത വഹിച്ചത്. അഡ്വ.രാജഗോപാലിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് മറ്റു ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകുമെന്നും പ്രകാശ് റാം പറഞ്ഞു.
മോഡി തരംഗം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ സംഘം സജീവമായി ഇടപെടുന്നുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ അഡ്വ.സതീഷ് കുമാര്‍ പറയുന്നു. ആരേയും അതിനായി മാറ്റി നിര്‍ത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് ഇത്തവണ നടന്നത്. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയത് പത്തില്‍ താഴെയുള്ളവരാണ്. അതേസമയം, പുതിയ നേതൃനിര സജീവമായി പ്രവര്‍ത്തനരംഗത്തിറങ്ങിയിട്ടുള്ളതായും ആര്‍.എസ്.എസ് പക്ഷം അവകാശപ്പെടുന്നു.
എന്തായാലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച 501 അംഗ കമ്മിറ്റിയില്‍ ആര്‍.എസ്.എസ് വിഭാഗത്തിനാണ് മുന്‍കൈ. വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ അഡ്വ.സതീഷ് കുമാര്‍, അഭിലാഷ് എന്‍.എം, സന്ദീപ് തുടങ്ങിയവരൊക്കെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും നേതാക്കളുമാണ്.
കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച ബി.ജെ.പി നേതാക്കള്‍ പിന്നീട് പാര്‍ട്ടി ഓഫീസില്‍ യോഗം ചേര്‍ന്നു. അതിനിടെ നേതാക്കളേയും പ്രവര്‍ത്തകരേയും അനുനയിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ജി ഗോപാലകൃഷ്ണന്‍ പാര്‍ട്ടി ഓഫീസിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള വടംവലി നാളുകളായുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ബി.ജെ.പി ഓഫീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രത്യേകം താഴിട്ട് പൂട്ടിയത്. ഒരു സ്ത്രീക്കും കുടുംബത്തിനും പാര്‍ട്ടി ഓഫീസില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അന്നത്തെ നിയോജക മണ്ഡലം പ്രസിഡന്റ് ഗോവിന്ദന്‍കുട്ടിയെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഈ സംഭവങ്ങളെ തുടര്‍ന്നാണ് ഗോവിന്ദന്‍ കുട്ടിയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നതും ഒ.സി അശോകന്‍ കണ്‍വീനറായി ചുമതലയേറ്റതും. ഒ.സി അശോകനേയും അംഗീകരിക്കില്ലെന്നതാണ് സംഘത്തിന്റെ നിലപാട് എന്നറിയുന്നു.
മാതൃസംഘടന എന്ന നിലയില്‍ സംഘത്തിന് നല്‍കുന്ന ആദരവ് ചിലര്‍ മുതലെടുക്കുകയാണെന്ന് ബി.ജെ.പി വക്താക്കള്‍ പറയുന്നു. ആര്‍.എസ്.എസ് അധീശത്വത്തിന് അറുതിയാവുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കാനാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്.
മംഗളം 18.03.2014