സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി
പെരുമ്പാവൂര്‍: രണ്ടു കോളജ് വിദ്യാര്‍ത്ഥികളുടെ ജീവഹാനിയെ തുടര്‍ന്ന് അടച്ച പാണിയേലി പോര് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.
കഴിഞ്ഞ പതിമൂന്നിന് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടു ബിരുദ വിദ്യാര്‍ത്ഥികളാണ് പെരിയാറ്റിലെ പോരില്‍ കാല്‍വഴുതി വീണ് മരിച്ചത്. അതേ തുടര്‍ന്ന്, പെരിയാറിന്റെ വന്യസൗന്ദര്യമുള്ള ഈ പ്രദേശത്തേക്കുള്ള സന്ദര്‍ശകര്‍ക്ക് മലയാറ്റൂര്‍ ഡി.എഫ്.ഒ സുനില്‍ പാമിടി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
പുറമെ നിന്ന് നോക്കിയാല്‍ ആഴം തോന്നാത്ത പാണിയേലി പോരില്‍ ഇതിനോടകം 93 പേര് മരിച്ചിട്ടുണ്ട്. കുളിക്കാനിറങ്ങുകയോ പുഴയില്‍ അറിയാതെ വീഴുകയോ ചെയ്താല്‍ ചുഴിയിലോ പാറയിടുക്കിലോ കുടുങ്ങിയാണ് ഇവിടെ മരണം സംഭവിക്കുന്നത്.
എന്നാല്‍, 2006 ല്‍ വനസംരക്ഷണ സമിതി രൂപീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. സമിതി രൂപീകരണത്തിന് ശേഷം എട്ടു വര്‍ഷത്തിനിടയില്‍ നാലുമരണങ്ങള്‍ മാത്രമാണ് നടന്നത്. സാജുപോള്‍ എം.എല്‍.എയുടെ ശ്രമഫലമായി പോരില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ചവര്‍ക്ക് മാത്രമാണ് പിന്നീട് ഇവിടെ മരണം സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ഉള്‍പ്പടെയുള്ള ജന പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. വനം വകുപ്പ് മന്ത്രിയുമായി ഇവര്‍ ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന്, ഇന്നലെ വനംവകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
സന്ദര്‍ശന സമയം വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തുക, അതിനു ശേഷവും തങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, സന്ദര്‍ശകര്‍ മദ്യം കൊണ്ടുവരുന്നത് കര്‍ശനമായി തടയുക, പോലീസിന്റേയും വനപാലകരുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്തുക, കൂടുതല്‍ ഗാര്‍ഡുമാരെ നിയമിക്കുക, ജനപ്രതിനിധികള്‍ മിന്നല്‍ പരിശോധന നടത്തുക തുടങ്ങിയ തീരുമാനങ്ങളും ഇന്നലെ ചേര്‍ന്ന യോഗം കൈക്കൊണ്ടു.
ചര്‍ച്ചയില്‍ സാജുപോള്‍ എം.എല്‍.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി വാസു, ജനപ്രതിനിധികളായ റോയി വറുഗീസ്, ജെസി പൗലോസ്, ഫെമി എല്‍ദോസ്, എം.എം ബിനു, വത്സ ദിവാകരന്, പി.പി കോരക്കുഞ്ഞ്, ബൈജു പോള്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജെ കുര്യാക്കോസ്, കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എന്‍ ഉണ്ണികൃഷ്ണന് നായര്‍, പെരുമ്പാവൂര്‍ എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ പി ഇ ഷൈബു, വനസംരക്ഷണ സമിതി പ്രസിഡന്റ് ബെന്നി മാനാങ്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.
മംഗളം 19.03.2014
No comments:
Post a Comment