Tuesday, March 18, 2014

പാണിയേലി പോരില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം; മരണം തൊണ്ണൂറ്റിമൂന്നായി

പെരുമ്പാവൂര്‍: തൊണ്ണൂറ്റി മൂന്നു പേരുടെ ജീവന്‍ കവര്‍ന്ന പാണിയേലി പോരില്‍ ഇനി സന്ദര്‍ശകര്‍ക്ക് വിലക്ക്. കോളജ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് ഇന്നലെയുണ്ടായ ജീവഹാനിയെ തുടര്‍ന്നാണ് ഇത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേയ്ക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് വനം വകുപ്പിന്റെ അറിയിപ്പ്.
അതേസമയം, പെരിയാറിന്റെ സൗന്ദര്യം ഏറെയുള്ള പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം തടയുന്നത് ശരിയല്ലെന്നും പകരം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി അപകടങ്ങള്‍ തടയുകയാണ് വേണ്ടെതെന്നും സ്ഥലവാസിയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ റെജി ഇട്ടൂപ്പ് മംഗളത്തോട് പറഞ്ഞു.
വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിബന്ധനകള്‍ മറികടന്ന് പെരിയാറിന്റെ മായിക സൗന്ദര്യത്തിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ മുങ്ങി മരിച്ചത്. പുറമെ നിന്ന് നോക്കുമ്പോള്‍ ശാന്തമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴമുള്ള ചുഴികളും പാറയിടുക്കുകളുമാണ് പോരില്‍ അപകടം വരുത്തിവയ്ക്കുന്നത്. പുഴ പരിചയമുള്ള പ്രദേശവാസികള്‍ക്ക് പോലും ഇവിടെ വീണാല്‍ തിരിച്ചുകയറാന്‍ സാദ്ധ്യമല്ല.
ദൂരെ നിന്ന് എത്തുന്നവര്‍ പുഴയില്‍ ഇറങ്ങുന്നതും മരണം സംഭവിക്കുന്നതും ഇവിടെ പതിവായിരുന്നു. 2006-ലാണ് ഇവിടെ വനസംരക്ഷണ സമിതി രൂപീകരിക്കുന്നത്. അതേ തുടര്‍ന്ന് പുഴയോരത്ത് മുന്നറിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. വനസംരക്ഷണ സമിതി പ്രവര്‍ത്തകരായ ഗൈഡുകള്‍ വിനോദയാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇവിടുണ്ടാകും. മദ്യപിച്ച് പുഴയില്‍ ഇറങ്ങാന്‍ ആരേയും അനുവദിക്കില്ല. അപകടമേഖലയിലേക്ക് ആരും പോകാതെ ശ്രദ്ധിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥലം എം.എല്‍എയും പ്രദേശവാസിയുമായ സാജുപോളും പ്രത്യേക താത്പര്യമെടുത്തിരുന്നു.
അതുകൊണ്ടു തന്നെ പാണിയേലി പോരിലെ അപകടമരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി വനസംരക്ഷണ സമിതി പ്രസിഡന്റ് എം.ജി ബെന്നി പറയുന്നു. 2006 വരെ ഇവിടെ 89 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, വനസംരക്ഷണ സമിതിയുടെ വരവോടെ മരണനിരക്ക് താണു. 2011-ലും 2013-ലുമാണ് ഇതിനു മുമ്പ് ഇവിടെ മരണം നടന്നത്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്, കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടന്നതിനാലാണ് ഇന്നലെയുണ്ടായ അപകടമെന്നും ബെന്നി പറയുന്നു.

മംഗളം 14.03.2014

No comments: