Tuesday, March 18, 2014

തെരഞ്ഞെടുപ്പ് മുന്നണികള്‍ പോരിന് ഒരുങ്ങി; ചുവരെഴുത്തു തുടങ്ങി

പെരുമ്പാവൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടി തീരുമാനിയ്ക്കപ്പെട്ടതോടെ ഇരുമുന്നണികളും പോരിന് സജ്ജമായി. ചുമരെഴുത്ത് ഉള്‍പ്പെടെയുള്ള പ്രചരണ പരപിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
സിറ്റിംഗ് എം.പി കെ.പി ധനപാലന്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് മാറി, പി.സി ചാക്കോ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായതോടെയാണ് യു.ഡി.എഫിലെ അനിശ്ചിതത്വത്തിന് അറുതിയായത്. ജനപിന്തുണ ഏറെ നേടിയ ധനപാലന്‍ തന്നെ ചാലക്കുടിയില്‍ ഒരുവട്ടം കൂടി അങ്കത്തിനിറങ്ങുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ പാര്‍ലമെന്റിലെ നൂറില്‍ നൂറ് ഹാജറും വികസന നേട്ടങ്ങളും രേഖപ്പെടുത്തിയ കെ.പി ധനപാലന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തിലുടനീളം ഉയര്‍ന്നിരുന്നു. വികസന സ്തംഭനമുണ്ടാക്കിയ ധനപാലനെതിരെ എല്‍.ഡി.എഫ് ധര്‍ണ്ണകള്‍ സംഘടിപ്പിച്ച് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സ്ഥാനാര്‍ത്ഥി മാറ്റം. 
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്രതാരം ഇന്നസെന്റിനെ നേരെത്തെ നിശ്ചയിച്ചതിനാല്‍ ഇടതു ക്യാമ്പിന്റെ പ്രചരണ പരിപാടികള്‍ ഒരുപടി മുന്നിലായി. ഇന്നസെന്റ് ഒരുവട്ടം പട്ടണത്തിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു മടങ്ങി. ഇന്ന് വോട്ടര്‍മാരെ കാണാന്‍ താരം പൊതു നിരത്തുകളില്‍ ഇറങ്ങും. 
വരുന്ന 17 ന് ഫാസ് ഓഡിറ്റോറിയത്തില്‍ എല്‍.ഡി.എഫിന്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷ.ന്‍ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി ഇന്നസെന്റ് പങ്കെടുക്കും. തുടര്‍ന്ന് 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ വിവിധ ലോക്കല്‍ സമ്മേളനങ്ങളും നടക്കും. 
ഏത് കോണ്‍ഗ്രസുകാരന്‍ നിന്നാലും ചാലക്കുടിയില്‍ വിജയം ഉറപ്പാണെന്ന് തൃശൂരിലേക്ക് മണ്ഡലത്തിലേക്ക് മാറിയ കെ.പി ധനപാലന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. പി.സി ചാക്കോ ചാലക്കുടി നിയോജകമണ്ഡലത്തിന് അപരിചിതനല്ല എന്നതിലുപരി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമാണ്. അതുകൊണ്ടുതന്നെ ഐക്യജനാധിപത്യ മുന്നണിയുടെ പാളയം ഏറെ ശുഭാപ്തി വിശ്വാസത്തിലാണ്.
ഇന്നലെ പട്ടണത്തിലെ പ്രവര്‍ത്തകരെ കാണാന്‍ പി.സി ചാക്കോ എത്തിയിരുന്നു. തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് ഇറങ്ങും.
മോഡി തരംഗം പ്രതീക്ഷിച്ച് ബി.ജെ.പിയും കജ്‌രീവാള്‍ തരംഗം വോട്ടാക്കിമാറ്റാന്‍ ആം ആദ്മി പാര്‍ട്ടിയും ഇക്കുറി രംഗത്തുണ്ട്. ഇനിയുള്ള നാളുകള്‍ മത്സരാവേശത്തിന്റേയായിരിക്കുമെന്നതിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

മംഗളം 15.03.2014

No comments: