പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Wednesday, March 26, 2014

മുഖ്യധാര കക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച ഗുണം ചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

പെരുമ്പാവൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യധാര കക്ഷികളുടെ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ വീഴ്ച തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ അംബുജാക്ഷന്‍. 
ഐക്യ ജനാധിപത്യ മുന്നണിയും ഇടതു മുന്നണിയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ ജനവികാരം കണക്കിലെടുത്തതേയില്ല. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് മുമ്പേതന്നെ ബോധ്യപ്പെടുത്തിയ പി.സി ചാക്കോയേയും രാഷ്ട്രീയത്തിലോ സാമൂഹ്യ പ്രവര്‍ത്തനത്തിലൊ യാതൊരു അനുഭവ പാരമ്പര്യവുമില്ലാത്ത ഇന്നസെന്റിനേയും വോട്ടര്‍മാര്‍ തള്ളിക്കളയുമ്പോള്‍ സ്വാഭാവികമായും നിരവധി ജനകീയ  പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന തന്റെ പാര്‍ട്ടിയേയും തന്നേയും ഇക്കുറി വോട്ടര്‍മാര്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായി കെ അംബുജാക്ഷന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇടതു, വലതു മുന്നണികള്‍ തമ്മില്‍ ഇപ്പോള്‍ അകലം ഏറെ കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയ ശാസ്ത്രപരമോ, രാഷ്ട്രീയമോ, മൂല്യാധിഷ്ഠിതമോ ആയ വിത്യാസങ്ങളൊന്നും ഇപ്പോള്‍ ഇരുമുന്നണികളും തമ്മില്‍ ഇല്ല. അതുകൊണ്ടു തന്നെ രണ്ടു കൂട്ടരിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഈ സമയം വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ബദലുകളിലാണ് ജനം വിശ്വാസമര്‍പ്പിക്കുന്നത്. അതിന്റെ തെളിവാണ് ഡല്‍ഹിയില്‍ അടുത്തയിടെ ഉണ്ടായ തെരഞ്ഞെടുപ്പുഫലം.
ഡല്‍ഹിയിലെ ജനം മാറി ചിന്തിച്ചുവെങ്കില്‍ പ്രബുദ്ധ കേരളത്തിലെ ജനത ബുദ്ധിപരമായ തീരുമാനം കൈകൊള്ളുമെന്ന് വിശ്വസിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. സമൂല മദ്യ നിരോധനത്തിനുവേണ്ടിയും സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടിയും ഭൂരഹിതര്‍ക്കുവേണ്ടിയും കരിനിയമങ്ങള്‍ക്കെതിരേയും രംഗത്തുവന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അനുകൂലമായി ഇത്തവണ ജനം വോട്ടു ചെയ്യുമെന്നും കെ അംബുജാക്ഷന്‍ പറഞ്ഞു.
ചീഫ് ഇലക്ഷന്‍ ഏജന്റ് സമദ് നെടുമ്പാശ്ശേരി, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ഖാലിദ് മുണ്ടപ്പിള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതി വാസ്, കെ.എ സിദ്ദിഖ്, മണ്ഡലം പ്രസിഡന്റ് തോമസ് കെ ജോര്‍ജ്, സെക്രട്ടറി കുഞ്ഞുമുഹമ്മദ്, മീഡിയ കണ്‍വീനര്‍ ഇര്‍ഫാന്‍ പുലവത്ത്, എം.എം നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 24.03.2014


No comments: