പെരുമ്പാവൂര്‍: കൂലികുടിശിഖ അഞ്ചുമാസത്തോളമായതിനെതുടര്ന്ന് തൊഴിലുറപ്പു തൊഴിലാളികള്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസ് വീണ്ടും ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ട പഞ്ചായത്ത് ഭരണസമിതി യോഗം മുടങ്ങി.
പഞ്ചായത്തിലെ രണ്ടായിരത്തിയഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഒന്നരകോടി രൂപയോളമാണ് കൂലിയിനത്തില്‍ ലഭിക്കാനുള്ളത്. ഇതേ ആവശ്യം ഉന്നയിച്ച് ജനുവരി 21 ന് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ കൂലി നല്‍കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് അന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. എന്നാല്‍ വാഗ്ദാനം ലംഘിക്കപ്പെട്ടു. അതേ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഉപരോധ സമരം നടന്നത്.
രാവിലെ 10 ന് തുടങ്ങിയ സമരം ഉച്ചകഴിഞ്ഞ് 2 വരെ നീണ്ടു. സമരക്കാര്‍ പിരിയാത്തതിനാല്‍ രാവിലെ പഞ്ചായത്ത് ഓഫീസിനുള്ളിലകപ്പെട്ട പ്രസിഡന്റ് എം.എം അവറാന് പുറത്തേക്കിറങ്ങാനായില്ല. വനിതാ പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്തിരിയാന് തയ്യാറായില്ല. ഒടുവില്‍ പത്തുദിവസത്തിനകം കൂലി നല്‍കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇനിയും വാഗ്ദാന ലംഘനമുണ്ടായാല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
ഉപരോധ സമരം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അന്‍വര്‍ അലി, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്, പി.എം സലിം, എം.പി സുരേഷ്, കെ.വി ഗോപാലകൃഷ്ണന്, അന്നമ്മ ജോര്‍ജ്, കെ.വി പത്രോസ്, അജിത ഷാജി, സുജമോള്‍, കെ.വി വാസുദേവന്‍, ജുബൈരിയ ഐസക് എന്നിവര്‍ പ്രസംഗിച്ചു.
മംഗളം 24.03.2014(പടമുണ്ട്)
No comments:
Post a Comment